ജില്ലാ ആസ്ഥാനമായ ഇടുക്കിയിൽ ആദിമ കുടിയേറ്റ കർഷകർ എത്തിയ കുടിയേറ്റ പാത എന്ന വിശേഷണം ഉള്ള ഉടുമ്പന്നൂരിൽ നിന്നു കൈതപ്പാറ വഴി മണിയാറൻകുടിക്കുള്ള റോഡ് നിർമ്മാണത്തിനു വിലങ്ങുതടിയായി വനം വകുപ്പ്. സർവ്വേനടപടികൾ പൂർത്തിയാക്കി റോഡ് യാഥാർഥ്യമാകുമെന്ന സ്ഥിതി വന്നതോടെ രണ്ടു ഗ്രാമങ്ങളെ കുടിയിറക്കാൻ ഒരുങ്ങുകയാണ് വനംവകുപ്പ്.
റോഡിനായി റവന്യു , വനംവകുപ്പുകളുടെ സംയുക്ത നേതൃത്വത്തിൽ സർവേ നടപടികൾ പൂർത്തിയാക്കിയതിനു ശേഷമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കൈതപ്പാറ മനയത്തടം എന്നീ ഗ്രാമങ്ങളിലെ ജനങ്ങളെ കുടിയിറക്കാൻ ശ്രമിക്കുന്നത്. കുടിയിറക്ക് പൂർത്തിയായാൽ റോഡ്‌നിർമ്മാണത്തിന്റെ ആവശ്യമില്ല എന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ. പിഎംജിഎസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം നടത്തുന്നതിനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ സർവേ നടപടികൾ പൂർത്തിയാക്കിയ ശേഷം ഉടുമ്പന്നൂർ കൈതപ്പാറ - മണിയാറൻകുടി വഴി റോഡില്ലെന്നും പാത കടന്നുപോകുന്ന വഴിയിൽ ആനത്താരകൾ ഉണ്ടെന്നുമാണ് വനംവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ഈ റിപ്പോർട്ടിൽ പ്രതിഷേധം ഉയർന്നതോടെ വനത്തിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ നഷ്ടപരിഹാരം നൽകി കാടിനു പുറത്തു പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുമായി വനം വകുപ്പെത്തുകയായിരുന്നു. കൈതപ്പാറ യിൽ നിന്നും മനയത്തടത്തു നിന്നും ആളുകൾ സ്വമേധയ ഒഴിഞ്ഞു പോയാൽ ഉടുമ്പന്നൂരിൽ നിന്ന് ഇന്ന് എളുപ്പത്തിൽ ഇടുക്കിയിൽ എത്താവുന്ന ഈ പാത ഇല്ലാതാവും എന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ.
റീ ബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി കൊല്ലം ഇടുക്കി വയനാട് കാസർഗോഡ് ജില്ലകളിലായി 218.37 ഹെക്ടർ ഭൂമിയിൽ നിന്ന് 683 കുടുംബങ്ങളെ ഒഴിപ്പിക്കാൻ 2019 ൽ സംസ്ഥാന സർക്കാർ 105.91 കോടി യുടെ പദ്ധതി തയാറാക്കിയിരുന്നു. വനത്തിനുള്ളിൽ കഴിയുന്ന കുടുംബങ്ങളെ അവർ തയ്യാറാണെങ്കിൽ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുന്ന പദ്ധതിയാണിത്. എന്നാൽ ഈ പദ്ധതിയിൽ ഇടുക്കി ജില്ലയിലെ മറയൂരിൽ 78.72 ഹെക്റ്റർ ഭുമിയിൽ നിന്നും 92 കുടുംബങ്ങളെ ഒഴിപ്പിക്കാനായിരുന്നു അന്ന് തീരുമാനമെടുത്തത്. പ്രകൃതി ദുരന്തം, വന്യജീവികളുടെ ആക്രമണം എന്നിവയിൽനിന്നും ജനങ്ങളെ മോചിപ്പിച്ചു ഒഴിവാക്കുന്ന ഭൂമി വനമാക്കി മാറ്റുക എന്നതാണ് ഇതിന്റെ ലക്ഷ്യം. എന്നാൽ ഈ പദ്ധതിയിൽ ഇടുക്കി ജില്ലയിലെ കൈതപ്പാറ മനയത്തടം എന്നി ഗ്രാമങ്ങൾ ഉൾപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.
70 വർഷത്തോളം മുൻപ് കുടിയിരുത്തപ്പെട്ട ഈ ഗ്രാമത്തിൽ യാതൊരുവിധ നാശനഷ്ട്ടങ്ങളും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. കുടിയിറക്കുമായി ബന്ധപ്പെട്ടു കോടികളുടെ തട്ടിപ്പിന് വനം വകുപ്പും രാഷ്ട്രീയ നേതാക്കന്മാരും നേതൃത്വം കൊടുക്കുന്നു എന്നാണ് പൊതുജന ആക്ഷേപം. കഴിഞ്ഞ കാലങ്ങളിൻ ഇവിടെ അനേക ഭൂമി കൊടുക്കൽ വാങ്ങലുകൾ നടന്നിട്ടുള്ളത് ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്.
അഞ്ചു സെൻറ് മുതൽ അഞ്ചേക്കർ വരെയുള്ള കുടുംബങ്ങൾക്ക് 15 ലക്ഷം രൂപയും കുടുംബത്തിലെ പ്രായപൂർത്തിയ ആൺകുട്ടിയെ വേറൊരു കുടുംബമായി കണക്കാക്കി 15 ലക്ഷം രൂപയും നൽകുമെന്നാണ് വനംവകുപ്പ് പറയുന്നത്. പ്രായപൂർത്തിയായ രണ്ടിൽ കൂടുതൽ മക്കൾ ഉള്ളവർ സ്ഥലം വനം വകുപ്പിന് വിട്ടുകൊടുക്കാൻ തയാറാക്കുകയും മറ്റുള്ളവർ കൃഷിയെ ആശ്രയിച്ച ഇവിടെ കഴിയാനുമാണ് ശ്രമിക്കുന്നത്. ഇതുമൂലം ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയമാണ് ഇപ്പോൾ വനം വകുപ്പ് സ്വീകരിക്കുന്നത്. അതേസമയം രണ്ടു ഗഡുക്കളയാണ് വനം വകുപ്പ് നഷ്ടപരിഹാരം നൽകുന്നത്.ഇതിൽ ആദ്യ ഗഡു കിട്ടി മുപ്പത് ദിവസത്തിനുള്ളിൽ എല്ലാവരും താമസസ്ഥലത്തു നിന്നും പൂർണ്ണമായി മാറി വനം വകുപ്പിന് സ്ഥലം വിട്ടുനൽകണമെന്നുമാണ് വനംവകുപ്പിന്റെ നിർദേശം. വനംവകുപ്പ് ഇത്തരത്തിലുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത് ഈ പാത ഇല്ലാതാക്കുന്നതിന് വേണ്ടി മാത്രമാണ്. ഈ കാര്യങ്ങൾ ഇടുക്കിയുടെ മന്ത്രികൂടിയായ റോഷി അഗസ്റ്റിനും എംപി ഡീൻ കുര്യാക്കോസിനെയും അറിയാം. ഏറെക്കാലമായി ഉടുമ്പന്നൂർ -കൈതപ്പാറ - ഇടുക്കി റോഡ് ഇരു നേതാക്കൾക്കും തലവേദനയാണ്. കുടിയേറ്റ കർഷകർ കടന്നുവന്ന ഈ പാത അവരുടെ പിൻതലമുറക്കാരായ ഇപ്പോൾ ഇടുക്കിയിൽ ജീവിക്കുന്ന ആളുകളുടെ വികാരവുമാണ്. വനംവകുപ്പ് ആളുകളെ കുടി ഇറക്കിയാൽ അതോടെ ഈ പാത ഇല്ലാതാക്കും എന്നതിനാൽ പിന്നീട് ജനപ്രതിനിധികൾക്ക് ഈ വിഷയത്തിൽ നിന്ന് തലയൂരാൻ ആവും. അതുകൊണ്ട് മാത്രമാണ് ഈ പാതയെ ബാധിക്കുന്ന ഈ വിഷയത്തിൽ ഇരുനേതാക്കളും ഇടപെടാത്തത് എന്നാണ് ജനസംസാരം.
അതേസമയം വനം- റവന്യു വകുപ്പിലെ ചില ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ നടക്കുന്ന ഏകപഷീയമായ തീരുമാനമാണിതെന്നാണ് ഇടുക്കി എംപി ഡീൻ കുര്യക്കോസ് പറയുന്നത്.