HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇന്ന് (25-January-2022) ഇതുവരെയുള്ള പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ.

  പ്രധാനപ്പെട്ട  വാർത്തകൾ ഒറ്റനോട്ടത്തിൽ

   25 ജനുവരി 2022 |  ചൊവ്വ | 1197 |  മകരം 11 | ചിത്തിര



ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള നിയമ ഭേദഗതിയുമായി സര്‍ക്കാര്‍. ഓര്‍ഡിനന്‍സ്  ഗവര്‍ണറുടെ പരിഗണനയിലാണ്. ലോകയുക്ത വിധി തള്ളിക്കളയാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചാല്‍ ലോകായുക്ത നോക്കുകുത്തിയാകും. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവു ചെയ്യുന്നുണ്ട്. സുപ്രീം കോടതി ജഡ്ജി,  ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവികളില്‍ സേവനം ചെയ്തവരെയാണ് ലോകായുക്ത ആയി നിയമിക്കുന്നത്. പുതിയ ഭേദഗതിപ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്കു ലോകായുക്തയാകാം.

സര്‍ക്കാരിനെതിരേ രണ്ടു കേസുകളാണു ലോകായുക്തയ്ക്കു മുന്നിലുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പു കേസാണ് മുഖ്യം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തിനു മന്ത്രി ആര്‍. ബിന്ദുവിനെതിരേയുള്ള കേസാണു രണ്ടാമത്തേത്. കോവിഡ് കാലത്ത് ആരോഗ്യവകുപ്പു സാധനങ്ങള്‍ വാങ്ങിയതില്‍ കോടികളുടെ ക്രമക്കേട് ആരോപിച്ച് യുഡിഎഫ് ലോകായുക്തയെ സമീപിക്കാനിരിക്കേയാണ് ലോകായുക്തയെത്തന്നെ ഇല്ലാതാക്കാനുള്ള നീക്കം ആരംഭിച്ചത്.

ലോകായുക്തയുടെ അധികാരം കുറക്കുന്ന നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്തു നല്‍കി. ലോകായുക്തയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ലോകായുക്ത കണ്ടെത്തലുണ്ടായാല്‍ സര്‍ക്കാരിനു തന്നെ പരിശോധന നടത്തി രക്ഷപെടാവുന്ന രീതിയിലാണ് ഭേദഗതി വരുന്നത്. ഭേദഗതി നിലവില്‍ വന്നാല്‍ ഫലത്തില്‍ ലോകായുക്ത ഇല്ലാതായെന്നന്ന നിലയിലാകുമെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ലോകായുക്തയെ നോക്കുകുത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും. ലോകായുക്തയെ പിരിച്ച് വിടുകയാണ് പിണറായി ചെയ്യേണ്ടത്. ലോകായുക്തയുടെ അധികാരം കവര്‍ന്നുകൊണ്ടുള്ള ഈ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പും പൊതുയോഗവും മാറ്റിവച്ചു. അടുത്ത മാസം അഞ്ചിനു നടത്താനിരുന്ന തെരഞ്ഞെടുപ്പാണ് ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ മാറ്റിവച്ചത്. പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കുകയും മുഴുവന്‍ സ്ഥിരാംഗങ്ങള്‍ക്കും വോട്ടാവകാശം നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു മാറ്റിവച്ചത്. ഇരുനൂറ് അംഗങ്ങള്‍ക്ക് ഒരാള്‍ക്കെന്ന തോതില്‍ പതിനായിരത്തോളം പേര്‍ക്കാണ് പ്രാതിനിധ്യ വോട്ടവകാശം ഉണ്ടായിരുന്നത്. കോടതി ഉത്തരവനുസരിച്ച് രണ്ടു ലക്ഷത്തോളം പേര്‍ക്കു വോട്ടാവകാശമുണ്ടാകും.

രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ 939 സേനാ അംഗങ്ങള്‍ക്ക്. കേരള പൊലീസിലെ പത്തു പേര്‍ മെഡല്‍ ജേതാക്കളായി. ഐജി സി നാഗരാജു, എസ്പി ജയശങ്കര്‍ രമേഷ് ചന്ദ്രന്‍, ഡിവൈഎസ്പി മാരായ മുഹമ്മദ് കബീര്‍ റാവുത്തര്‍, ആര്‍.കെ. വേണുഗോപാലന്‍, ടി.പി. ശ്യാം സുന്ദര്‍, ബി കൃഷ്ണകുമാര്‍, അസ്റ്റിസ്റ്റ് കമ്മീഷണര്‍ എം.കെ ഗോപാലകൃഷ്ണന്‍, എസ്ഐമാരായ സാജന്‍ കെ ജോര്‍ജ്ജ്, ശശികുമാര്‍ ലക്ഷമണന്‍, സിനീയര്‍  സിപിഒ ഷീബാ കൃഷ്ണന്‍കുട്ടി എന്നിവരാണ് പോലീസ് മെഡലിന് അര്‍ഹരായത്.  സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി  ടി.പി അനന്ദകൃഷ്ണന്‍, ആസാം റൈഫിള്‍സിലെ ചാക്കോ പി ജോര്‍ജ്ജ്, സുരേഷ് പ്രസാദ്, ബിഎസ്എഫിലെ മേഴ്സി തോമസ് എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു. ജയില്‍  മെഡലുകള്‍ നേടിയവര്‍: ജോയിന്റ് സൂപ്രണ്ട് എന്‍ രവീന്ദ്രന്‍, ഡെപ്യുട്ടി സൂപ്രണ്ട് എ കെ സുരേഷ്, അസിസ്റ്റന്റ് സൂപ്രണ്ട് പി.എസ്. മിനിമോള്‍. ഫയര്‍ഫോഴ്സ് മെഡല്‍ നേടിയവര്‍: ടി. വിനോദ് കുമാര്‍, കെ. സതികുമാര്‍, കെ.വി. അശോകന്‍,  എസ്. സുനി ലാല്‍, പി.കെ. രാമന്‍ കുട്ടി.

ഇടുക്കി അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം ടിപ്പര്‍ ലോറി കൊക്കയിലേക്കു മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. കൊച്ചി  ധനുഷ്‌കോടി ദേശീയ പാതയില്‍ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് ലോറി മറിഞ്ഞത്. നേര്യമംഗലം തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്.

വെള്ളം നല്‍കിയതിനുള്ള പണം അടയ്ക്കാതെ കൊച്ചിയിലെ ചരക്കുകപ്പല്‍ തുറമുഖം വിടുന്നതു ഹൈക്കോടതി തടഞ്ഞു. അര്‍ധരാത്രി ഓണ്‍ലൈന്‍ സിറ്റിംഗ് നടത്തിയാണ് കേരള ഹൈക്കോടതി കപ്പലിന്റെ യാത്ര തടഞ്ഞത്. എം വി ഓഷ്യന്‍ റോസ് എന്ന കപ്പല്‍ രണ്ടര കോടി രൂപ തരാനുണ്ടെന്നു കാണിച്ച് കൊച്ചിയിലെകമ്പനി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടിയന്തര സിറ്റിംഗ് നടത്തി  ചരിത്രം കുറിച്ചത്.

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. പതിനാറ് വയസുള്ള മലപ്പുറം സ്വദേശിയായ പെണ്‍കുട്ടിയും ബന്ധുവായ വണ്ടൂര്‍ സ്വദേശിയുമായുള്ള വിവാഹം ഒരു വര്‍ഷം മുമ്പാണ് നടന്നത്. ആറു മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷിവിസ്താരത്തിനു പത്തു ദിവസംകൂടി ഹൈക്കോടതി അനുവദിച്ചു. എട്ടു സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇവരില്‍ ചിലര്‍ സ്ഥലത്തില്ലാത്തതിനാല്‍ കൂടുതല്‍ സാവകാശം ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

നടന്‍ ദിലീപിന്റേയും കൂട്ടാളികളേയും മൂന്നാം ദിവസവും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. പോലീസിനു ലഭിച്ച ചില വിവരങ്ങളില്‍ മൊഴിയെടുക്കാന്‍ സംവിധായകന്‍ വ്യാസന്‍ എടവനക്കാടിനെ പോലീസ് വിളിച്ചുവരുത്തി.

പാലക്കാട് മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ സൈറ്റ് എന്‍ജിനീയര്‍ മരിച്ചു. ഈറോഡ് സ്വദേശി ധനേഷാണ് മരിച്ചത്. പാലക്കാട്-ഷൊര്‍ണ്ണൂര്‍ റെയില്‍വേപാതയില്‍ മാങ്കുറിശ്ശി വള്ളൂര്‍തൊടിക്ക് സമീപം റയില്‍വേ ഓവുപാലം നിര്‍മ്മിക്കുന്നതിനിടെയാണു മണ്ണിടിഞ്ഞു വീണത്.

പാലക്കാട് വീണ്ടും പുലിയിറങ്ങി. അകത്തേത്തറയില്‍ ജനവാസ മേഖലയില്‍ ഒരു ആടിനെയും പട്ടിയേയും പുലി പിടിച്ചു. പ്രദേശത്ത് പുലിയുടെ കാല്‍പാടുകളും കണ്ടെത്തി. അകത്തേത്തറ ചീക്കുഴിയിലും പുലിയെ കണ്ടതായി പ്രദേശവാസികള്‍ അറിയിച്ചു.

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനവും പരീക്ഷാ നടത്തിപ്പും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം 27 ന് ഓണ്‍ലൈനായി ചേരും. രാവിലെ 11 മണിക്കാണ് യോഗം. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ഓണ്‍ലൈന്‍ ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകര്‍ സ്‌കൂളില്‍ ഹാജരാകുന്നത് സംബന്ധിച്ച കാര്യങ്ങള്‍, 10,11,12 ക്ലാസുകളുടെ നടത്തിപ്പ്, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

തളിപ്പറമ്പില്‍ പീഡനത്തിന് ഇരയായ പത്തൊമ്പതുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. 2020 ലാണു പാലക്കാട് സ്വദേശി പീഡിപ്പിച്ചത്. യുവാവിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.

അമ്പതിനായിരം രൂപയുടെ കള്ളനോട്ടുകളുമായി രണ്ടു യുവാക്കളെ എളമക്കര പോലീസ് അറസ്റ്റു ചെയ്തു. പോണേക്കര കല്ലുവീട്ടില്‍ വിപിന്‍ ടോണി (25), സുഹൈല്‍ (26) എന്നിവരാണു പിടിയിലായത്. കള്ളവോട്ടു തയാറാക്കാന്‍ ഉപയോഗിച്ച ഫോട്ടോസ്റ്റാറ്റ് മെഷീനും പോലീസ് പിടിച്ചെടുത്തു.

അമ്പലപ്പുഴ വണ്ടാനത്ത് രാത്രി മദ്യപസംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ പ്രദേശവാസികള്‍ തടഞ്ഞുവച്ചു. പുന്നപ്ര സിഐ പ്രതാപചന്ദ്രനെയും നാലു പൊലീസുകാരെയുമാണ് വിവാഹം നടക്കുന്ന വീട്ടിലുണ്ടായിരുന്നവര്‍ തടഞ്ഞത്. മറ്റു സ്റ്റേഷനുകളില്‍നിന്നു കൂടുതല്‍ പൊലീസ് എത്തി. നാട്ടുകാരെ മാറ്റി രണ്ടു യുവാക്കളെയും പുന്നപ്ര പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സംഘര്‍ഷത്തില്‍ രണ്ടുജീപ്പുകളുടെ ചില്ലു തകര്‍ത്തെന്നും മൂന്ന് പൊലീസുകാര്‍ക്കു പരിക്കേറ്റെന്നും പുന്നപ്ര പൊലീസ് പറഞ്ഞു.

യഥാര്‍ഥ സ്നേഹിതരെ മനസിലായെന്നു മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ പിറന്നാള്‍ദിന കുറിപ്പ്. 59 വയസ് തികഞ്ഞ ഇന്നലെ ഫേസ്ബുക്കിലാണ് കുറിപ്പെഴുതിയത്. പിറന്നാളിന് ആഘോഷങ്ങളില്ല. കഴിഞ്ഞ വര്‍ഷം ജയില്‍ മുറിയുടെ തണുത്ത തറയിലായിരുന്നു പിറന്നാള്‍. ഇത്തവണ സന്ദേശങ്ങള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ സസ്പെന്‍ഷനിലായ എം ശിവശങ്കര്‍ ഒന്നര വര്‍ഷത്തിനുശേഷം കഴിഞ്ഞ ദിവസമാണ് തിരികെ സര്‍വീസില്‍ പ്രവേശിച്ചത്.

അട്ടപ്പാടി മധു കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി. മണ്ണാര്‍ക്കാട് എസ് സി/ എസ് ടി പ്രത്യേക കോടതിയാണ് ചോദ്യമുന്നയിച്ചത്. കേസില്‍നിന്ന് ഒഴിയാന്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി ടി രഘുനാഥ് ഡിജിപിയ്ക്ക് നേരത്തെ കത്തു നല്‍കിയിരുന്നു. ഇന്നു കേസ് പരിഗണിച്ചപ്പോള്‍ മധുവിനായി ആരും ഹാജരായില്ല. കേസ് ഫെബ്രുവരി 26 ലേക്കു മാറ്റി.

അനധികൃതമായി വെള്ളമൂറ്റുന്നുവെന്ന പരാതിയില്‍ കിറ്റക്സിനെതിരേ ജലസേചന വകുപ്പിന്റെ നോട്ടീസ്. പെരിയാര്‍വാലി കാരുകുളം കനാലില്‍നിന്നുള്ള പൈപ്പുകള്‍ ഉടന്‍ നീക്കണമെന്നാണു നിര്‍ദ്ദേശം. കനാലിലേക്ക് മലിനജലം ഒഴുക്കുന്നുവെന്ന പരാതിയിലും നടപടി സ്വീകരിക്കും.

യുഎഇയിലെ സാമൂഹിക, സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കൊല്ലം അഞ്ചുകല്ലുംമൂട് സ്വദേശി  നൗഷാദ് പുന്നത്തല എന്ന മുഹമ്മദ് നൗഷാദ് അന്തരിച്ചു. 60 വയസായിരുന്നു. യുണൈറ്റഡ് മലയാളി അസോസിയേഷന്‍ കണ്‍വീനര്‍, ഭാവന ആര്‍ട്സ് സൊസൈറ്റി പ്രസിഡന്റ്, കൊല്ലം പ്രവാസി സംഗമം പ്രസിഡന്റ് തുടങ്ങി ദുബൈയിലെ വിവിധ സംഘടനകളുടെ സാരഥിയായിരുന്നു.

ദളിത് ക്രിസ്ത്യന്‍, ദളിത് മുസ്ലിം വിഭാഗങ്ങളെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സമിതി രൂപീകരിക്കും. സുപ്രീംകോടതിയില്‍ കേസ് വന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കാര്‍ഗോ വിമാനത്തിന്റെ ചക്രത്തിനു പിന്നില്‍ അള്ളിപ്പിടിച്ചിരുന്ന് യാത്രചെയ്തയാളെ ഡച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍നിന്ന് പുറപ്പെട്ട ചരക്കുവിമാനത്തിന്റെ മുന്‍ചക്രത്തില്‍ ഇരുന്ന് അയാള്‍ താണ്ടിയത് പതിനായിരത്തിലധികം കിലോമീറ്ററുകളാണ്. ഇങ്ങനെ ഒളിച്ചു യാത്രചെയ്തവര്‍ തണുത്തു വിറങ്ങലിച്ചും അതിശക്തമായ കാറ്റില്‍ ഉലഞ്ഞും ഓക്സിജന്‍ ലഭിക്കാതേയും മരിച്ചുവീഴുകയാണു പതിവ്.

യുക്രെയിന്‍ അതിര്‍ത്തിയില്‍ ലക്ഷം റഷ്യന്‍ പട്ടാളക്കാര്‍. ടാങ്കുകളും മിസൈല്‍ വിക്ഷേപണ സംവിധാനങ്ങളുമായാണ് പട്ടാളം തമ്പടിച്ചിരിക്കുന്നത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കേ ബ്രിട്ടന്‍ നയതന്ത്ര കാര്യാലയത്തിലെ ജീവനക്കാരെയും കുടുംബങ്ങളേയും നാട്ടിലേക്കു വിളിപ്പിച്ചു. അമേരിക്കയും എത്രയുംവേഗം നാട്ടിലേക്കു തിരിച്ചെത്താന്‍ പൗരന്മാര്‍ക്കു നിര്‍ദേശം നല്‍കി.

ഇംഗ്ലണ്ട് ഡെവണിലെ ഹെമിയോക്കിന് സമീപമുള്ള വയലില്‍നിന്ന് കണ്ടെത്തിയ സ്വര്‍ണനാണയം ലേലത്തില്‍ വിറ്റത് 5,40,000 പൗണ്ടിന്. ഏകദേശം നാലു കോടി മൂന്നു ലക്ഷം രൂപ. മൈക്കല്‍ ലീ-മല്ലോറിയാണ് ഈ നാണയം കണ്ടെത്തിയത്. ഹെന്റി മൂന്നാമന്റെ ചിത്രമുള്ള സ്വര്‍ണനാണയം 1257 ല്‍ നിര്‍മ്മിച്ചതെന്ന് കരുതുന്നു.

ഓസ്ട്രേലിയന്‍ ഓപ്പണില്‍ സാനിയ മിര്‍സ-രാജീവ് റാം സഖ്യം പുറത്ത്. മിക്സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സാനിയ സഖ്യം ഓസ്ട്രേലിയന്‍ താരങ്ങളായ ജേസണ്‍ കുബ്ലര്‍-ജെയ്മി ഫൗര്‍ലിസ് എന്നിവരോട് തോറ്റു. സീസണിന് അവസാനം വിരമിക്കുമെന്ന് പ്രഖ്യാപിച്ച സാനിയയുടെ കരിയറിലെ അവസാന ഓസ്‌ട്രേലിയന്‍ ഓപ്പണാണിത്.

വോഡഫോണ്‍ ഐഡിയ 2022ല്‍ വീണ്ടുമൊരു താരിഫ് വര്‍ദ്ധനയ്ക്ക് ഒരുങ്ങിയേക്കുമെന്ന് സൂചന. രണ്ട് വര്‍ഷത്തിന് ശേഷം നവംബറിലാണ് അവസാനമായി താരിഫ് വര്‍ദ്ധന ഉണ്ടായത്. ഉയര്‍ന്ന വരുമാനവും ശരാശരി പ്രതിമാസ ഉപഭോക്തൃ ഫോണ്‍ ബില്ലുകളും റിപ്പോര്‍ട്ട് ചെയ്തപ്പോഴും ഡിസംബര്‍ പാദത്തില്‍ വോഡഫോണ്‍ ഐഡിയയുടെ നഷ്ടം വര്‍ദ്ധിച്ചു. ഡിസംബര്‍ 31 ന് അവസാനിച്ച മൂന്ന് മാസങ്ങളില്‍ നഷ്ടം മുന്‍ പാദത്തിലെ 7,132.3 കോടി രൂപയില്‍ നിന്ന് 7,230.9 കോടി രൂപയായി വര്‍ദ്ധിച്ചു. അതേസമയം വരുമാനം തുടര്‍ച്ചയായി 3 ശതമാനം ഉയര്‍ന്ന് 9,406 കോടി രൂപയില്‍ നിന്ന് 9,717 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി 10,894 രൂപ വരുമാനത്തില്‍ 4,532 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.

തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷം സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 4575 രൂപയാണ് ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. 36,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരാഴ്ചയായി സ്വര്‍ണവിലയില്‍ വര്‍ധനവും ഇടിവുമുണ്ടായി. രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും വര്‍ധിച്ച ശേഷം മൂന്ന് ദിവസം മുന്‍പ് ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞാണ് ഗ്രാമിന് 4550 രൂപയില്‍ എത്തിയത്. ഇതാണ് ഇന്ന് വീണ്ടും വര്‍ധിച്ചത്.

ദീപിക പദുക്കോണ്‍ നായികയാകുന്ന ചിത്രമാണ് 'ഗെഹരായിയാം'. ശകുന്‍ ബത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ചിത്രത്തിലെ ഗാനം പുറത്തുവിട്ടിു. 'ദൂബേ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ലോതിക ആണ് ഗാനം ആലപിച്ചിരിക്കുന്നത്. കൗസര്‍ മുനിറാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സിദ്ധാന്ത് ചതുര്‍വേദിയാണ് നായകനായി എത്തുന്നത്. നസറുദ്ദീന്‍ ഷാ, അനന്യ പാണ്ഡെ, ധൈര്യ കര്‍വ, രജത് കപൂര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഗൗതം വാസുദേവ് മേനോന്‍ ചിത്രമായി ഇനി 'ജോഷ്വ: ഇമൈപോല്‍ കാക'യാണ് റിലീസ് ചെയ്യാനുള്ളത്.  വരുണ്‍, കൃഷ്ണ കുലശേഖര എന്നിവരാണ്  പ്രധാന കഥാപാത്രങ്ങള്‍. ചിത്രം ഒടിടിയിലായിരിക്കും റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. മന്‍സൂര്‍ അലി ഖാന്‍, വിചിത്ര തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  സംഗീതം കാര്‍ത്തിക്.

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസര്‍ ബൈക്കായ റേഞ്ചര്‍ പുറത്തിറക്കി കൊമാകി ഇലക്ട്രിക് വെഹിക്കിള്‍സ്. 1.68 ലക്ഷം രൂപ  എക്സ്-ഷോറൂം വിലയിലാണ് കൊമാകി ഇലക്ട്രിക് വെഹിക്കിള്‍സ് രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ക്രൂയിസര്‍ ബൈക്കായ റേഞ്ചറിനെ എല്ലാ ആക്‌സസറികളും ഉള്‍പ്പെടുത്തി ഔദ്യോഗികമായി പുറത്തിറക്കിയത്. ജനുവരി 26 മുതല്‍ കമ്പനിയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ഇലക്ട്രിക് ബൈക്ക് ലഭ്യമാകും. ഗാര്‍നെറ്റ് റെഡ്, ഡീപ് ബ്ലൂ, ജെറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളില്‍ ഇത് ലഭിക്കും.

സ്‌കോട്ട്ലന്‍ഡ് യാഡ് സബ് ഇന്‍സ്പെക്ടര്‍ ജെയിംസ് കാള്‍ട്ടന്‍ എയ്ലീന്‍ റിവേഴ്സസിനെ തിരിച്ചറിഞ്ഞു. നാടകനടനായിരുന്ന ആര്‍തര്‍ ഇംഗിളിന്റെ മരുമകളാണവള്‍. ഇംഗിള്‍ ഇപ്പോള്‍ വഞ്ചനക്കേസില്‍ തടവുശിക്ഷയനുഭവിക്കുന്നു... ഒടുവില്‍ വ്യാജപ്രമാണം ചമച്ച് ആളുകളെ വഞ്ചിച്ച ഇംഗിള്‍ പിടിക്കപ്പെട്ടിരിക്കുന്നു. എഡ്ഗാര്‍ വാലസിന്റെ പ്രശസ്തമായ ക്രൈം നോവലിന്റെ പരിഭാഷ. പരിഭാഷ: കുന്നത്തൂര്‍ രാധാകൃഷ്ണന്‍. മാതൃഭൂമി. വില 200 രൂപ.

ചര്‍മ്മത്തിലും കൊവിഡിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങള്‍ കാണാമെന്നാണ് വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാലിത് എല്ലാവരിലും കാണപ്പെടില്ല. പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ 'ബ്രിട്ടീഷ് ജേണല്‍ ഓഫ് ഡെര്‍മറ്റോളജി'യില്‍ വന്ന പഠനറിപ്പോര്‍ട്ട് പ്രകാരം രോഗം ബാധിക്കുന്ന ഒരു ചെറിയ വിഭാഗത്തിന് തൊലിയില്‍ വിവിധ തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടേക്കാം. 'കൊവിഡ് ടോസ്' എന്നറിയപ്പെടുന്ന, കാല്‍വിരലുകളില്‍ കാണുന്ന തടിപ്പാണ് ഇതില്‍ പ്രധാന സൂചന. ചുവന്ന നിറത്തില്‍ കാല്‍വിരലുകളില്‍ കുരു വരികയും ഇത് ചെറുതായി വീര്‍ക്കുകയും ചെയ്യുന്നതാണ് 'കൊവിഡ് ടോസ്'. മഞ്ഞുകാലങ്ങളില്‍ അല്ലാതെ തന്നെ ഇങ്ങനെ വന്നേക്കാം. എന്നാല്‍ കൊവിഡിന്റെ ലക്ഷണമായും ഇതും വരാം. ചൊറിച്ചിലും  കൊവിഡ് ലക്ഷണമായി വന്നേക്കാമെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ചുവന്ന നിറത്തില്‍ പാടുണ്ടാവുകയും ചൊറിച്ചിലും അസ്വസ്ഥതയും ചര്‍മ്മം വരണ്ടുപൊട്ടുകയും ചെയ്യുന്ന അവസ്ഥയാണിത്. കഴുത്ത്, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളിലാണ് ഇത് വരിക. കൊവിഡ് ഉള്ളവരില്‍ എന്തുകൊണ്ടാണ് ഇത് കാണപ്പെടുന്നത് എന്നത് വ്യക്തമല്ല. കൊതുക് കടിച്ച് തിണര്‍ക്കുന്നത് പോലുള്ള പാടുകളും ചില സന്ദര്‍ഭങ്ങളില്‍ കൊവിഡിനെ സൂചിപ്പിക്കാന്‍ കണ്ടേക്കാം. ഇതില്‍ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാകാം. മുഖത്തോ തുടയിലോ പുറംഭാഗത്തോ എല്ലാമാണ്രേത ഇതുണ്ടാവുക. ചിലരില്‍ കൊവിഡിന്റെ ഭാഗമായി ചുണ്ടുകളിലും തടിപ്പോ, കുമിളയോ വരാം. ഇതുമൂലം ചുണ്ട് വരണ്ടുപൊട്ടുകയും, തൊലിയടര്‍ന്നുപോരികയും ചെയ്യുന്ന അവസ്ഥയുമുണ്ടാകുന്നു.

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 74.72, പൗണ്ട് - 100.70, യൂറോ - 84.45, സ്വിസ് ഫ്രാങ്ക് - 81.54, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.34, ബഹറിന്‍ ദിനാര്‍ - 198.19, കുവൈത്ത് ദിനാര്‍ -247.02, ഒമാനി റിയാല്‍ - 194.29, സൗദി റിയാല്‍ - 19.92, യു.എ.ഇ ദിര്‍ഹം - 20.34, ഖത്തര്‍ റിയാല്‍ - 20.52, കനേഡിയന്‍ ഡോളര്‍ - 59.10.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പ് - 7


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA