പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
മലമ്പുഴയിലെ മലയിടുക്കില്‍ 45 മണിക്കൂര്‍ കുടുങ്ങിയ ബാബുവിനെ രക്ഷിച്ചു. രക്ഷാദൗത്യ സംഘത്തിലെ രണ്ടു പേര്‍ ബാബുവിനരികിലെത്തി ശരീരത്തില്‍ ബെല്‍റ്റിട്ട് കയറില്‍ ബന്ധിച്ച് മലയുടെ മുകളിലെത്തിച്ചു. ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് താഴെയിറക്കി പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പാലക്കാട്ടെ ആശുപത്രിയിലെത്തിച്ചു. രാവിലെ ബാബുവിന് സൈന്യം വെള്ളവും ഭക്ഷണവും എത്തിച്ചിരുന്നു.സൈനിക ഉദ്യോഗസ്ഥന്‍ കയറിലൂടെ തൂങ്ങിയിറങ്ങിയാണ് ഇവ എത്തിച്ചത്.
ജീവന്‍ രക്ഷിച്ച കരസേനാ ഉദ്യോഗസ്ഥരെ ചുംബിച്ചുകൊണ്ടാണു ബാബു നന്ദി പ്രടിപ്പിച്ചത്. സൈനികരെ ചുംബിക്കുകയും ഭാരത് മാതാ കീ ജയ് വിളിക്കുകയും ചെയ്യുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി. കാലിലേറ്റ ചെറിയ മുറിവ് ഒഴിച്ചാല്‍ ബാബുവിന് കാര്യമായ ആര്യോഗ്യപ്രശ്നങ്ങളില്ല. മലമുകളിലെത്തിയ ശേഷം അമ്മയുമായി ബാബു ഫോണില്‍ സംസാരിച്ചു. ചെറാട് എലിച്ചിരം കുറുമ്പാച്ചി മലമുകളിലാണ് ബാബു രണ്ടു ദിവസം കുടുങ്ങിക്കിടന്നത്.
ബാബുവിനെ കാത്ത് മലക്കു താഴെ മനമുരുകി ഉമ്മ റഷീദ കാത്തിരുന്നു. തിങ്കളാഴ്ചയാണ് ബാബു മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയത്. മകന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ കൈവിടാതെയായിരുന്നു റഷീദയുടെ കാത്തിരിപ്പ്. മകന്‍ ആവശ്യപ്പെട്ട വെള്ളം നല്‍കാന്‍പോലും കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച പകല്‍ മുഴുവന്‍ മലയടിവാരത്തില്‍ കാത്തിരിക്കുകയായിരുന്ന റഷീദ വൈകുന്നേരം കളക്ടര്‍ മൃണ്‍മയി ജോഷി ഇടപെട്ടതോടെയാണ് വീട്ടിലേക്കു തിരിച്ചുപോയത്.
ബാബുവിനെ രക്ഷിച്ച സൈന്യത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഇന്ത്യന്‍ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികര്‍, പാരാ റെജിമെന്റ് സെന്ററിലെ സൈനികര്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്റ് ജനറല്‍ അരുണ്‍ തുടങ്ങി സഹായം നല്‍കിയ എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്കു കുറച്ചു. ആര്‍ടിപിസിആര്‍ നിരക്ക് മുന്നൂറു രൂപയാക്കി. ആന്റിജന്‍ ടെസ്റ്റിന് നൂറു രൂപ, എക്സെപെര്‍ട്ട് നാറ്റ് 2,350 രൂപ, ട്രുനാറ്റ് 1,225 എന്നിങ്ങനെയാണ് നിരക്ക്. പിപിഇ കിറ്റിന് എക്സ്എല്‍ സൈസിനു 154 രൂപയും ഡബിള്‍ എക്സ്എലിനു 156 രൂപയുമാണു വില. എന്‍ 95 മാസ്‌കിന് കുറഞ്ഞത് അഞ്ചര രൂപയും പരമാവധി 15 രൂപയുമാണു വില. അമിത നിരക്കു വാങ്ങുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധനാ നിരക്ക് കുറച്ചു. 2,500 രൂപയില്‍നിന്ന് 975 രൂപയായിട്ടാണു കുറച്ചത്. തെര്‍മോ അക്യുലോ പരിശോധനയ്ക്ക് 1,200 രൂപയാക്കി. വിമാനത്താവളങ്ങളിലെ നിരക്കു കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് നല്‍കിയ അപേക്ഷയില്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു.
അടൂര്‍ ബൈപ്പാസില്‍ കരുവാറ്റ പള്ളിക്കു സമീപം കാര്‍ കനാലിലേക്കു മറിഞ്ഞ് മൂന്നു സ്ത്രീകള്‍ മരിച്ചു. കാറില്‍ ഏഴുപേരുണ്ടായിരുന്നു. നാട്ടുകാര്‍ ഉടനേ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാലാണു നാലു പേരെ രക്ഷിക്കാനായത്.
നിയമസഭാ സമ്മേളനം ഫെബ്രുവരി 18 മുതല്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനം തുടങ്ങുക. രണ്ടു ഘട്ടങ്ങളായി ബജറ്റ് സമ്മേളനം. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചര്‍ച്ചക്ക് ശേഷം സഭ പിരിയും. പിന്നീട് മാര്‍ച്ച് രണ്ടാം വാരം ബജറ്റിനായി ചേരും. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭയില്ല. മാര്‍ച്ച് 11 നായിരിക്കും സംസ്ഥാന ബജറ്റ്.
വികസനം ജനങ്ങളെ പിഴുതെറിയുന്നതാകരുതെന്ന് സാമൂഹിക പ്രവര്‍ത്തക ദയാബായി. കെ റെയില്‍ പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്മാറുംവരെ സമരരംഗത്തുണ്ടാകുമെന്നും ദയാബായി പറഞ്ഞു. കോഴിക്കോട് കാട്ടിലപീടികയിലെ കെ റെയില്‍ വിരുദ്ധ സത്യഗ്രഹ വേദിയില്‍ ഐക്യദാര്‍ഢ്യവുമായെത്തിയതായിരുന്നു ദയാബായി.
സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗ കേസില്‍ പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും. അന്വേഷണ ഉദ്യോഗസ്ഥനായ ഹൈടെക് സെല്‍ അഡീഷണല്‍ എസ്.പി. ,എസ് ബിജുമോനാണ് കൊച്ചിയില്‍ മൊഴി രേഖപ്പെടുത്തുക. ഇന്നലെ യുവതിയുടെ രഹസ്യമൊഴി മജിസ്ടേറ്റ് കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു. ഹോം നഴ്സായി ജോലി ചെയ്യുന്ന യുവതിയെ പത്തു കൊല്ലം മുമ്പ് കൊച്ചിയില്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്നാണ് പരാതി. പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന് യുവതി പറയുന്നു.
കടം വാങ്ങിയ പണം മടക്കി നല്‍കാത്തതിന് തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. നന്നാട്ടുകാവ് സ്വദേശി നസീമിനെ മര്‍ദ്ദിച്ച് പൊട്ടക്കിണറ്റില്‍ തലകീഴായി കെട്ടിത്തൂക്കിയെന്നു നസീം പറയുന്നു. സംഭവത്തില്‍ മൂന്നു പേര്‍ പോത്തന്‍കോട് പൊലീസിന്റെ കസ്റ്റഡിയിലായി.
ബ്രാഹ്‌മണരുടെ കാല്‍ കഴുകിച്ച് ഊട്ടുന്ന വഴിപാടിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയിശാ ക്ഷേത്രത്തില്‍ നടത്തിയ ബ്രാഹ്‌മണരുടെ കാല്‍ കഴുകിച്ച് ഊട്ട് വഴിപാട് വിവാദമായതോടെയാണ് ഹൈക്കോടതിയുടെ നടപടി. പാപപരിഹാരത്തിനെന്ന പേരിലുള്ള ഈ വഴിപാടിന് 20,000 രൂപയാണ് നിരക്ക്. പന്ത്രണ്ട് ബ്രാഹ്‌മണരെ ഇരുത്തി അവരുടെ കാല്‍ കഴുകി ഊട്ടു നടത്തുന്നതാണ് വഴിപാട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കാല്‍കഴുകിച്ചൂട്ട് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ട് തടഞ്ഞിരുന്നു.
കെനിയന്‍ മുന്‍ പ്രധാനമന്ത്രി റയില ഒഡിങ്കയും കുടുംബവും മകളുടെ നേത്ര ചികിത്സയ്ക്കായി കൊച്ചിയിലെത്തി. കൂത്താട്ടുകുളത്തെ ശ്രീധരീയം നേത്ര ചികിത്സാകേന്ദ്രത്തിലാണു റയിലയുടെ നാലു മക്കളില്‍ ഒരാളായ റോസ് മേരി ഒഡിങ്കയുടെ ചികിത്സ.
കളമശ്ശേരി കിന്‍ഫ്രാ വ്യവസായ പാര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഓയില്‍ എക്സ്ട്രാക്ഷന്‍ കമ്പനിയില്‍ അഗ്നിബാധ. ഇന്ന് പുലര്‍ച്ചയോടെയാണ് അഗ്നിബാധ കണ്ടെത്തിയത്. ഗ്രീന്‍ ലീഫ് എന്ന കമ്പനിയിലാണ് അഗ്നിബാധ കണ്ടെത്തിയത്. സുരക്ഷാ ജീവനക്കാരന്‍ അറിയിച്ചതനുസരിച്ച് രണ്ട് അഗ്നിശമന യൂണിറ്റുകളെത്തിയാണ് തീയണച്ചത്.
മീഡിയ വണ്‍ വാര്‍ത്താചാനലിന്റെ സംപ്രേഷണം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് ഡിവിഷന്‍ബഞ്ചില്‍ അപ്പീല്‍ നല്‍കി. വാര്‍ത്താചാനലിനു സര്‍ക്കാരിനെ സന്തോഷിപ്പിക്കുന്ന വര്‍ത്തകള്‍ മാത്രമേ നല്‍കാനാവൂവെന്നു പറയാനാവില്ലെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് നാളെ അപ്പീല്‍ ഹര്‍ജികള്‍ പരിഗണിക്കും.
തിരുവനന്തപുരം ഉച്ചക്കടയില്‍ പയറ്റുവിള സ്വദേശി സജികുമാറിനെ കുത്തിക്കൊന്ന കേസില്‍ രണ്ടു പ്രതികളെകൂടി അറസ്റ്റു ചെയ്തു. റെജി, സജികുമാര്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. നേരത്തെ അറസ്റ്റു ചെയ്തിരുന്ന രണ്ടു പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. റിമാന്‍ഡിലായിരുന്ന മാക്കാന്‍ ബിജു (42), പോരാളന്‍ രാജേഷ് (45) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുത്തത്. സജികുമാറിനെ കുത്തിയ ശേഷം വലിച്ചെറിഞ്ഞ കത്തി പ്രതി രാജേഷിന്റെ വീട്ടിലെ കോഴിക്കൂടിനു മുകളില്‍നിന്ന് കണ്ടെത്തി.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ അപ്പീല്‍ നല്‍കി. ജില്ലാ പ്രിന്‍സിപ്പല്‍ കോടതിയിലാണ് അപ്പീല്‍ നല്‍കിയത്.
വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ തെന്നിമാറിയതിനു മധ്യപ്രദേശ് സര്‍ക്കാര്‍ പൈലറ്റിനോട് 85 കോടി രൂപ പിഴയായി അടക്കാന്‍ ആവശ്യപ്പെട്ടു. ക്രാഷ് ലാന്‍ഡ് ചെയ്ത് വിമാനത്തിന് കേടുപാടുകള്‍ വരുത്തി എന്ന കുറ്റത്തിനാണ് സര്‍ക്കാര്‍ ഇത്രയും ഭീമമായ തുക അടക്കാന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടത്. കൊവിഡ് ചികിത്സയ്ക്കുള്ള ആന്റി വൈറല്‍ മരുന്നായ റെംഡിസിവിറുമായി വന്ന വിമാനമാണ് തെന്നിമാറിയത്.
കര്‍ണാടകയില്‍ ഹിജാബ് വിവാദം കത്തി നില്‍ക്കെ അഭിപ്രായപ്രകടനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ബിക്കിനിയായാലും ഉത്തരേന്ത്യന്‍ സ്ത്രീകള്‍ തലയും മുഖവും മറച്ചു ധരിക്കുന്ന ഘൂംഘാട്ടായാലും ജീന്‍സായാലും ഹിജാബ് ആയാലും എന്തു ധരിക്കണമെന്നു തീരുമാനിക്കാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. സ്ത്രീകളെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും പ്രിയങ്ക കുറിച്ചു.
റിട്ടയേഡ് വ്യോമസേന പൈലറ്റും ഭാര്യയും ബംഗളൂരുവിലെ വില്ലയില്‍ കൊല്ലപ്പെട്ട നിലയില്‍. ചെന്നൈ സ്വദേശി രഘുരാജന്‍ എന്ന എഴുപതുകാരനും ഭാര്യ ആശയുമാണ് ബിദദിയിലെ വില്ലയില്‍ മരിച്ചത്. വീട്ടുജോലിക്കാരനായ ജോഗീന്ദര്‍സിംഗ് ഒളിവിലാണ്.
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന് അഹമ്മദാബാദില്‍. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്.
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ കുതിപ്പ്. ഇന്ന് 120 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇന്നലെയും 160 രൂപ കൂടിയിരുന്നു. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില കുതിച്ചു. 22 കാരറ്റ് വിഭാഗത്തില്‍ ഇന്ന് മാത്രം ഒരു ഗ്രാമിന് വില 15 രൂപ ആണ് ഉയര്‍ന്നത്. ഒരു പവന്റെ വിലയില്‍ 120 രൂപയുടെ വര്‍ധനവുണ്ടായി. ഇന്നലെ ഗ്രാമിന് 20 രൂപ വര്‍ധിച്ച് 4540 രൂപയായിരുന്നു. ഗ്രാമിന് 4555 രൂപയാണ് ഇന്നത്തെ വില. ഒരു പവന് ഇന്ന് 36440 രൂപയാണ്.
പ്രമുഖ ടെലികോം കമ്പനി ഭാരതി എയര്‍ടെല്ലിന് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസത്തില്‍ വരുമാനം കൂടി, ലാഭം കുറഞ്ഞു. ലാഭത്തില്‍ 2.8 ശതമാനം ഇടിവാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. 830 കോടി രൂപയാണ് ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ കമ്പനി നേടിയത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ കമ്പനി 854 കോടി രൂപ ലാഭം നേടിയിരുന്നു. എന്നാല്‍ വരുമാനം 12.6 ശതമാനം കൂടി. 29867 കോടി രൂപയാണ് കമ്പനിയുടെ ത്രൈമാസ വരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 26518 കോടി രൂപ വരുമാനമാണ് ഉണ്ടായിരുന്നത്.
വിക്രവും മകന്‍ ധ്രുവ് വിക്രവും സ്‌ക്രീനില്‍ ആദ്യമായി ഒരുമിച്ചെത്തുന്നതിന്റെ പേരില്‍ പ്രേക്ഷകരുടെ സവിശേഷ ശ്രദ്ധ ലഭിച്ച ചിത്രമാണ് മഹാന്‍. ഡയറക്റ്റ് ഒടിടി റിലീസ് ആയി നാളെ (ഫെബ്രുവരി 10) ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേത്ത് എത്തുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. 'മിസ്സിംഗ് മീ' എന്ന ഗാനം റാപ് സ്വഭാവത്തിലുള്ളതാണ്. തമിഴിലും ഇംഗ്ലീഷിലും വരികളുണ്ട്. വരികള്‍ എഴുതിയിരിക്കുന്നതും ആലാപനവും ധ്രുവ് വിക്രമാണ്. സന്തോഷ് നാരായണന്റേതാണ് സംഗീതം.
തരംഗം തീര്‍ത്ത് ബ്രോധ വിയുടെ (വിഗ്നേഷ് ശിവാനന്ദന്‍ ) ഏറ്റവും പുതിയ മ്യൂസിക്കല്‍ വീഡിയോ ആള്‍ ഡിവൈന്‍. വിവിധ ഭാഷകള്‍ കോര്‍ത്തിണക്കി ഒരുക്കിയിരിക്കുന്ന ഗാനം ബ്രോധ വിയുടെ തനത് റാപ്പോ ശൈലിയും ക്ലാസിക് സംഗീതവും ഒത്തു ചേരുന്ന മനോഹരമായ ഫ്യൂഷന്‍ ആണ്. മലയാളത്തില്‍ ഒരുക്കിയിരിക്കുന്ന കോറസാണ് ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്.
ഓസ്ട്രിയന്‍ ബ്രാന്‍ഡായ കെടിഎം 2022 890 ഡ്യൂക്ക് ആര്‍ മോഡല്‍ പുതിയ പെയിന്റ് സ്‌കീമുമായി പുറത്തിറക്കി. 2022 മോഡല്‍ വര്‍ഷത്തില്‍, മോട്ടോ ജിപിയില്‍ കെടിഎം മത്സരിക്കുന്ന ആര്‍സി16 മോട്ടോര്‍സൈക്കിളുകളെ അനുസ്മരിപ്പിക്കുന്ന ഒരു പുതിയ പെയിന്റ് ഓപ്ഷന്‍ 890 ഡ്യൂക്ക് ആറിന് ലഭിക്കുന്നു. ഈ പുതിയ നിറം വലിയ 1290 സൂപ്പര്‍ ഡ്യൂക്ക് ആറിലും ലഭ്യമാണ്. പുതിയ മാറ്റ് നിറത്തെ അറ്റ്ലാന്റിക് ബ്ലൂ എന്ന് വിളിക്കുന്നു. പുതിയ കളര്‍ സ്‌കീം മാറ്റിനിര്‍ത്തിയാല്‍, മോട്ടോര്‍സൈക്കിള്‍ മാറ്റമില്ലാതെ തുടരുന്നു.
നൂറില്‍പരം ചലചിത്രങ്ങള്‍ക്ക് തിരക്കഥയിലൂടെ ആരൂഢം തീര്‍ത്ത ജോണ്‍ പോളിന്റെ ജീവിതം. എഴുത്ത് ചിന്ത എന്നിവയിലൂടെ കടന്നു പോകുന്ന ദീര്‍ഘ സംഭാഷണം. സൗഹൃദയവും ആത്മീയതയും വിശ്വാസവും യാത്രയും സ്വപ്നങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും പരാജയവും പ്രണയവും പെണ്ണനുഭവങ്ങളും പ്രതിപാദ്യമാകുന്ന ഈ പുസ്തകത്തില്‍ ഇതുവരെ രേഖപ്പെടുത്താത്തനിരവധി അനുഭവങ്ങളും നിലപാടുകളും ചിതറി കിടക്കുന്നു. 'ജോണ്‍ പോള്‍ സംഭാഷണത്തിലൂടെ ജീവിതം വരയുന്നു'. സുനീഷ് കെ. ടെല്‍ബ്രെയ്ന്‍ ബുക്സ്. വില 650 രൂപ.
കൊവിഡ് 19 അടിസ്ഥാനപരമായി ഒരു ശ്വാസകോശരോഗമാണെങ്കില്‍ പോലും അത് വിവിധ രീതിയില്‍ നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് നാം കണ്ടു. കൊവിഡ് വന്ന് ഭേദമായാല്‍ പോലും ദീര്‍ഘകാലത്തേക്ക് കൊവിഡ് അനുബന്ധ പ്രശ്‌നങ്ങള്‍ നീണ്ടുനില്‍ക്കാം. പ്രധാനമായും തളര്‍ച്ച, കാര്യങ്ങളിലെ അവ്യക്തത, ചുമ പോലുള്ള പ്രശ്‌നങ്ങളാണ് 'ലോംഗ് കൊവിഡ്' ആയി വരുന്നത്. ഇതിനൊപ്പം തന്നെ പലരും നേരിടുന്ന മറ്റൊരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. അതുപോലെ ചര്‍മ്മപ്രശ്‌നങ്ങളും. കൊവിഡിന് ശേഷം ചര്‍മ്മം 'ഡ്രൈ' ആകുന്നത് പലരും പരാതിപ്പെടുന്നൊരു പ്രശ്‌നമാണ്. ഇതൊഴിവാക്കാന്‍ മോയിസ്ചറൈസര്‍ ഉപയോഗിക്കണമെന്നും വെള്ളമടക്കമുള്ള പാനീയങ്ങള്‍ കാര്യമായി കഴിക്കണമെന്നും ഡോക്ടര്‍ പറയുന്നു. ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്നത് ഒഴിവാക്കാനും ഇലക്ട്രോലൈറ്റ്‌സ് നഷ്ടം പരിഹരിക്കന്നതിനും വെള്ളവും പാനീയങ്ങളും നിര്‍ബന്ധമാണ്. കൊവിഡ് അനുബന്ധമായി മുടി കൊഴിയുന്നതില്‍ അസാധാരണമായി ഒന്നുമില്ല. പലരും ഇക്കാര്യത്തില്‍ അധികമായി ഉത്കണ്ഠപ്പെടേണ്ടതില്ല. പതിയെ ഡയറ്റിലൂടെയും ജീവിതരീതികളിലൂടെയും ഈ പ്രശ്‌നം അതിജീവിക്കാം. പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണം, വൈറ്റമിന്‍ (എ,ബി,സി,ഡി,ഇ) കാത്സ്യം- സിങ്ക്- അയേണ്‍- മഗ്നീഷ്യം എന്നിവ കാര്യമായി അടങ്ങിയ ഭക്ഷണം എന്നിവ ഡയറ്റിലുള്‍പ്പെടുത്തണം. ഇത് മുടി കൊഴിച്ചിലും ചര്‍മ്മ പ്രശ്‌നങ്ങളും തടയാന്‍ ഒരുപോലെ സഹായകമാണ്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 74.81, പൗണ്ട് - 101.45, യൂറോ - 85.46, സ്വിസ് ഫ്രാങ്ക് - 81.01, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.54, ബഹറിന്‍ ദിനാര്‍ - 198.45, കുവൈത്ത് ദിനാര്‍ -247.52, ഒമാനി റിയാല്‍ - 194.32, സൗദി റിയാല്‍ - 19.94, യു.എ.ഇ ദിര്‍ഹം - 20.37, ഖത്തര്‍ റിയാല്‍ - 20.55, കനേഡിയന്‍ ഡോളര്‍ - 58.85.