HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇന്ന് (24-January-2022) ഇതുവരെയുള്ള പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ.

     പ്രധാനപ്പെട്ട  വാർത്തകൾ ഒറ്റനോട്ടത്തിൽ

  24 ജനുവരി  2022 | തിങ്കൾ | 1197 |  മകരം 10 | അത്തം 




എസ്എന്‍ഡിപി യോഗത്തിലെ പ്രാതിനിധ്യ തെരഞ്ഞെടുപ്പു രീതി ഹൈക്കോടതി റദ്ദാക്കി. 1999 ലെ ബൈലോ ഭേദഗതിയും റദ്ദാക്കി. എസ്എന്‍ഡിപിയില്‍ സ്ഥിരാംഗങ്ങളായ എല്ലാവര്‍ക്കും വോട്ടാവകാശം ലഭിക്കും. ഇത്രയും നാള്‍ 200 അംഗങ്ങള്‍ക്ക് ഒരു പ്രതിനിധി എന്ന നിലയിലായിരുന്നു വോട്ടാവകാശം. കാല്‍നൂറ്റാണ്ടായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായി തുടരുന്ന വെള്ളാപ്പള്ളി നടേശന്റെ എതിര്‍ചേരിയിലുള്ളവര്‍ നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഈ വിധി. അടുത്ത മാസം അഞ്ചിന് എസ്എന്‍ഡിപി തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് കോടതി വിധി.

ഹൈക്കോടതി വിധി പ്രായോഗികമല്ലെന്നും അപ്പീല്‍ നല്‍കുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ എസ്എന്‍ഡിപി യോഗത്തില്‍ ജനാധിപത്യം കൊണ്ടുവരാന്‍ വിധി സഹായിക്കുമെന്ന് വെള്ളാപ്പള്ളി വിരുദ്ധപക്ഷം നേതാക്കളായ സി.കെ. വിദ്യാസാഗറും ബിജു രമേശും.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നതിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികളുടെ തിരക്ക്. മിക്കയിടത്തും ആശുപത്രികളില്‍ കിടത്തി ചികില്‍സയ്ക്ക് ബെഡുകള്‍ ഒഴിവില്ലെന്ന അവസ്ഥയാണ്. തിരുവന്തപുരം, കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളില്‍ കൊവിഡ് ചികിത്സ പ്രതിസന്ധിയിലാണ്. എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പകുതി കിടക്കകളും കൊവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞു.


ഇന്നു ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ തീരുമാനമുണ്ടാകും. കൊവിഡ് ബ്രിഗേഡ് നിയമനം വേഗത്തിലാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ജില്ലകളിലെ വ്യാപനത്തോത് കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള അധികാരം ജില്ലാ ഭരണകൂടങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.

ശബരിമല തീര്‍ഥാടന കാലത്ത് നിലയ്ക്കലില്‍ അന്നദാനത്തിന്റെ മറവില്‍ ഒരു കോടിയലധികം രൂപയുടെ തട്ടിപ്പെന്ന് വിജിലന്‍സ്. 2018 -19 വര്‍ഷം പലവ്യഞ്ജനവും പച്ചക്കറിയും വാങ്ങിയതിന്റെ പേരില്‍ വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ഒരു കോടിയിലധികം രൂപ ദേവസ്വം ഉദ്യോഗസ്ഥര്‍ തട്ടിച്ചെന്നാണ് കണ്ടെത്തല്‍. നാലു ഉദ്യോഗസ്ഥര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിയെടുത്തിട്ടില്ല. മുപ്പതു ലക്ഷം രൂപയുടെ ബില്‍ നല്‍കിയ കൊല്ലത്തെ ജെപി ട്രേഡേഴ്സെന്ന സ്ഥാപനത്തോട് ഒന്നര കോടി രൂപയുടെ ബില്‍ തരണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. കള്ളബില്‍ നല്‍കാത്തതിനാല്‍ പണം നല്‍കിയില്ല. ഇതോടെ വ്യാപാരി വിജിലന്‍സില്‍ പരാതിപ്പെട്ടു. വ്യാജ ബില്ലുകള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പണം തട്ടിയെടുത്തെന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

നടിയെ ആക്രമിച്ച കേസിലെ പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിനു കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. തുടരന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പുതിയ സാക്ഷികളുടെ വിസ്താരം നീട്ടണമെന്നാണ് ആവശ്യം. സാക്ഷികളുടെ വിസ്താരം 10 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് പ്രായോഗികമല്ല. പുതിയ സാക്ഷികളില്‍ രണ്ടുപേര്‍ അയല്‍സംസ്ഥാനങ്ങളിലാണ്. മറ്റൊരാള്‍ കൊവിഡ് ബാധിച്ച ചികിത്സയിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.


നടന്‍ ദിലീപിന്റെ സിനിമാ നിര്‍മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലെ മാനേജരെ വിളിച്ചു വരുത്തി മൊഴിയെടുക്കും. ദിലീപിനും അനുജന്‍ അനൂപിനും ഒപ്പമിരുത്തി മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. നിര്‍മാണക്കമ്പനിയില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ച ചില തെളിവുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഫോണ്‍ കോള്‍ റെക്കോര്‍ഡുകളും പരിശോധിക്കും. ദിലീപടക്കം അഞ്ച് പ്രതികളുടെ ഫോണ്‍ വിളിയുടെ വിശദാംശങ്ങളാണ് ശേഖരിക്കുക. സാക്ഷികള്‍ ഉള്‍പ്പെടെ ഇവര്‍ ആരെയൊക്കെ ബന്ധപ്പെട്ടു എന്നന്വേഷിക്കും.

തിരുവന്തപുരം പേരൂര്‍ക്കടയില്‍ പ്രഭാത നടത്തത്തിനിറങ്ങിയ അമ്പത്തിരണ്ടുകാരന്‍ റോഡരികില്‍ മരിച്ച നിലയില്‍. ശാസ്തമംഗലം സ്വദേശിയും കോണ്‍ഗ്രസ് വട്ടിയൂര്‍കാവ് ബ്ലോക്ക് സെക്രട്ടറിയുമായ വനജകുമാറിനെയാണു പാങ്ങോട് സൈനിക ക്യാമ്പിനു സമീപം മരിച്ച നിലയില്‍ കണ്ടത്.

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ. ഫലപ്രഖ്യാപനത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ലോഗിന്‍ അക്കൗണ്ട് വഴി സ്‌കോര്‍ നേരിട്ടു ലഭിക്കുന്ന രീതിയിലാകും ഫലപ്രഖ്യാപനം.

കെ റെയിലിനെ വിമര്‍ശിച്ചു കവിത എഴുതിയതിനു പ്രശസ്ത കവി റഫീഖ് അഹമ്മദിനെതിരേ സൈബര്‍ ആക്രമണം. സൈബര്‍ ആക്രമണത്തിനെതിരേ സാറാ ജോസഫ് അടക്കമുള്ള സാംസ്‌കാരിക പ്രമുഖരും രംഗത്ത്. സിപിഎം അനുയായികളാണ് സൈബര്‍ ആക്രമണവുമായി കവിയെ നേരിടുന്നത്.

ബലാത്സംഗ കേസില്‍ പൊലീസ് തെരയുന്ന യൂട്യൂബറും സിനിമാ താരവുമായ ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. പരാതി നല്‍കിയ യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഫെബ്രുവരി രണ്ടിനു പരിഗണിക്കും.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം തടയാന്‍ കോളജുകള്‍ അടച്ചിടണമെന്ന് എന്‍എസ്എസ്.  സര്‍ക്കാരിന്റെ അനാസ്ഥയാണ് രോഗവ്യാപനത്തിനു കാരണം. കോളജുകളില്‍ വ്യാപനം ഉണ്ടായിട്ടും പരീക്ഷ മാറ്റുകയോ കോളജ് അടക്കുകയോ ചെയ്തിട്ടില്ല. കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പിന് അനുമതി നല്‍കിയത്  പ്രതിഷേധാര്‍ഹമാണെന്നും എന്‍എസ്എസ്.

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യസൂത്രധാരന്‍ അറസ്റ്റിലായി. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശിയും എസ്ഡിപിഐ നേതാവുമായ മുഹമ്മദ് ഹാറൂണാണ് പിടിയിലായത്. ഇയാള്‍ക്കെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കാസര്‍കോട്ടെ തെക്കെകാട്ടില്‍ മുത്തപ്പന്‍ ക്ഷേത്ര നടത്തിപ്പു പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ സിപിഎം പക്ഷവും പ്രാദേശിക പക്ഷവും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷംമൂലം ഒരു വര്‍ഷമായി കളക്ടര്‍ അടച്ചുപൂട്ടിച്ച ഇവിടെ ഹൈക്കോടതിയുടെ അനുമതിയോടെ വെള്ളാട്ടം നടത്താന്‍ മടയന്‍ പി.ടി. ഭാസ്‌കരന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇരുന്നൂറോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തു.

സ്ത്രീകള്‍ക്ക് തുല്യ അവകാശവും സ്വതന്ത്ര്യവും അനുഭവിക്കാന്‍ ഇനിയുമൊരുപാട് ദൂരം നമുക്ക് പോകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയ ബാലിക ദിനത്തില്‍ പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോ സഹിതമാണ് മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങളില്‍ ഇങ്ങനെ കുറിച്ചത്.

ഇരട്ട പെണ്‍കുട്ടികള്‍ക്ക് ഇരട്ട വരന്മാര്‍. ഇരു ദമ്പതിമാരും ഇനിയും ഒരേ വീട്ടില്‍തന്നെ കഴിയും. തലവടി ഇലയനാട്ട് വീട്ടില്‍ ഇ.എന്‍ പവിത്രന്റേയും സുമംഗലദേവിയുടേയും ഇരട്ട പെണ്‍മക്കളായ പവിത്രയും സുചിത്രയുമാണ് ഇരട്ടകളായ വരന്മാരെ വിവാഹം ചെയ്തത്. പത്തനംതിട്ട പെരിങ്ങര ചക്കാലത്തറ പേരകത്ത് വീട്ടില്‍ മണിക്കുട്ടന്‍, രഗ്നമ്മ ദമ്പതികളുടെ ഇരട്ടമക്കളായ അനുവും വിനുവുമാണ് ഇവരെ വിവാഹം ചെയ്തത്.

ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിന്റെ ആത്മഹത്യയെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. എറണാകുളത്തെ റീനൈ മെഡിസിറ്റി ആശുപത്രിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. പരാതി നല്‍കി ആറുമാസത്തിനു ശേഷമാണ് അന്വേഷണം.  ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

വിചാരണയ്ക്കു ഹാജരാകാത്ത കൊലക്കേസ് പ്രതിയുടെ മരണ സര്‍ട്ടിഫിക്കറ്റ് തേടിയ പൊലീസിനു മുന്നില്‍ ജീവനോടെ പ്രതി. തമിഴ്നാട് രാമനാഥപുരം സ്വദേശി സീനു മുഹമ്മദ് എന്ന അറുപതുകാരനെ തെരഞ്ഞെത്തിയ വിഴിഞ്ഞം പൊലീസിന് മുന്നിലേക്കാണ് പ്രതി എത്തിയത്. 2017 ല്‍ വിഴിഞ്ഞം ഫിഷ് ലാന്റിംഗ് സെന്ററില്‍ രാത്രി ഉറങ്ങാന്‍ പായ വിരിക്കുന്നതിനെച്ചൊല്ലിയുണ്ടായ വഴക്കില്‍ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി റോബര്‍ട്ട് കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഇയാള്‍. വിചാരണയ്ക്കു ഹാജരാകാത്ത പ്രതി  മരിച്ചുപോയെന്നായിരുന്നു വക്കീല്‍ കോടതിയെ അറിയിച്ചത്. മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള ശ്രമത്തിനിടയിലാണ് തമിഴുനാട്ടില്‍നിന്ന് പ്രതിയെ പിടികൂടിയത്.

ഡല്‍ഹിയിലെ വ്യവസായിയില്‍നിന്നു നാലു കോടി രൂപ മൂല്യമുള്ള ക്രിപ്റ്റോ കറന്‍സി തട്ടിയെടുത്ത സംഘത്തെ പിടികൂടി. പലസ്തീന്‍ സംഘടനയായ ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡിന്റെ  വാലറ്റുകളിലേക്കാണു തട്ടിപ്പുസംഘം തുക നിക്ഷേപിച്ചത്. 2019 ല്‍ തട്ടിപ്പു നടത്തിയ സംഘത്തെയാണ് പിടികൂടിയത്.
 
യുഎഇക്കു പിന്നാലെ സൗദിക്കുനേരെയും ഹൂതി ആക്രമണം. വ്യവസായ മേഖലയായ അഹമ്മദ് അല്‍ മസരിഹ ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകളാണ് ഹൂതികള്‍ വിക്ഷേപിച്ചത്. ഇവ തകര്‍ത്തതായി സഖ്യസേന അറിയിച്ചു. രണ്ട് പ്രവാസികള്‍ക്കു  പരിക്കേറ്റു.

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ നാടകീയ സമനിലയുമായി റയല്‍ മാഡ്രിഡ്. എല്‍ച്ചെക്കെതിരെ രണ്ട് ഗോളിനു പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച റയല്‍ ഇഞ്ചുറി ടൈമില്‍ സമനില പിടിച്ചു. മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണയ്ക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിന്  അലാവസിനെ തോല്‍പ്പിച്ചു.

ഫ്രഞ്ച് ലീഗ് വണ്ണില്‍ പി എസ് ജിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളിന് റെയിംസിനെ തോല്‍പിച്ചു. അറുപത്തിമൂന്നാം മിനിറ്റില്‍ എഞ്ചല്‍ ഡി മരിയക്ക് പകരം കളത്തിലെത്തിയെങ്കിലും ലിയോണല്‍ മെസിക്ക് ഗോള്‍ നേടാനായില്ല. 22 കളിയില്‍ 53 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്ജി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലിവര്‍പൂളിന് സീസണിലെ പതിന്നാലാം ജയം. ക്രിസ്റ്റല്‍ പാലസിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് ലിവര്‍പൂള്‍ തകര്‍ത്തു. മറ്റൊരു മത്സരത്തില്‍ ആഴ്‌സനല്‍ സമനില വഴങ്ങി. ബേണ്‍ലിയാണ് ആഴ്‌സനലിനെ തളച്ചത്. ഇരുടീമിനും ഗോള്‍ നേടാനായില്ല. കരുത്തരുടെ പോരില്‍ ,ടോട്ടനത്തെ വീഴ്ത്തി ചെല്‍സി. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ചെല്‍സിയുടെ ജയം.

ജര്‍മ്മന്‍ ഫുട്‌ബോള്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കിന് തകര്‍പ്പന്‍ ജയം. ഹെര്‍ത്താ ബെര്‍ലിനെ ഒന്നിനെതിരെ നാല് ഗോളിന് ബയേണ്‍ തകര്‍ത്തു. 20 കളിയില്‍ 49 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് ബയേണ്‍ മ്യൂണിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA