അപകടത്തിൽപ്പെട്ട് റോഡരികിൽ രക്തം വാർന്ന് കിടന്നയാളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച പിതാവിനും മകനും കാളിയാർ പോലീസിന്റെ ആദരം. കേന്ദ്രസർക്കാരിൽ നിന്നും പാരിതോഷികമായി ലഭിച്ച ഇരുപത്തയ്യായിരം രൂപ അപകടത്തിൽപ്പെട്ടയാൾക്ക് തന്നെ നൽകി ഇവർ വീണ്ടും സമൂഹത്തിന് വലിയൊരു മാതൃകയായിരിക്കുകയാണ്. വണ്ണപ്പുറം സ്വദേശിയും വൈദ്യനുമായ പുതുപ്പറമ്പിൽ ബേബിയും പന്ത്രണ്ടുകാരനായ മകൻ ആൽഫ്രട്ടുമാണ് ഈ സ്നേഹമാതൃകയ്ക്ക് പിന്നിൽ.
സംഭവം ഇങ്ങനെ: 2025 നവംബർ പതിനാറിന് രാത്രി വണ്ടമറ്റം ബൈപ്പാസിലായിരുന്നു സംഭവം. ബൈക്ക് അപകടത്തിൽപ്പെട്ട് റോഡിൽ ബോധരഹിതനായി കിടക്കുകയായിരുന്ന തൊടുപുഴ സ്വദേശി റെജികുമാറിനെ അതുവഴി വന്ന ബേബിയും മകൻ ആൽഫ്രട്ടും കാണാനിടയായി. ഒട്ടും വൈകാതെ ഇരുവരും ചേർന്ന് റെജികുമാറിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലേക്ക് മാറ്റിയ റെജികുമാർ, ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിലാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഈ അച്ഛന്റെയും മകന്റെയും സമയോചിതമായ ഇടപെടലാണ് റെജികുമാറിന് തുണയായത്.
തേടിയെത്തിയ പാരിതോഷികം, തിരികെ നൽകിയ സ്നേഹം: അപകടത്തിൽപ്പെടുന്നവരെ വിലപ്പെട്ട 'ഗോൾഡൻ അവറി'നുള്ളിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നവർക്കായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയതാണ് രാഹ്–വീർ പദ്ധതി. ഈ പദ്ധതി പ്രകാരമുള്ള 25,000 രൂപയുടെ പാരിതോഷികമാണ് പിന്നീട് ബേബിയെ തേടിയെത്തിയത്. തുടർന്ന് കാളിയാർ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വെച്ച് ബേബിയെയും മകൻ ആൽഫ്രട്ടിനെയും പോലീസ് ഉദ്യോഗസ്ഥർ ആദരിച്ചു.
എന്നാൽ, തനിക്ക് ലഭിച്ച ഈ പാരിതോഷികത്തുക സ്വന്തമായി എടുക്കുന്നതിന് പകരം, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ റെജികുമാറിന് തന്നെ നൽകുമെന്ന് ബേബി അറിയിക്കുകയായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന വ്യക്തിയാണ് റെജികുമാറെന്നും, അതിനാലാണ് ഈ തുക അദ്ദേഹത്തിന് നൽകാൻ തീരുമാനിച്ചതെന്നും ബേബി വ്യക്തമാക്കി.
കാളിയാർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ വിഷ്ണു വി.വി., ബീജു വർഗീസ്, മറ്റ് സീനിയർ പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ തുടങ്ങിയവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു. മനുഷ്യത്വം മരവിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത്, ബേബിയും മകൻ ആൽഫ്രട്ടും നടത്തിയ ഈ ഇടപെടലിന് വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയും നാട്ടുകാരും നൽകുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



