HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇന്നത്തെ(22-January-2022) പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

 പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ 

2022 | ജനുവരി 22 | ശനി | 1197 |  മകരം 8 | പൂരം


 ഹൈക്കോടതി വിലക്കി, സിപിഎം കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കി. അമ്പതു പേരില്‍ കൂടുതലുള്ള എല്ലാ പൊതുയോഗങ്ങളും ഹൈക്കോടതി വിലക്കി. ഇടക്കാല ഉത്തരവിലൂടെയുള്ള വിലക്ക് ഒരാഴ്ചത്തേക്കാണ്. സിപിഎം കാസര്‍കോട്ട് ജില്ലാ സമ്മേളനം ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചു. തൃശൂരിലെ സമ്മേളനം ഇന്നുച്ചയോടെ അവസാനിപ്പിക്കും.  ഞായറാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഇന്നു വൈകീട്ട് സമ്മേളനം അവസാനിപ്പിക്കാനിരുന്നതാണ്. കാസര്‍കോട് കളക്ടര്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയെങ്കിലും പിന്നീട് ഉത്തരവ് പിന്‍വലിച്ചത് വിവാദമായിരുന്നു.


സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സമ്പൂര്‍ണ അടച്ചില്‍ ഇല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ശാസ്ത്രീയ നയമാണ് കേരളം നടപ്പാക്കുന്നത്. വ്യാപാര, ഗതാഗത മേഖല അടക്കം സമൂഹത്തെ മൊത്തത്തില്‍ ബാധിക്കുമെന്നതിനാലാണ് അടച്ചിടല്‍ ഒഴിവാക്കുന്നത്. കേരളത്തില്‍ എല്ലാ വിഭാഗങ്ങളിലുമായി അഞ്ചു കോടിയിലധികം ഡോസ് വാക്സിനേഷന്‍ നല്‍കി. 83 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് നല്‍കി. കരുതല്‍ ഡോസിന് അര്‍ഹതയുള്ള 33 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കി. 15 നും 17 നും ഇടയ്ക്കു പ്രായമുള്ള 61 ശതമാനം പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്. മന്ത്രി അറിയിച്ചു.

നാളെ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍. പോലീസ് തെരുവിലിറങ്ങി പരിശോധന നടത്തും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത്യാവശ്യ റൂട്ടുകളില്‍ ബസ് സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി.

അഭ്യന്തര വിമാനയാത്രകളില്‍ ഇനി ഒറ്റ ഹാന്‍ഡ് ബാഗ് മാത്രം. വിമാനത്താവളത്തിലേയും വിമാനത്തിലേയും തിരക്കും സുരക്ഷാ ഭീഷണിയും കുറയ്ക്കാനാണ് ഈ നിയന്ത്രണം. സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

സിപിഎമ്മിനെ കേള്‍ക്കാതെയാണ് കോടതി ഉത്തരവു പുറപ്പെടുവിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോടതി ഉത്തരവ് പാലിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഹൈക്കോടതി വിധി സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്നും സാമാന്യ യുക്തിയുള്ള ആര്‍ക്കും ഹൈക്കോടതി പറഞ്ഞതു മനസിലാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സിപിഎം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ കൊലയ്ക്കു കൊടുക്കുകയാണ്.  സമ്മേളനങ്ങള്‍ നടന്നില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന വാരാന്ത്യ കര്‍ഫ്യൂ നീക്കം ചെയ്തു. അതേസമയം രാത്രി പത്ത് മുതല്‍ രാവിലെ അഞ്ചു മണി വരെയുള്ള നിയന്ത്രണങ്ങള്‍ തുടരും. തമിഴ്നാട്ടിലും ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ കൊവിഡ് നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി സിപിഎം ജനങ്ങളെ കൊലയ്ക്കു കൊടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സമ്മേളനം വിജയിപ്പിക്കാന്‍ ജനങ്ങളുടെ ജീവന്‍ പന്താടുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

കോവിഡ് മൂന്നാം തരംഗത്തില്‍ ദുരിതം നേരിടുന്നവരെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളും പ്രവര്‍ത്തകരും ബഹുജന സംഘടനകളും സജീവമാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആഹ്വാനം ചെയ്തു.

പിറകിലെ ഭാഗം ഉയര്‍ത്തി ടിപ്പര്‍ ലോറി ഓടിച്ച് കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യമാറകളും തകര്‍ത്തു. നിര്‍മാണ കമ്പനിയുടെ ഉപകരാര്‍ ഏറ്റെടുത്ത കമ്പനിയുടെ ലോറി മണിക്കൂറിനകം പിടികൂടുകയും ചെയ്തു. 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകള്‍, പാനലുകള്‍ പത്ത് സുരക്ഷാ ക്യാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ തകര്‍ന്നു. കുതിരാന്‍ ഒന്നാം തുരങ്കത്തില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ലോറി ബക്കറ്റ് ഉയര്‍ത്തിവച്ച് തുരങ്കത്തിലൂടെ കടന്നുപോയതാണു കാരണം. പത്തുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.

കുതിരാനിലെ രണ്ടാം തുരങ്കവും തുറന്നെങ്കിലും ടോള്‍ പിരിവ് ഉടനേ ആരംഭിക്കില്ല. പണി പൂര്‍ത്തിയാകാത്തതിനാല്‍ ദേശീയപാത അതോറിറ്റി കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ഇതു നല്‍കാതെ ടോള്‍ പിരിവ് സാധ്യമല്ല. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിനു ദേശീയപാത അതോറിറ്റി നല്‍കിയ വിവരാവകാശ രേഖയിലാണ് ഈ വിവരം. ദേശീയപാത രണ്ടര കിലോമീറ്റര്‍, സര്‍വീസ് റോഡ് ആറു കിലോമീറ്റര്‍, എട്ടു കിലോമീറ്റര്‍ കാന, എട്ടു കള്‍വര്‍ട്ടുകള്‍ വീതികൂട്ടല്‍, 12 ബസ് ഷെല്‍ട്ടറുകള്‍, എട്ടു ജംഗ്ഷനുകളുടെ വികസനം എന്നീ പണികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു.

ലുലു ഗ്രൂപ്പിന്റെ സമുദ്രോത്പന്ന കയറ്റുമതി കേന്ദ്രം ഏപ്രിലില്‍ അരൂരില്‍ പ്രവര്‍ത്തനം തുടങ്ങും.  150 കോടി രൂപ മുതല്‍ മുടക്കില്‍ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയാണ് ലുലുവിന്റെ അത്യാധുനിക കേന്ദ്രം പ്രവര്‍ത്തന സജ്ജമാകുന്നത്.

കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയിലേക്ക്. കൊവിഡ് വ്യാപനം അതിശക്തമായിരിക്കേ, ഫെബ്രുവരി ഒന്നു വരെയാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎമ്മിനാണ് പകരം ചുമതല.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. സ്പെഷല്‍ സിറ്റിംഗ് നടത്തിയാണ് കേസ് പരിഗണിക്കുക.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റിയെ മര്‍ദ്ദിച്ച സംഭവത്തില്‍ മന്ത്രി എംവി ഗോവിന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ അടക്കമുള്ളവര്‍ക്കെതിരെ വധ ശ്രമത്തിനു കേസെടുത്തു. കണ്ണൂരില്‍  കെ റെയില്‍ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു മര്‍ദനം.

ട്യൂഷനു പോകുകയായിരുന്ന പതിനഞ്ചുകാരിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ  സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കോട് മൂഴിക്കല്‍ റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവര്‍ മൂഴിക്കല്‍ ചേന്നംകണ്ടിയില്‍ ഷമീര്‍ (34) ആണ് പിടിയിലായത്.

ബി.ഐ.എസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് ഇല്ലാത്ത കളിപ്പാട്ടങ്ങള്‍ വിറ്റതിനെത്തുടര്‍ന്ന് കളിപ്പാട്ട വ്യാപാരശാലയില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ റെയ്ഡ്. നിലവാരമില്ലാത്ത കളിപ്പാട്ടങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു.

സിനിമാ രംഗത്തുള്ള സ്ത്രീകളുടെ ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമഗ്രനിയമനിര്‍മാണം വേണമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങള്‍ നിയമമന്ത്രി പി രാജീവിനോട് ആവശ്യപ്പെട്ടു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് മൂന്നംഗസമിതി പഠിച്ചുവരികയാണെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകൂടി കിട്ടിയശേഷം സമഗ്രനിയമനിര്‍മാണം ആലോചിക്കാമെന്നും മന്ത്രി അറിയിച്ചു. നിയമനിര്‍മ്മാണത്തിനു് മുമ്പ് തങ്ങളെ കേള്‍ക്കണമെന്ന് ഡബ്ല്യുസിസി അംഗങ്ങള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

അമര്‍ ജവാന്‍ ജ്യോതി ഓര്‍മയായി. ആ ജ്യോതി ദേശീയയുദ്ധ സ്മാരകത്തിലെ കെടാവിളക്കിനോടു ചേര്‍ത്തു. യുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച എല്ലാ സൈനികരുടെയും പേരു കൊത്തി വച്ച ദേശീയ യുദ്ധസ്മാരകത്തിലായതിനാലാണ് അങ്ങോട്ട് ജ്യോതി മാറ്റിയതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.

പ്രശസ്തരായ ലോക നേതാക്കളുടെ പട്ടികയില്‍ 71 ശതമാനം അപ്രൂവല്‍ റേറ്റിംഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത്. 13 ലോക നേതാക്കള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 43 ശതമാനം റേറ്റിംഗുമായി ആറാം സ്ഥാനത്താണ്.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി താന്‍തന്നെയാകുമെന്ന സൂചന നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രകടന പത്രിക പുറത്തിറക്കിയ വാര്‍ത്താസമ്മേളനത്തിലാണ് ഈ സൂചന നല്‍കിയത്. മുഖ്യമന്ത്രി ആരെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോണ്‍ഗ്രസില്‍ നിങ്ങള്‍ വേറെ ആരുടേയെങ്കിലും മുഖം കാണുന്നുണ്ടോയെന്ന മറുചോദ്യമാണ് പ്രിയങ്ക ഉന്നയിച്ചത്.

ബോംബെ ഹൈക്കോടതി ജഡ്ജിയുടെ ചേംബറില്‍ പാമ്പ്. ജസ്റ്റീസ് എന്‍.ആര്‍. ബോര്‍കറിന്റെ ചേംബറില്‍നിന്നാണ് പാമ്പിനെ പിടികൂടിയത്.

സുപ്രീം കോടതിക്കു മുന്നില്‍ നോയിഡ സ്വദേശി തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചു. രാജ്ബാര്‍ ഗുപ്ത എന്നയാളാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

മഹാത്മാഗാന്ധിയെ അപഹസിച്ച ആള്‍ദൈവം കാളിചരണ്‍ മഹാരാജ് റിമാന്‍ഡില്‍. താനെ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇയാളെ 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തത്. സമാനമായ കേസില്‍ റായ്പൂരിലെ ജയിലില്‍ കഴിയവേയാണ് താനെ കോടതി ശിക്ഷ വിധിച്ചത്.

ഗോവ മുന്‍മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കര്‍ ബിജെപിയില്‍നിന്നു രാജിവച്ചു. പനാജി നിയമസഭാ സീറ്റില്‍ മല്‍സരിക്കാന്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണു രാജി. സ്വതന്ത്രനായി മല്‍സരിക്കുമെന്ന് ഉത്പല്‍ അറിയിച്ചു.

മദ്യനിരോധനം നിലവിലുള്ള ബിഹാറില്‍ വ്യാജമദ്യം കഴിച്ച് അഞ്ചു പേര്‍ മരിച്ചു. നളന്ദ ഗ്രാമത്തില്‍ കഴിഞ്ഞയാഴ്ച മദ്യദുരന്തത്തില്‍ 11 പേര്‍ മരിച്ചിരുന്നു. ഇപ്പോള്‍ നാലു ഗ്രാമങ്ങളിലായാണു മദ്യദുരന്തമുണ്ടായത്. 2016 മുതല്‍ ബിഹാറില്‍ മദ്യനിരോധനമുണ്ട്.

വീട്ടു ജോലിക്കു നിര്‍ബന്ധിച്ച ഹോസ്റ്റല്‍ വാര്‍ഡനെതിരെ ആരോപണമുന്നയിച്ച് വീഡിയോ പോസ്റ്റുചെയ്ത ശേഷം പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂരിലെ തിരുക്കാട്ടുപള്ളിയിലാണ് സംഭവം.

പ്രായപൂര്‍ത്തിയാകാത്ത വളര്‍ത്തുമകളെ പീഡിപ്പിച്ചെന്ന കേസില്‍ പദ്മശ്രീ ജേതാവ് ഉദ്ധവ് കുമാര്‍ ഭരാലി അറസ്റ്റിലായി. പോക്സോ കേസില്‍ ഗോഹട്ടി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയാണ് അറസ്റ്റിലാക്കിയത്.

കൊവിഡിനെ അതിജീവിച്ച് ഇന്ത്യയുടെ സേവന കയറ്റുമതി 17,800 കോടി ഡോളര്‍ കടന്നു. സേവന മേഖലയില്‍ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് കയറ്റുമതി കൈവരിച്ചതിന് ബിപിഒ ഉള്‍പ്പെടെയുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എനേബിള്‍ഡ് സര്‍വീസസ് വ്യവസായത്തെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അഭിനന്ദിച്ചു.

ഇന്ത്യക്കെതിരേ വ്യാജവാര്‍ത്തകള്‍ പ്രചിപ്പിച്ചിരുന്ന പാക്കിസ്ഥാനില്‍നിന്നുള്ള 35 യുട്യൂബ് ചാനലുകളും രണ്ടു വെബ് സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു.

അമേരിക്കയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാന്‍ ശ്രമിക്കവേ കാനഡ അതിര്‍ത്തിയില്‍ കുഞ്ഞ് ഉള്‍പ്പെടെ കുടുംബത്തിലെ നാലു പേര്‍ തണുത്തു മരവിച്ചു മരിച്ചു. മഞ്ഞില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

ദുബൈ ഗ്ലോബല്‍ വില്ലേജ് താത്കാലികമായി അടച്ചു. ശക്തമായ കാറ്റിനുള്ള സാധ്യത പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് അടച്ചിട്ടത്.

ഇന്ത്യക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്. പാളില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 48.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ആദ്യ രണ്ട് ഏകദിനവും ജയിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ നിലവിലെ ചാംപ്യന്‍ നവോമി ഒസാക മൂന്നാം റൗണ്ടില്‍ പുറത്ത്. അമേരിക്കയുടെ അമാന്‍ഡ അനിസിമോവയാണ് ജാപ്പനീസ് താരത്തെ അട്ടിമറിച്ചത്. ഒന്നാം സീഡ് ആഷ്‌ളി ബാര്‍ട്ടി, മരിയ സക്കാറി, മാര്‍ഡി കീസ്, ബാര്‍ബോറ ക്രസിക്കോവ എന്നിവര്‍ നാലാം റൗണ്ടിലെത്തി. പുരുഷ വിഭാഗത്തില്‍ റാഫേല്‍ നദാല്‍, അലക്‌സാണ്ടര്‍ സ്വെരേവ്, ഡെന്നിസ് ഷപോവലോവ്, മാതിയോ ബരേറ്റിനി എന്നിവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി.

കേരളത്തില്‍ ഇന്നലെ 95,218 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടിപിആര്‍ 43.76. സംസ്ഥാനത്ത് ഇന്നലെ 33 മരണം, ആകെ മരണം 51,607 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,053 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,23,548 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354, വയനാട് 850, കാസര്‍ഗോഡ് 563.

രാജ്യത്ത് ഇന്നലെ മൂന്നേകാല്‍ ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 48,270, കര്‍ണാടക- 48,049, തമിഴ്‌നാട്- 29,870, ഗുജറാത്ത് - 21,225,  ഉത്തര്‍പ്രദേശ്- 16,142, ഡല്‍ഹി- 10,756.

ആഗോളതലത്തില്‍ ഇന്നലെ മുപ്പത്തിനാല് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ ആറ്് ലക്ഷത്തിനു മുകളില്‍. ബ്രസീല്‍ - 1,64,861. ഇംഗ്ലണ്ട്- 95,787, ഫ്രാന്‍സ്- 4,00,851, ഇറ്റലി- 1,79,106, സ്‌പെയിന്‍- 1,41,095, ജര്‍മനി-1,38,634, അര്‍ജന്റീന- 1,18,969. ഇതോടെ ആഗോളതലത്തില്‍ 34.63 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 6.42 കോടി കോവിഡ് രോഗികള്‍.

ആഗോളതലത്തില്‍ 8,105 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 2,199, റഷ്യ- 692, ബ്രസീല്‍- 312, ഇറ്റലി -373. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 56.01 ലക്ഷമായി.

എസ്ബിഐ യോനോ, യുപിഐ, നെറ്റ് ബാങ്കിങ് സേവനങ്ങള്‍ ജനുവരി 22ന്  ലഭ്യമാവില്ല. ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ്‌ഫോമുകളില്‍ അപ്‌ഡേഷന്‍ നടക്കുന്നതിനാല്‍ സേവനം തടസപ്പെടുമെന്ന് എസ്ബിഐ അറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് അറിയിപ്പ്. എസ്ബിഐയുടെ അറിയിപ്പ് പ്രകാരം ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ രാവിലെ തടസപ്പെടും. മണിക്കൂറുകള്‍ മാത്രമാകും സേവനം തടസപ്പെടുക. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് തുടങ്ങുന്ന സെക്യൂരിറ്റി അപ്‌ഡേറ്റ് എട്ടര വരെ നീണ്ടു നില്‍ക്കും. ഈ സമയത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാവില്ലെന്നാണ് അറിയിപ്പ്.

നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ വളര്‍ച്ച മന്ദഗതിയിലായതോടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. കമ്പനിയുടെ ഓഹരി വില ഏകദേശം 20 ശതമാനത്തോളമാണ് ഇടിഞ്ഞിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്ട്രീമിംഗ് സേവനം നല്‍കുന്ന കമ്പനി വാള്‍ സ്ട്രീറ്റ് അനലിസ്റ്റുകള്‍ അടക്കം പ്രതീക്ഷിച്ചതിലും മികച്ച വരുമാനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, സബ്സ്‌ക്രിപ്ഷന്‍ നമ്പറുകള്‍ പ്രതീക്ഷിച്ച നിലയില്‍ ഉയരാത്തതാണ് നിക്ഷേപകരെ പിന്തിരിപ്പിച്ചത്.  എന്നാല്‍, യുഎസിലും കാനഡയും അടക്കമുള്ള രാജ്യങ്ങളില്‍ നെറ്റ്ഫ്‌ലിക്‌സിന് തിരിച്ചടിയായത് സബ്സ്‌ക്രിപ്ഷന്‍ തുക വര്‍ദ്ധിപ്പിച്ചതാണ്.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കഥാപാത്രമായി വരുന്ന ചിത്രം  '1921 പുഴ മുതല്‍ പുഴ വരെ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. രാമസിംഹന്‍ എന്നാണ് ചിത്രത്തിന്റെ സംവിധായകന്റെ പേര് കൊടുത്തിരിക്കുന്നത്. അലി അക്ബറെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവായി ചേര്‍ത്തിരിക്കുന്നത്.  '1921 പുഴ മുതല്‍ പുഴ വരെയുടെ ഷൂട്ടിംഗിനിടെയായിരുന്നു അലി അക്ബര്‍ രാമസിംഹന്‍ എന്ന പേര് സ്വീകരിച്ച് ഹിന്ദു മതത്തിലേക്ക് എത്തിയത്. തലൈവാസന്‍ വിജയ്യാണ് ചിത്രത്തില്‍ വാരിയം കുന്നത്ത് ഹാജിയായി അഭിനയിക്കുന്നത്.  ജോയ് മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സ്‌കോഡ സ്ലാവിയ സെഡാന്റെ ഉപഭോക്തൃ ഡെലിവറി 2022 മാര്‍ച്ചില്‍ ആരംഭിക്കും. ഈ വര്‍ഷം നവംബറിലാണ് സ്‌കോഡ സ്ലാവിയയെ അവതരിപ്പിച്ചത്.  10 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയായിരിക്കും സ്‌കോഡ സ്ലാവിയയുടെ എക്‌സ് ഷോറൂം  വില. 2022 ഫെബ്രുവരി അവസാനമോ മാര്‍ച്ചിലോ ഇത് ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സ്‌കോഡ കുഷാക്കിനും വിഡബ്ളിയു ടൈഗണിനും അടിവരയിടുന്ന വിഡബ്ളിയു ഗ്രൂപ്പിന്റെ എംബിക്യു എഒ ഇന്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.

മികച്ച പ്രതിരോധശക്തി ഉള്ളവരെ കൊവിഡ് ബാധിക്കില്ലെന്നാണ് വിദഗദ്ധര്‍ തന്നെ പറയുന്നത്. അതിനാല്‍ മറ്റ് മുന്‍കരുതല്‍ എടുക്കുന്നതിനൊപ്പം പ്രതിരോധ ശേഷി കൂട്ടാനുള്ള കാര്യങ്ങളും ചെയ്യണം. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. നല്ല രീതിയില്‍ നിശ്ചിതസമയം ഉറങ്ങിയില്ലെങ്കില്‍ അത് ശരീരത്തെ കാര്യമായി ബാധിക്കുകയും കൊവിഡ് ഉള്‍പ്പടെയുള്ള രോഗങ്ങള്‍ എളുപ്പത്തില്‍ പിടിപെടുന്നതിന് ഇടയാക്കും എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ടെന്‍ഷന്‍ ഉറക്കത്തെ സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. പ്രായം അറുപതുകഴിഞ്ഞില്ലെങ്കിലും, അമിതഭാരമോ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ നിങ്ങള്‍ക്കില്ലെങ്കില്‍ തീര്‍ച്ചയായും നല്ല ഉറക്കംകൊണ്ട് വൈറല്‍ അണുബാധയ്ക്കുളള സാദ്ധ്യത പരമാവധി കുറയ്ക്കാന്‍ കഴിയും. ആറ് മണിക്കൂറെങ്കിലും ഉറങ്ങിയവരില്‍ വൈറല്‍ രോഗബാധയ്ക്കുള്ള സാദ്ധ്യത കുറവാണെന്ന് അടുത്തിടെ നടത്തിയ ചില പഠനങ്ങള്‍ പറയുന്നത്. ദിവസങ്ങളോളം ഉറക്കത്തിന് തടസം വന്നവര്‍ വണ്ണംവയ്ക്കുന്നതായും അവര്‍ക്ക് രോഗം ബാധിക്കുന്നതായും കണ്ടെത്തി. തെറ്റായ ഉറക്കശീലം രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വലിയ വ്യത്യാസം ഉണ്ടാക്കും. ഇത് രോഗം വരാന്‍ കാരണമാകും.  


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA