പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | മാർച്ച് 25 | വെള്ളി | 1197 | മീനം 11 | മൂലം
കെ റെയില്‍ അടക്കമുള്ള കേരളത്തിന്റെ വികസന വിഷയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതീവ താത്പര്യത്തോടെയാണ് ശ്രവിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തില്‍നിന്ന് അനുകൂല നിലപാടുണ്ടാകും. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ആരോഗ്യപരമായ പ്രതികരണമായിരുന്നു. റെയില്‍വെ മന്ത്രിയുമായി ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പുതന്നു. താന്‍ കേന്ദ്ര റയില്‍വേ മന്ത്രിയെ കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കു ഭൂമി ഏറ്റെടുക്കുന്ന ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. സാമൂഹികാഘാത പഠനത്തിനുശേഷം പാരിസ്ഥിതികാഘാത പഠനം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. കെട്ടിടം നഷ്ടമാകുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരവും പുനരധിവാസവും നല്‍കും. ആരുടെയൊക്കെ ഭൂമി ഏറ്റെടുക്കണമെന്നു കണ്ടെത്താനാണ് സാമൂഹികാഘാത പഠനം. ആരേയും കിടപ്പാടം ഇല്ലാത്തവരാക്കില്ല. മുഖ്യമന്ത്രി ആവര്‍ത്തിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ റെയില്‍ വിരുദ്ധ സമരസമിതി. സര്‍വേയിലൂടെ സ്ഥലം ഏറ്റെടുക്കുകയാണ്. കെ റെയില്‍ സര്‍വേ നമ്പരിലുള്ള ഭൂമിയിലെ വീടുകള്‍ക്കു പഞ്ചായത്തുകള്‍ നമ്പരിട്ടു നല്‍കുന്നില്ല. കെ റെയിലിന് ഏറ്റെടുക്കുന്ന ഭൂമിയല്ലെന്ന് വില്ലേജ് ഓഫീസറുടെ കത്തുണ്ടെങ്കിലേ പഞ്ചായത്ത് അനുമതി നല്‍കൂവെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും കെ റെയില്‍ വിരുദ്ധ സംയുക്തസമരസമിതി ജനറല്‍ കണ്‍വീനര്‍ എസ്.രാജീവും വെവ്വേറെ വാര്‍ത്താസമ്മേളനങ്ങളിലൂടെ അറിയിച്ചു.
കെ റെയില്‍ പദ്ധതി സങ്കീര്‍ണമാണെന്നും പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തിടുക്കത്തില്‍ മുന്നോട്ടു പോകാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും സംസാരിച്ചശേഷമാണ് റെയില്‍വേ മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.
സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള സ്ഥലമെറ്റെടുക്കല്‍ സര്‍വ്വേക്കെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. പദ്ധതിയുടെ പേരില്‍ വിവിധ ജില്ലകളില്‍ കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരാണ് കോടതിയെ സമീപിച്ചത്.
സില്‍വര്‍ ലൈന്‍ പദ്ധതി അലൈന്‍മെന്റ് മാറ്റിയിട്ടില്ലെന്ന് കെ റെയില്‍. സ്വകാര്യ വെബ്സൈറ്റിന്റെ മാപ്പാണ് ആദ്യ അലൈന്‍മെന്റ് എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത്. മന്ത്രി സജി ചെറിയാന്റെ വീടിനെ ബാധിക്കാതിരിക്കാന്‍ അലൈന്‍മെന്റ് മാറ്റിയെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ച പശ്ചാത്തലത്തിലാണ് കെ റെയില്‍ വിശദീകരണം.
സംസ്ഥാനത്തെ മൂന്നു രാജ്യസഭാ ഒഴിവുകളിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി എഎ റഹീം, സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാര്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എന്നിവരാണു തെരഞ്ഞെടുക്കപ്പെട്ടത്. ഏതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാതിരുന്നതിനാല്‍ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ ഇവരെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ദേശീയ പണിമുടക്ക്. വാഹനങ്ങള്‍ ഓടില്ല, കടകമ്പോളങ്ങളും ബാങ്ക് ഉള്‍പെടെയുള്ള ഓഫീസുകളും തുറക്കില്ല. തൊഴിലാളി ദ്രോഹ നിയമങ്ങളും കര്‍ഷക ദ്രോഹ നിയമങ്ങളും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 20 തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് 28, 29 തീയതികളില്‍ പണിമുടക്കുന്നത്.
ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ വര്‍ദ്ധിച്ചത്.
കേരളത്തിലെ കോണ്‍ഗ്രസ് എംപിമാരെ ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നു പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ വിഷയത്തില്‍ പാര്‍ലമെന്റ് കാമ്പസില്‍ പ്രതിഷേധിച്ചതിനാണു ഡല്‍ഹി പോലീസ് അടിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനു ഞാന്‍ മറുപടി പറയണോയെന്നു ചിരിച്ചുകൊണ്ട് ചോദിച്ചാണ് ഇങ്ങനെ പ്രതികരിച്ചത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വസതിയെന്ന ധാരണയില്‍ കെ റെയില്‍ കുറ്റി നാട്ടിയത് കൃഷി മന്ത്രിയുടെ ഔദ്യോഗിക വസതിക്കു പിന്നിലാണെന്ന് പൊലീസ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് അവര്‍ പ്രവേശിച്ചില്ലെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ക്ലിഫ് ഹൗസിരകില്‍തന്നെയാണ് കൃഷി മന്ത്രി പി പ്രസാദിന്റെ ഔദ്യോഗിക വസതി. സ്വകാര്യ വ്യക്തിയുടെ വീടു വഴിയാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അകത്തേക്കു കയറിയതെന്നു സംശയിക്കുന്നു. എന്നാല്‍ ക്ലിഫ് ഹൗസില്‍ തന്നെയാണ് കുറ്റി നാട്ടിയതെന്നാണ് തിരുവനന്തപുരത്തെ ബിജെപി നേതൃത്വം അവകാശപ്പെടുന്നത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് മുത്തുള്ളിയാലില്‍ യുവാവിനെ കൊന്നു കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അനുജനെ കസ്റ്റഡിയിലെടുത്തു. ചേര്‍പ്പ് സ്വദേശി കെ.ജെ.ബാബു (27) ആണ് കൊല്ലപ്പെട്ടത്. മദ്യപിച്ച് ബഹളംവച്ച യുവാവിനെ സഹോദരന്‍ തന്നെ കൊന്ന് കുഴിച്ചുമൂടിയതാണെന്നു പൊലീസ്. ബാബുവിന്റെ അനുജന്‍ കെ.ജെ സാബുവിനെ (24) ആണു പിടികൂടിയത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാംപസില്‍ ബൈക്ക്, കാര്‍ റേസിങ്ങിനിടെ അപകടം. കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. വിദ്യാര്‍ഥികളുടെ യാത്രയയപ്പിനോട് അനുബന്ധിച്ചാണ് റേസിങ് നടന്നത്. കാറിന്റെ ബോണറ്റിനു മുകളില്‍ കയറിയിരുന്നും ഡിക്കിയിലിരുന്നും വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പോലീസ് കേസെടുത്തു. ഒമ്പതു വാഹനങ്ങള്‍ കസ്റ്റഡിയില്‍.
ഇടപ്പള്ളിയില്‍ വീട്ടുജോലിയ്ക്കു നിന്ന കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പവോത്തിത്തറ പോളിനെ അറസ്റ്റു ചെയ്തു. പോളിന്റെ ഭാര്യയും ഇടപ്പള്ളി വനിതാ ക്ഷേമ സമിതി അധ്യക്ഷയുമായ സെലിന്‍ പോള്‍ ഒളിവിലാണ്.
കോഴിക്കോട് മാങ്കാവിലുള്ള ഒറീസ തൊഴിലാളികളുടെ വാടക വീട്ടില്‍നിന്ന് ആറു കിലോഗ്രാമോളം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറീസയിലെ നയാഗര്‍ സ്വദേശി കാര്‍ത്തിക്ക് മാലിക്ക്, ബുക്കാഡ സ്വദേശി ബിക്കാരി സെയ്തി എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്.
യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവിന പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. നല്ലൂര്‍നാട് പായോട് തൃപ്പൈകുളം വീട്ടില്‍ ടി.വി സനൂപ് (26) ആണ് അറസ്റ്റിലായത്.
കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 2020 ലെ ജി.വി. രാജ അവാര്‍ഡ്, സുരേഷ്ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, മറ്റ് അവാര്‍ഡുകള്‍, മാധ്യമ അവാര്‍ഡുകള്‍, കോളേജ്/ സ്‌കൂള്‍/ സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് അക്കാദമി വിഭാഗത്തില്‍ ഏറ്റവും മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച പുരുഷ/ വനിതാ കായിക താരങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവയ്ക്കായി അപേക്ഷ ക്ഷണിച്ചു. വെബ് സൈറ്റിലൂടേയോ തപാലിലൂടേയോ അപേക്ഷിക്കാം. അവസാന സമയം ഏപ്രില്‍ 23.
അന്തര്‍ദേശീയ നരവംശ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഒസെല്ലയെ കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കാതെ സ്വന്തം രാജ്യത്തേക്കു മടക്കി അയച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ഇദ്ദേഹത്തെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു. റിസര്‍ച് വീസയിലാണ് ഫിലിപ്പോ കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴികളെക്കുറിച്ചുള്ള ഒരു ഗവേഷണ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് വന്നത്.
ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. ഇതിനായി വിദഗ്ധ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ രണ്ടാം യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. ലക്നൗവിലെ അടല്‍ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിനാണ് ഇരുപതിനായിരം പേര്‍ പങ്കെടുക്കുന്ന ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യാതിഥി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
പോക്സോ കേസില്‍ ഇരയെ കുറ്റാരോപിതനു ക്രോസ് വിസ്താരം ചെയ്യാമെന്ന നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ച് മദ്രാസ് ഹൈക്കോടതി. കേസില്‍ ഉള്‍പ്പെട്ട സമയത്ത് യുവതിക്കു പ്രായപൂര്‍ത്തിയായിരുന്നില്ല. കോയമ്പത്തൂര്‍ സ്വദേശി എസ്. ഗണേശന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് എ.ഡി.ജഗദീഷിന്റെ വിധി.
ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യീ ഡല്‍ഹിയില്‍ എത്തി. ലഡാക്ക് അതിര്‍ത്തിയിലെ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനു ശേഷം രണ്ടു വര്‍ഷത്തിനിടെ ഇതാദ്യമായാണ് ചൈനയില്‍നിന്ന് ഒരു ഉന്നതാധികാരി ഇന്ത്യയില്‍ എത്തുന്നത്.
സോമാലിയയില്‍ ചാവേറാക്രമണത്തില്‍ വനിതാ പാര്‍ലമെന്റ് അംഗം അടക്കം 15 പേര്‍ കൊല്ലപ്പെട്ടു. പ്രതിപക്ഷ പാര്‍ലമെന്റ് അംഗമായ ആമിന മുഹമ്മദ് അബദിയാണ് കൊല്ലപ്പെട്ടത്.
ബാഹുബലിക്കു ശേഷമുള്ള രാജമൗലി ചിത്രമായ ആര്‍ആര്‍ആര്‍ ഇന്നുമുതല്‍ തിയേറ്ററുകളില്‍. ജൂനിയര്‍ എന്‍ടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം കേരളത്തിലെ അഞ്ഞൂറിലധികം സ്‌ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ലോകമെങ്ങും 10,000 സ്‌ക്രീനുകളില്‍ ആര്‍ആര്‍ആര്‍ റിലീസ് ചെയ്യുന്നുണ്ട്.
മലയാളിയായ ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ബൈജൂസ് ലേണിംഗ് ആപ്ലിക്കേഷന്‍ ഖത്തര്‍ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സര്‍. ഫിഫ ലോകകപ്പിന്റെ സ്‌പോണ്‍സര്‍മാരാകുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് ബൈജൂസ്. ഫുട്ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരായി ബൈജൂസിനെ തെരഞ്ഞെടുത്തതില്‍ ഫിഫയും കമ്പനിയും സന്തോഷം പ്രകടിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കേരളത്തില്‍ ഇന്നലെ 21,229 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 4,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 1,593 കോവിഡ് രോഗികള്‍. നിലവില്‍ 33,753 കോവിഡ് രോഗികളാണുള്ളത്. ആഗോളതലത്തില്‍ ഇന്നലെ പതിനാറ്് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. ദക്ഷിണ കൊറിയയില്‍ നാല് ലക്ഷത്തിനും ജര്‍മനിയില്‍ രണ്ട് ലക്ഷത്തിനും മുള്ല്‍ കോവിഡ് രോഗികള്‍. നിലവില്‍ 5.88 കോടി കോവിഡ് രോഗികളുണ്ട്.
2021 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള മൊത്തം വിദേശ നിക്ഷേപം (എഫ്ഡിഐ) 74.01 ബില്യണ്‍ ഡോളറായി കുറഞ്ഞു. ഇത് മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 87.55 ബില്യണ്‍ ഡോളറില്‍ നിന്ന് 15 ശതമാനം കുറവാണ്. ഇക്വിറ്റി ഇന്‍ഫ്‌ലോ, ഇന്‍കോര്‍പ്പറേറ്റഡ് ബോഡികളുടെ ഇക്വിറ്റി മൂലധനം, പുനര്‍ നിക്ഷേപ വരുമാനം, മറ്റ് മൂലധനം എന്നിവ ഉള്‍പ്പെടുന്നതാണ് എഫ്ഡിഐ വരവ്. എഫ്ഡിഐ വരവ് പ്രകൃതിവിഭവങ്ങളുടെ ലഭ്യത, വിപണി വലിപ്പം, അടിസ്ഥാന സൗകര്യങ്ങള്‍, രാഷ്ട്രീയ, പൊതു നിക്ഷേപ കാലാവസ്ഥ, സ്ഥൂല-സാമ്പത്തിക സ്ഥിരത, വിദേശ നിക്ഷേപകരുടെ നിക്ഷേപ തീരുമാനം എന്നിങ്ങനെയുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. 2020 കലണ്ടര്‍ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2021 കലണ്ടര്‍ വര്‍ഷത്തില്‍ എഫ്ഡിഐ വരവ് 15 ശതമാനം കുറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ബിരിയാണി ബ്രാന്‍ഡായി ഡിണ്ടിഗല്‍ തലപ്പാക്കട്ടിയെ തെരെഞ്ഞടുത്തു. രാജ്യത്തെ സംഘടിത ബിരിയാണി വ്യവസായത്തെ കുറിച്ച് ടെക്നൊപാക്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം ഉള്ളത്. ഇന്ത്യ കൂടാതെ അമേരിക്ക, യു എ ഇ, സിംഗപ്പൂര്‍, മലേഷ്യ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലും തലപ്പക്കട്ടി ബിരിയാണിക്ക് പ്രചാരം ലഭിച്ചിട്ടുണ്ട്. നവംബര്‍ 2021 ല്‍ 75 ഡിണ്ടിഗല്‍ തലപ്പകട്ടി റസ്റ്റൊറന്റുകളിലെ വിറ്റുവരവായ 21 കോടി രൂപയില്‍ 50 ശതമാനവും ബിരിയാണിയില്‍ നിന്നായിരുന്നു. 1957 ല്‍ നാഗസ്വാമി നായിഡു ആന്ധ്രാ വിലാസ് ബിരിയാണി എന്ന പേരില്‍ പാചകം ചെയ്ത ബിരിയാണിയാണ് പിന്നീട് ഡിണ്ടിഗല്‍ തലപ്പാക്കട്ടി യെന്ന് അറിയപ്പെട്ടത്. നാഗസ്വാമി എപ്പോഴും പരമ്പരാഗതമായ തലപ്പാവ് ധരിച്ചിരുന്നതിനാലാണ് ബിരിയാണിക്ക്'തലപ്പാക്കട്ടി' എന്ന പേര്‍ നല്‍കപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യ പ്രത്യകമായി തയ്യാറാക്കിയ ഔഷധ സസ്യങ്ങളും, സുഗന്ധ വ്യഞ്ജനങ്ങളും, പച്ചക്കറികളും, ഇറച്ചിയും ചേരുമ്പോഴാണ് ജനങ്ങള്‍ക്കു ഇഷ്ടപെട്ട ബിരിയാണി രൂപം കൊണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
രാജമൗലിയുടെ പുതിയ ചിത്രം 'ആര്‍ആര്‍ആര്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ റെക്കോര്‍ഡ് നിരക്കിനാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ പിവിആര്‍ ഡയറക്ടേഴ്സ് കട്ടില്‍ ഒരു ടിക്കറ്റിന് 2100 രൂപ ഈടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഗുരാഗണിലെ ആംബിയന്‍സ് ഹാള്‍, മുംബൈയിലെ പിവിആര്‍ എന്നിവടങ്ങളിലും വലിയ തുകയാണ് ആര്‍ആര്‍ആര്‍ ടിക്കറ്റിന്. തെലുങ്കാനയിലെയും ആന്ധ്രയിലെയും തിയറ്ററുകളില്‍ ഏതാണ്ട് ബുക്കിംഗ് അവസാനിച്ചു. ഇംഗ്ലീഷിനു പുറമെ പോര്‍ച്ചുഗീസ്, കൊറിയന്‍, ടര്‍ക്കിഷ്, സ്പാനിഷ് ഭാഷകളിലും ചിത്രം എത്തും.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |