പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ

സ്വര്‍ണ്ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സികളുടെ പുനരന്വേഷണം. നാളെ ഹാജരാകാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് സ്വപ്നയ്ക്കു സമന്‍സയച്ചു. കസ്റ്റഡിയില്‍ ഇരിക്കെ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തു പുറത്തുവിട്ടതിനെക്കുറിച്ചാണ് അന്വേഷണം. ദേശീയ അന്വേഷണ ഏജന്‍സികള്‍ മുഖ്യമന്ത്രിയെ കുടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും സ്വര്‍ണക്കടത്തു കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നുമായിരുന്നു ഓഡിയോ. ഇതു ശിവശങ്കര്‍ നിര്‍ബന്ധിച്ചു ചെയ്യിച്ചതാണെന്ന വെളിപെടുത്തലിനെക്കുറിച്ചാണ് അന്വേഷണം. ഫോണ്‍ റെക്കോര്‍ഡ് ചെയ്തതിനു പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കും.
ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്ന തനിക്ക് ആരെയും പേടിക്കേണ്ട കാര്യമില്ലെന്നു സ്വപ്ന സുരേഷ്. ആരോഗ്യ പ്രശ്നം മൂലം നാളെ ഹാജരാകാനാവില്ല. 15 നു ഹാജരാകാമെന്ന് അറിയിച്ചിട്ടുണ്ട്. തന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികളുമായി സഹകരിക്കുമെന്നും സ്വപ്ന പറഞ്ഞു.
സ്വപ്ന സുരേഷിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് അന്വേഷണവുമായി പൊലീസ് മഹാരാഷ്ട്രയിലേക്ക്. മഹാരാഷ്ട്രയിലെ അംബേദ്കര്‍ സര്‍വകലാശാലയില്‍ പോയി അന്വേഷിക്കാനാണ് പൊലീസിന്റെ നീക്കം. അതേസമയം സ്വപ്നയുടെ നിര്‍ണായക വെളിപ്പെടുത്തലുണ്ടായിട്ടും ഗൂഡാലോചന അടക്കമുള്ള വിഷയങ്ങളില്‍ ശിവശങ്കര്‍ അടക്കമുള്ളവര്‍ക്കെതിരേ പുനരന്വേഷണത്തിനു കേരള പോലീസ് തയാറല്ല.
മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിനേയും അഞ്ചു വൈദികരേയും തമിഴ്നാട്ടില്‍ അറസ്റ്റു ചെയ്തു. താമരഭരണി പുഴയോരത്തെ രൂപതയുടെ സ്ഥലത്തുനിന്ന് മണല്‍ കടത്തിയതിനാണ് അറസ്റ്റ്. വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളവും വൈദികരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരും അറസ്റ്റിലായി. എല്ലാവരേയും റിമാന്‍ഡ് ചെയ്ത് ജയിലിലാക്കി. നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറലിനെയും പിന്നീട് തിരുനല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

നാല്‍പതു വര്‍ഷമായി സഭയുടെ സ്ഥലം കൃഷി ചെയ്യാന്‍ ഏല്‍പിച്ച മാനുവല്‍ ജോര്‍ജ് നടത്തിയ തിരിമറിയില്‍ തങ്ങള്‍ കുടുങ്ങിയതാണെന്ന് മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപത. കോവിഡ് കാലമായതിനാല്‍ രണ്ടു വര്‍ഷമായി രൂപതാ അധികൃതര്‍ ഈ സ്ഥലത്തേക്കു പോയിരുന്നില്ല. വ്യവസ്ഥ ലംഘിച്ച മാനുവല്‍ ജോര്‍ജുമായുള്ള കരാര്‍ റദ്ദാക്കാന്‍ നിയമ നടപടികള്‍ ആരംഭിച്ചിരിക്കേയാണ് അറസ്റ്റുണ്ടായതെന്ന് രൂപത വെളിപെടുത്തി.
അഹമ്മദാബാദ് സ്ഫോടനപരമ്പരകേസില്‍ 49 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി. കുറ്റക്കാര്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. 2008 ല്‍ ഉണ്ടായ സ്ഫോടനത്തില്‍ 56 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിചാരണ നേരിട്ട 77 പേരില്‍ 28 പേരെ വെറുതെ വിട്ടു. 2002 ല്‍ ഗുജറാത്തിലെ ഗോധ്ര കലാപത്തിനു പ്രതികാരമായി ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരര്‍ സ്‌ഫോടനമുണ്ടാക്കിയെന്നാണു കേസ്. 13 വര്‍ഷം നീണ്ട വിചാരണയ്ക്കു ശേഷമാണു വിധി.
ഒമ്പതുവരെയുള്ള ക്ലാസുകള്‍ രാവിലെ മുതല്‍ വൈകുന്നേരംവരെയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ക്ലാസുകള്‍ 14 ന് ആരംഭിക്കും. പരീക്ഷക്കു മുന്‍പ് പാഠഭാഗങ്ങള്‍ തീര്‍ക്കണം. പരീക്ഷകള്‍ യഥാസമയംതന്നെ നടത്തുമെന്നും മന്ത്രി പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ധന നാളെ പ്രഖ്യാപിച്ചേക്കും. മിനിമം ബസ് ചാര്‍ജ് പത്തു രൂപയാക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്കും വര്‍ധിപ്പിക്കും. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും.
സിപിഎം സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെ എറണാകുളത്തു നടത്തും. ഈ മാസം 17 മുതല്‍ 20 വരെ ചേരുന്ന സംസ്ഥാന നേതൃയോഗങ്ങളില്‍ അന്തിമ തീരുമാനം ഉണ്ടാകും. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സമ്മേളനം മാറ്റേണ്ടതില്ലെന്നാണ് നേതൃത്വം സ്വകീരിച്ച നിലപാട്.
അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ചു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ആനമല റോഡില്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും കുടുങ്ങി. ഇതേസമയം, കാട്ടാന ചവിട്ടിക്കൊന്ന കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ഉച്ചയ്ക്കു കളക്ടര്‍ സ്ഥലത്തെത്തി കാട്ടാനശല്യം പരിഹരിക്കുമെന്ന് ഉറപ്പു നല്‍കിയശേഷമാണ് റോഡ് ഉപരോധം അവസാനിപ്പിച്ചത്. പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്നിമിയയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.

പച്ചക്കറി സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് ഹോര്‍ട്ടിക്കോര്‍പ് നല്‍കാനുള്ളത് ആറുകോടി രൂപ. കൊവിഡ് കാലത്ത് കഷ്ടപ്പെട്ടു വിളയിച്ച കാര്‍ഷികോല്‍പന്നങ്ങളുടെ വില കിട്ടാത്തതിനാല്‍ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്.
ശമ്പള പരിഷ്‌ക്കരണം പ്രഖ്യാപിച്ച കെഎസ്ആര്‍ടിസിയില്‍ ഈ മാസം ഇതുവരെ ശമ്പളം വിതരണം ചെയ്തില്ല. പുതുക്കിയ ശമ്പളം ഭേദഗതി ചെയ്യുന്നതിലെ സാങ്കേതിക തടസമാണ് ശമ്പളം വൈകാന്‍ കാരണമെന്ന് കെഎസ്ആര്‍ടിസി എംഡി വിശദീകരിച്ചു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ശബ്ദപരിശോധന നടത്താന്‍ നടന്‍ ദിലീപ് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എത്തി. അനൂപിന്റെയും സുരാജിന്റെയും ശബ്ദ പരിശോധന നടത്തി. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേതാണോയെന്ന പരിശോധനയാണു നടത്തിയത്.
തിരുവനന്തപുരം അമ്പലമുക്കിലെ നഴ്സറിയിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊന്ന് ആഭരണവും പണവും കവര്‍ന്ന കേസിലെ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് രേഖാചിത്രം തയാറാക്കിയത്.
മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് കേരള ഹൈക്കോടതി സ്ഥിരീകരിച്ചു. വിലക്കു നീക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമം ബ്രോഡ് കാസ്റ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കേന്ദ്ര നടപടി എന്നായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ടാണ് സംപ്രേഷണം തടഞ്ഞതെന്നും കോടതി ഇതില്‍ ഇടപെടരുതെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
വയനാട് വന്യജീവിസങ്കേതത്തില്‍ തോക്കുമായി വേട്ടയ്ക്കിറങ്ങിയെന്ന കേസില്‍ ഒളിവിലായിരുന്ന തമിഴ്‌നാട് പൊലീസ് ഉദ്യോഗസ്ഥന്‍ ഗൂഡല്ലൂര്‍ ധര്‍മഗിരി സ്വദേശി ജെ. ഷിജു (43) കീഴടങ്ങി. എരുമാട് പൊലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായിരുന്ന ഷിജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു കോവിഡ്. അദ്ദേഹംതന്നെയാണ് ഫേസ് ബുക്കിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാവ സുരേഷിനോട് കുശുമ്പാണെന്ന് മന്ത്രി വി.എന്‍. വാസവന്‍. പാമ്പിന്റെ ഭീഷണിയുള്ള സ്ഥലങ്ങളിലേക്കു വാവയെ വിളിക്കരുതെന്ന് പറയാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ സമയത്ത് വരുമോയെന്നും മന്ത്രി ചോദിച്ചു. വാവ സുരേഷിന്റെ വീടു സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട വ്യോമസേന ജൂനിയര്‍ വാറന്റ് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി തൃശൂര്‍ താലൂക്ക് ഓഫീസില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. മന്ത്രിസഭയുടെ തീരുമാനമനുസരിച്ചാണ് ജോലി നല്‍കിയത്.

ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിന്റെ 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്ന ആത്മകഥ വിറ്റുപോകുന്നത് ചൂടപ്പംപോലെ. ആത്മകഥ പുറത്തിറങ്ങി നാലു ദിവസങ്ങള്‍ക്കുള്ളില്‍ അയ്യായിരം കോപ്പികള്‍ വീതമുള്ള രണ്ട് എഡിഷനുകളും വിറ്റുതീര്‍ന്നു.
വികസനകാര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം സര്‍ക്കാരിനൊപ്പമാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. രാഷ്ട്രീയ വിയോജിപ്പുകള്‍ മാത്രമാണ് പ്രതിപക്ഷത്തിനുള്ളത്. വ്യവസായം തുടങ്ങാന്‍ എത്തുന്നവരെ സര്‍ക്കാര്‍ വിശ്വാസത്തോടെ കാണുന്നുണ്ടെന്നും മന്ത്രി ദുബായില്‍ പറഞ്ഞു.
വീടുവക്കാനുളള അഞ്ചു സെന്റ് ഭൂമി തരം മാറ്റിക്കിട്ടാന്‍ പത്തു വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ് തൃശൂര്‍ കൊരട്ടി സ്വദേശി ശ്രീജ. തൊട്ടടുത്തുളള ഭൂവുടമകളെല്ലാം വീടുവച്ചിട്ടും ശ്രീജക്ക് അനുമതി നല്‍കാതെ കൃഷി ഓഫീസര്‍ തട്ടിക്കളിച്ചെന്നാണു പരാതി. മുപ്പതു വര്‍ഷമായി നെല്‍കൃഷി ചെയ്യാതെ തരിശിട്ട സ്ഥലം 2012 ലാണ് ശ്രീജ രണ്ടു ലക്ഷം രൂപ മുടക്കി വാങ്ങിയത്. അസുഖബാധിതനായി കിടപ്പിലായ ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കും ഒപ്പം താമസിക്കാന്‍ ഒരു കൊച്ചു വീടായിരുന്നു സ്വപ്നം.
സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സര്‍ക്കാരിലെ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്, സോര്‍ട്ടിങ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ വിവിധ തസ്തികകളിലേക്കാണു നിയമനം. പ്രായപരിധി 2022 ജനുവരി ഒന്നിന് 18 നും 27നും മധ്യേ. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് ഏഴ്.
കോണ്‍ഗ്രസ് കുടുംബപാര്‍ട്ടിയാണെന്നും കുടുംബാധിപത്യം രാജ്യത്തിന് ആപത്താണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍. മഹാത്മാഗാന്ധി പിരിച്ചുവിടാന്‍ പറഞ്ഞ പാര്‍ട്ടിയാണത്. തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ കൈയിലെടുക്കാനുള്ള ആരോപണവും മോദി ഉന്നയിച്ചു. ഗോവ വിമോചന സമരത്തില്‍ നെഹ്റു നിഷ്‌ക്രിയനായിരുന്നു. സിഖ് വിരുദ്ധ കലാപത്തിനു കോണ്‍ഗ്രസാണ് ഉത്തരവാദികള്‍. പ്രധാനമന്ത്രി പറഞ്ഞു.

മതം, ഭാഷ, വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ പലതിന്റേയും അടിസ്ഥാനത്തില്‍ രാജ്യത്തെ ജനങ്ങളെ ബിജെപി വിഭജിക്കുകയാണെന്ന് ശശി തരൂര്‍ എംപി പാര്‍ലമെന്റില്‍. കോണ്‍ഗ്രസല്ല, ബിജെപിയാണ് ജനങ്ങളെ ദ്രോഹിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
മഹാഭാരതം ടെലിവിഷന്‍ സീരിയലില്‍ ഭീമസേനനെ അവതരിപ്പിച്ച നടനും കായികതാരവുമായ പ്രവീണ്‍ കുമാര്‍ സോബ്തി അന്തരിച്ചു. 74 വയസായിരുന്നു. ആറര അടിയിലേറെ പൊക്കമുള്ള പ്രവീണ്‍ കുമാര്‍ എഴുപതുകളുടെ അവസാനം ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് അഭിനയ രംഗത്തേക്കെത്തിയത്.
യുക്രെയ്ന്‍ - റഷ്യ സംഘര്‍ഷം ലഘൂകരിക്കാന്‍ മുന്‍കൈയെടുത്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. അഞ്ചു മണിക്കൂറോളമാണ് ക്രെംലിനിലെ കൂടിക്കാഴ്ച നീണ്ടത്. ഇന്ന് യുക്രെയ്നിലെത്തി പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കിയുമായും മക്രോണ്‍ കൂടിക്കാഴ്ച നടത്തും.
ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയില്‍ നിന്നും പടിയിറങ്ങി പീറ്റര്‍ തീല്‍. 2005 മുതല്‍ കമ്പനിയുടെ ബോര്‍ഡില്‍ ഉണ്ടായിരുന്ന ആദ്യകാല നിക്ഷേപകനാണ് പീറ്റര്‍ തീല്‍. തിങ്കളാഴ്ചയാണ് വിരമിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചത്. ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനമായ പേപാലിന്റെ സഹസ്ഥാപകനും സിലിക്കണ്‍ വാലിയിലെ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ അപൂര്‍വ ശബ്ദവുമായ തീല്‍, 2004-ല്‍ ഫെയ്സ്ബുക്ക് നിക്ഷേപകനായി. കമ്പനിയ്ക്ക് 5 മില്യണ്‍ ഡോളര്‍ മൂല്യമുണ്ടായിരുന്ന സമയത്ത് 10 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയാണ് തീല്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ സ്ഥാനമുറപ്പിക്കുന്നത്. അടുത്തിടെ മെറ്റയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് പ്രഖ്യാപനം.
തുടര്‍ച്ചയായി രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. പവന് 160 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,320 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 4540 രൂപയാണ് ഇന്നത്തെ വില. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇന്നലെ സ്വര്‍ണ വില വീണ്ടും കൂടിയത്. പിന്നാലെ ഈ മാസത്തെ ഉയര്‍ന്ന നിരക്കിലേക്ക് ഇന്ന് വില വര്‍ധിച്ചു.

ദളപതി 66നെ പറ്റിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയില്‍ സജീവമാകാന്‍ തുടങ്ങിയിട്ട് കാലമേറെയായി. സംവിധായകന്‍ വംശി പെടിപ്പള്ളിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഈ ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്താന്‍ പോകുന്നത്. ഒന്ന് ഒരു യുവാവായും മറ്റൊന്ന് എറോട്ടോമാനിയ ബാധിതനനുമായിട്ടായിരിക്കും. പ്രശസ്തനായ ഒരു വ്യക്തി തന്നെ പ്രണയിക്കുന്നു എന്ന് തോന്നിക്കുന്ന മാനസികാവസ്ഥയാണ് എറോട്ടോമാനിയ. അഴകിയ തമിഴ്മകന്‍, കത്തി, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇത് നാലാം തവണയാണ് വിജയ് ഇരട്ടവേഷത്തിലെത്തുന്നത്.
വിജയ് നായകനാവുന്ന പുതിയ ചിത്രം ബീസ്റ്റില്‍ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറാണ്. ക്രിയേറ്റിവിറ്റിയുടെ കാര്യത്തില്‍ എപ്പോഴും തന്റേതായ വ്യതിരിക്തത സൂക്ഷിക്കുന്ന അനിരുദ്ധ് ഇക്കുറി എത്തുന്നത് 'അറബിക് കുത്തു'മായാണ്. ഗാനത്തിന്റെ പ്രൊമോ വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു. സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറും അനിരുദ്ധും വരികള്‍ എഴുതിയിരിക്കുന്ന ശിവകാര്‍ത്തികേയനും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ശബ്ദസാന്നിധ്യമായി വിജയ്യും. വാലന്റൈന്‍ ദിനമായ ഫെബ്രുവരി 14നാണ് ആദ്യ സിംഗിള്‍ എത്തുക. പൂജ ഹെഗ്ഡെയാണ് നായിക.
ഇരട്ട എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി നല്‍കി ബൊലേറോ എസ്യുവിയെ നിശബ്ദമായി അപ്‌ഡേറ്റുചെയ്ത് പ്രമുഖ ആഭ്യന്തര വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. 2022 മഹീന്ദ്ര ബൊലേറോ 3 ട്രിം ലെവലുകളില്‍ വാഗ്ദാനം ചെയ്യുന്നു. ബി4, ബി6, ബി6 എന്നിവയാണവ. 8.85 ലക്ഷം മുതല്‍ 9.86 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം, മുംബൈ) ആണ് ബൊലേറോ ശ്രേണിയുടെ വില. പുതിയ മോഡലിന്റെ വില 14,000 മുതല്‍ 16,000 രൂപ വരെ ഉയര്‍ന്നു.
കൊവിഡ് പിടിപെടാത്തവര്‍ തന്നെ കുറവ് എന്ന അവസ്ഥയിലേക്കാണ് സാഹചര്യങ്ങള്‍ നീങ്ങിയിരിക്കുന്നത്. ഇതിനിടെ ഒരിക്കല്‍ രോഗം പിടിപെട്ട് ഭേദമായവര്‍ക്ക് പിന്നീട് വീണ്ടും രോഗം വരാന്‍ എത്ര സമയമെടുക്കുമെന്ന സംശയം മിക്കവരിലുമുണ്ട്. ഇതിന് കൃത്യമായൊരു ഉത്തരം നല്‍കുക സാധ്യമല്ലെങ്കിലും കുറഞ്ഞത് മൂന്ന് മാസത്തെ സുരക്ഷയെങ്കിലും ഒരു തവണ രോഗം വന്നവരില്‍ ഉണ്ടായിരിക്കുമെന്ന വിലയിരുത്തലാണ് വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്. കൊവിഡ് പിടിപെടുമ്പോള്‍ രോഗകാരിക്കെതിരായ ആന്റിബോഡി നമ്മുടെ ശരീരത്തിലുണ്ടാകുന്നുണ്ട്. ഇതും വാക്‌സിനില്‍ നിന്നുള്ള ശക്തിയും ചേരുമ്പോള്‍ കുറഞ്ഞത് മൂന്ന് മാസത്തേക്ക് എങ്കിലും അടുത്ത ഇന്‍ഫെക്ഷന്‍ വരാതിരിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത് എല്ലാവരിലും ഒരുപോലെ പ്രവര്‍ത്തിക്കണമെന്നുമില്ല. വ്യക്തിയുടെ പൊതുവിലുള്ള ആരോഗ്യാവസ്ഥ, പ്രായം, രോഗപ്രതിരോധ ശേഷി എന്നീ ഘടകങ്ങളെല്ലാം ഇതില്‍ സ്വാധീനം ചെലുത്താം. അതുപോലെ തന്നെ കാര്യമായ രീതിയിലല്ല, കൊവിഡ് ബാധിക്കപ്പെട്ടതെങ്കില്‍ അവരില്‍ ആന്റിബോഡി കുറവായിരിക്കുമെന്നും അതിനാല്‍ തന്നെ ജാഗ്രതയോടെ നീങ്ങിയില്ലെങ്കില്‍ താരതമ്യേന വേഗത്തില്‍ അവരില്‍ വീമ്ടും കൊവിഡ് ഇന്‍ഫെക്ഷനുണ്ടാകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കുകയെന്നത് തന്നെയാണ് ഈ ഘട്ടത്തില്‍ വീണ്ടും രോഗം വരാതിരിക്കാന്‍ നമുക്ക് ചെയ്യാവുന്നത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 74.75, പൗണ്ട് - 101.15, യൂറോ - 85.25, സ്വിസ് ഫ്രാങ്ക് - 80.83, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.29, ബഹറിന്‍ ദിനാര്‍ - 198.30, കുവൈത്ത് ദിനാര്‍ -247.33, ഒമാനി റിയാല്‍ - 194.16, സൗദി റിയാല്‍ - 19.92, യു.എ.ഇ ദിര്‍ഹം - 20.35, ഖത്തര്‍ റിയാല്‍ - 20.53, കനേഡിയന്‍ ഡോളര്‍ - 58.92.