പ്രധാനപ്പെട്ട വാർത്തകൾ ഒറ്റനോട്ടത്തിൽ
സംസ്ഥാന സര്‍ക്കാരിന്റെ ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സില്‍ ഒപ്പിടേണ്ടത് ഗവര്‍ണ്ണറെന്ന നിലയിലെ ഭരണഘടനാ ചുമതലയാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചു. നിയമവിരുദ്ധമായ ഒന്നും തനിക് ബില്ലില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രിസഭയുടെ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഗവര്‍ണര്‍ എന്ന നിലയില്‍ താന്‍ ബാധ്യസ്ഥനാണെന്നും ഗവര്‍ണര്‍ ദില്ലിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിവാദങ്ങള്‍ തുടരുന്നതിനിടെ പ്രതികരണവുമായി ലോകായുക്ത. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യും, സെക്ഷന്‍ 14 പ്രകാരം റിപ്പോര്‍ട്ട് നല്‍കാന്‍ ഇപ്പോഴും അധികാരമുണ്ടെന്നും മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് മറുപടി പറയേണ്ടതില്ലെന്നും ലോകായുക്ത പ്രതികരിച്ചു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളത്തിന് എതിരായ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. ഇതില്‍ പ്രതിഷേധിച്ച് ഇടതുപക്ഷ എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ബിജെപി അധികാരത്തില്‍ വന്നില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളം പോലെയാകുമെന്ന യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം കഴിഞ്ഞ അഞ്ച് വര്‍ഷം കേരളം ഭരിച്ച സര്‍ക്കാരുമായിട്ടുള്ള താരതമ്യമാണെന്ന് ന്യായീകരിച്ച് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. അതിനെ കേരളത്തിനെതിരെയുള്ള പ്രചാരണമായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
അംബാനിയേയും അദാനിയേയും പോലുള്ള വ്യവസായികള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാല്‍ അവരെ ആരാധിക്കണമെന്ന് ബിജെപി എംപി അല്‍ഫോണ്‍സ് കണ്ണന്താനം. രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച് പ്രതിപക്ഷവും സര്‍ക്കാരും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടന്നുവരുന്നതിനിടെയാണ് രാജ്യസഭയില്‍ കണ്ണന്താനം ഇങ്ങനെ പറഞ്ഞത്.
മലമ്പുഴ കുമ്പാച്ചിമലയിലെ പാറയിടുക്കില്‍ നിന്ന് കരസേന രക്ഷപ്പെടുത്തിയ ബാബു ആശുപത്രി വിട്ടു. പരിശോധനയില്‍ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അമ്പലമുക്ക് കൊലപാതകത്തിലെ പ്രതി പിടിയില്‍. തമിഴ്നാട് സ്വദേശി രാജേഷാണ് പിടിയിലായത്. പൊലീസ് സംഘം തമിഴ്നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്നാണ് വിവരം. വിനീതയുടെ മോഷ്ടിച്ച മാല കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.
ലോകായുക്ത ഓര്‍ഡിനനിന്‍സിലും കെ റെയിലിലും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എറണാകുളം അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ചര്‍ച്ച വേണ്ടാത്ത മാവോലൈനാണ് സംസ്ഥാന സര്‍ക്കാരിനെന്നാണ് മുഖപത്രത്തിലെ രൂക്ഷ വിമര്‍ശനം.
സിപിഎം സംസ്ഥാന സമ്മേളനത്തിന് മാറ്റമില്ല. സമ്മേളന തീയതികള്‍ മാറ്റേണ്ടതില്ലെന്നാണ് തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീയതിക്കും മാറ്റമില്ല. മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെയാണ് സംസ്ഥാന സമ്മേളനം നടക്കുക. ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളില്‍ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. അതേ സമയം കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി റാലി ഒഴിവാക്കിയിട്ടുണ്ട്.
ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ അറസ്റ്റിലായി. പീച്ചി പട്ടിക്കാട് സ്വദേശി സി. എല്‍ ഔസേപ്പ് ആണ് അറസ്റ്റിലായത്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ആദര്‍ശിന്റെ അച്ഛനും ബിത്തിന്റെ സഹോദരന്‍ കെ. ശരതും രംഗത്തെത്തിയിരുന്നു. നടന്നത് കൊലപാതകം തന്നെയെന്നാണ് ഇവരുടെ ആരോപണം.
മുന്‍ മിസ് കേരളയുള്‍പ്പെടെ മൂന്ന് പേരുടെ അപകട മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്ക്ക് എതിരെ പോക്സോ കേസ് കൂടി. നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് ഹോട്ടല്‍ ഉടമ റോയ് വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയിലാണ് കേസെടുത്തത്. റോയുടെ സുഹൃത്ത് സൈജു തങ്കച്ചനും മറ്റൊരു യുവതിക്കെതിരെയും പരാതിയുണ്ട്. റോയ് ഉപദ്രവിക്കുന്നത് മറ്റ് പ്രതികള്‍ മൊബൈലില്‍ ചിത്രീകരിച്ചെന്നാണ് ആരോപണം.
കൊവിഷീല്‍ഡ് വാക്സീന്‍ ഡോസുകളുടെ ഇടവേളയില്‍ ഇളവ് തേടി കിറ്റക്സ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ല എന്നും സുപ്രീം കോടതി.
വിദേശ ഡ്രോണുകളുടെ ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ. അതേസമയം തദ്ദേശീയമായ ഡ്രോണുകളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന് ചില ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ണ്ണാടകയിലെ ഹിജാബ് വിവാദം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. ഹര്‍ജികളില്‍ കര്‍ണ്ണാടക ഹൈക്കോടതി എന്ത് നിലപാട് സ്വീകരിക്കുന്നുവെന്ന് നോക്കട്ടേയെന്ന് വ്യക്തമാക്കിയ കോടതി ഇടക്കാല ഉത്തരവിനെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ തയ്യാറായില്ല.
കര്‍ണാടകയിലെ ഹിജാബ് വിവാദങ്ങളില്‍ പ്രതികരിച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രവാചകന്റെ കാലത്തെ സ്ത്രീകള്‍ ഹിജാബ് അനാവശ്യമെന്ന് വിശ്വസിച്ചിരുന്നതായാണ് ഗവര്‍ണറുടെ പ്രതികരണം. 'ദൈവം അനുഗ്രഹിച്ചു നല്‍കിയ സൗന്ദര്യം മറച്ചു വെക്കാനുള്ളതല്ലെന്ന് ആദ്യ തലമുറയിലെ സ്ത്രീകള്‍ വാദിച്ചിരുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരിക്കുന്നു.
വസ്ത്രത്തിന് മുകളിലൂടെ കയറിപ്പിടിച്ചാല്‍ ലൈംഗിക പീഡനമല്ലെന്ന വിവാദ വിധി പ്രസ്താവിച്ച ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗണേധിവാല രാജിവച്ചു. ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായിരുന്ന പുഷ്പ ഗണേധിവാലെയെ വിവാദ ഉത്തരവ് ചൂണ്ടിക്കാട്ടി സ്ഥിരപ്പെടുത്തേണ്ടെന്ന് കൊളീജിയം തീരുമാനമെടുത്തിരുന്നു. ഹൈക്കോടതിയിലെ കാലാവധി നാളെ അവസാനിക്കാനിരിക്കെ ഇതോടെ ജഡ്ജി രാജിവെക്കുകയായിരുന്നു.
യുക്രൈന്‍ - റഷ്യ പ്രതിസന്ധി തുടരുന്നതിനിടെ യുക്രൈനില്‍ നിന്നും പൗരന്മാരെ തിരിച്ചുവിളിച്ച് അമേരിക്ക. ഉടനെ യുക്രൈന്‍ വിടാനാണ് പ്രസഡിന്റ് ജോ ബൈഡന്‍ അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് നിരവധി രേഖകള്‍ നശിപ്പിക്കുകയും കടത്തിക്കൊണ്ടുപോകുകയും ചെയ്തുവെന്ന് ആരോപണം. രേഖകള്‍ കീറി ശൗചാലയത്തില്‍ ഒഴുക്കിയെന്നും ഫ്‌ളോറിഡയിലേക്ക് കടത്തിയെന്നുമാണ് ആരോപണം.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു.
കൊവിഡ് മഹാമാരിയുടെ ഇടവേള കഴിഞ്ഞ് ഐപിഎല്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. 2022 സീസണിലെ മുഴുവന്‍ മത്സരങ്ങള്‍ക്കും ഇന്ത്യ വേദിയാകും. മുംബൈയിലെയും പുനെയിലെയും അഞ്ച് സ്റ്റേഡിയങ്ങളിലായാവും മത്സരങ്ങള്‍.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സ്റ്റെര്‍ലിംഗ് & വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി ലിമിറ്റഡിലെ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ 40 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. 2,845 കോടി രൂപയ്ക്കാണ് ഏറ്റെടുപ്പ് പൂര്‍ത്തിയാക്കിയത്. സ്റ്റെര്‍ലിംഗ് & വില്‍സണ്‍ സോളാറിന്റെ 40 ശതമാനം ഓഹരികള്‍ വാങ്ങാന്‍ 2021 ഒക്ടോബറില്‍ റിലയന്‍സ് കരാറില്‍ ഏര്‍പ്പെട്ടതാണ്. ഓഹരി ഒന്നിന് 275 രൂപ നിരക്കിലാണ് ഇടപാട് നടന്നത്. അതേസമയം റിലയന്‍സിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് ന്യൂ എനര്‍ജി ലിമിറ്റഡ് ലിമിറ്റഡ് അള്‍ട്ടിഗ്രീന്‍ പ്രൊപ്പല്‍ഷന്‍ ലാബ്സ് പ്രൈവറ്റ് ലിമിറ്റഡുമായി കരാരിലേര്‍പ്പെട്ടിരുന്നു. 50.16 കോടി രൂപയുടേതാണ് ഈ ഓഹരി സമാഹരണം.
തദ്ദേശീയ ശീതളപാനീയ ബ്രാന്‍ഡായ തംസ് അപ്പ് 2021ല്‍ ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബ്രാന്‍ഡായി മാറിയെന്ന് കൊക്കകോള. തംസ് അപ്പ് ബ്രാന്‍ഡിന്റെ ഉടമസ്ഥരാണ് ആഗോള ശീതളപാനീയ പ്രമുഖന്‍ കൊക്കകോള കമ്പനി. ഒരു ബില്യണ്‍ ഡോളറിന്റെ വില്‍പ്പനയിലേക്ക് കുതിച്ചുയരുന്ന, രാജ്യത്തെ എയറേറ്റഡ് ഡ്രിങ്ക്സ് വിപണിയിലെ മുന്‍നിരക്കാരില്‍ ഒരാളായ തംസ് അപ്പ് സ്വദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ ഇന്ത്യന്‍ പാനീയ ബ്രാന്‍ഡാണ്.
മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളായ രേവതി വീണ്ടും സംവിധായികയാകുകയാണ്. 'സലാം വെങ്കി' എന്ന ചിത്രമാണ് രേവതി സംവിധാനം ചെയ്യുന്നത്. കജോള്‍ നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് തുടക്കമായതാണ് പുതിയ റിപ്പോര്‍ട്ട്. 'സുജാത' എന്ന കഥാപാത്രമായിട്ടാണ് കജോള്‍ അഭിനയിക്കുന്നത്. ജീവിത പ്രതിസന്ധികളെ ഒരു പുഞ്ചിരിയോടെ നേരിടുന്ന അമ്മയാണ് 'സുജാത' എന്ന കഥാപാത്രം. യഥാര്‍ഥ കഥയാണ് ചിത്രത്തിന്റെ പ്രമേയമായി വരുന്നത്. സമീര്‍ അറോറയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'. കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രം 25ന് തിയേറ്ററുകളില്‍ എത്തും. ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ടു. ജാന്‍വി ശ്രീമങ്കറും ഷൈല്‍ ഹദയും ചേര്‍ന്നാണ് 'ധോലിഡ' എന്ന ഗാനം ആലപിച്ചിരിക്കുന്നത്. കുമാറിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് സഞ്ജയ് ലീല ബന്‍സാലി തന്നെയാണ്. ഹുസൈന്‍ സെയ്ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം.
ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ലു പുതിയ എം4 കോംപറ്റീഷന്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.44 കോടി രൂപ മുതലാണ് പുതിയ മോഡലിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത് . 2020 സെപ്റ്റംബറില്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ച മോഡലാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയ ഈ പുതിയ തലമുറ ബിഎംഡബ്ല്യു എം4. ഇന്ത്യയില്‍ എത്തുമ്പോള്‍ ഓള്‍-വീല്‍ ഡ്രൈവോടുകൂടിയ സ്‌ട്രെയിറ്റ്-6 പെട്രോള്‍ എഞ്ചിനോടെയും പുതിയ ഡിസൈന്‍ ഭാഷയുമായാണ് വാഹനം വരുന്നത്.
കോവിഡ് ചെറിയ തോതില്‍ വന്നുപോയവര്‍ക്കു പോലും ഹൃദയാരോഗ്യപ്രശ്‌നങ്ങള്‍ കൂടുതലെന്ന് പഠനം. കോവിഡ് വന്ന് ആശുപത്രി വാസമോ മറ്റു ചികിത്സയോ ആവശ്യമില്ലാതെ രോഗം ഭേദമായവര്‍ക്കു പോലും ഹൃദയാഘാതത്തിനും ഹൃദയസംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ക്കും സാധ്യത കൂടുതലാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. കോവിഡ് ബാധിച്ചവരില്‍ പല തരത്തില്‍ ഹൃദയപ്രശ്‌നങ്ങള്‍ ദൃശ്യമാവുന്നുണ്ടെന്ന് അമേരിക്കയിലെ സെന്റ് ലൂയിസ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. ചെറിയ തോതില്‍ കോവിഡ് വന്നവര്‍ മുതല്‍ ആശുപത്രി ചികിത്സ ആവശ്യമായവര്‍ വരെയുള്ളവരില്‍ പല അളവിലാണ് ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. കോവിഡ് വന്ന ശേഷം ഒരു വര്‍ഷത്തോളം ഇവരില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍ പ്രകടമാവുമെന്നാണ് ഗവേഷകരുടെ പക്ഷം. കോവിഡ് ബാധിച്ചു കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതെ അതിജീവിച്ചവരില്‍ ഗുരുതരമായ പോസ്റ്റ് കോവിഡ് സാഹചര്യം ഉണ്ടാവില്ലെന്ന മുന്‍ നിഗമനത്തിനു വിരുദ്ധമാണ് പഠനത്തിലെ കണ്ടെത്തലുകള്‍. ലക്ഷണമില്ലാത്ത വിധം നേരിയ തോതില്‍ കോവിഡ് ബാധിച്ചവരില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നായിരുന്നു നേരത്തെ വൈദ്യശാസ്ത്രത്തിന്റെ നിഗമനം. കോവിഡ് വന്നു പോയ ശേഷം ഹൃദയാരോഗ്യ സംരക്ഷണത്തില്‍ കുടുതല്‍ ശ്രദ്ധ വേണ്ടതുണ്ടെന്ന സൂചനയാണ് പഠനം മുന്നോട്ടുവയ്ക്കുന്നത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ - 75.34, പൗണ്ട് - 102.03, യൂറോ - 85.82, സ്വിസ് ഫ്രാങ്ക് - 81.20, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.73, ബഹറിന്‍ ദിനാര്‍ - 199.80, കുവൈത്ത് ദിനാര്‍ -249.02, ഒമാനി റിയാല്‍ - 195.63, സൗദി റിയാല്‍ - 20.07, യു.എ.ഇ ദിര്‍ഹം - 20.50, ഖത്തര്‍ റിയാല്‍ - 20.68, കനേഡിയന്‍ ഡോളര്‍ - 59.19.