അഡോൺ അന്നാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രമുഖ സിനിമ നിർമാണ കമ്പനിയായ ഗുഡ് വിൽ എൻ്റർടെയിൻമെൻ്റ്സ് ആണ് "കണ്ടുവോ നീയും" എന്ന മ്യൂസിക്കൽ ആൽബം പുറത്തിറക്കിയിരിക്കുന്നത്. കട്ടപ്പന സ്വദേശി സുജാത ഫ്രാൻസിസ് രചനയും സംഗീതവും നിർവഹിച്ച ആൽബം ജയരാജ് കട്ടപ്പനയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ആൽബം റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ സാമൂഹ്യ മാധ്യമങ്ങളും യുവാക്കളും ഗാനം ഏറ്റെടുത്തു കഴിഞ്ഞു. സ്വപ്നം കാണുകയെന്നത് മനുഷ്യരുടെ നൈസര്‍ഗിക വാസനയാണ് ആ സ്വപ്നങ്ങള്‍ നാളേക്കുള്ള മോഹങ്ങള്‍ക്ക് പിറവി നല്‍കുന്നു. ലക്ഷ്യത്തിൽ എത്തിച്ചേർന്ന ആ സ്വപ്നത്തിന്റെ ഓർമകളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഈ മ്യൂസിക്കൽ ആൽബത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തകനായ അഖിൽ ഫിലിപ്പ്, അശ്വതി വിജയൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകനും അഭിനേതാവുമായ സൂര്യലാൽ കട്ടപ്പന ഭാര്യ ശ്യാമ എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ഭാര്യഭർത്താക്കന്മാരായ ഇവർ നായികാനായകന്മാരായി അഭിനയിച്ചുവെന്ന പ്രത്യേകതയും ഈ ആൽബത്തിനുണ്ട്.മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്ന പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഇടുക്കിയുടെ നയന മനോഹരമായ ദൃശ്യങ്ങൾ കോർത്തിണക്കി അയ്യപ്പൻകോവിൽ, ചേറ്റുകുഴി. മാട്ടുക്കട്ട തുടങ്ങിയ പ്രദേശങ്ങളിലാണ് ആൽബത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചത്. ഷൈജു ശിവനാണ് ആൽബത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബിനോ കട്ടപ്പന ,സീനോയ് ജോൺ, സാബു ഹാർമണി, ബ്ലസൺ എന്നിവരാണ് ഓർക്കസ്ട്ര കൈകാര്യം ചെയ്തിരിക്കുന്നത്. ദിലീപ് സുകുമാരൻ എഡിറ്റിങ്ങും ദീപു ഗ്രാമഫോൺ മിക്സിങ്ങും അഞ്ചു ജയരാജ് മേക്കപ്പും നിർവഹിച്ചിരിക്കുന്നു.
മ്യൂസിക്കൽ ആൽബം"കണ്ടുവോ നീയും" കാണുന്നതിനായി ക്ലിക്ക് ചെയ്യുക.