പുതിയതായി വാങ്ങിയ ഇ ബൈക്ക് പൊട്ടിത്തെറിച്ചുള്ള പുക ശ്വസിച്ച് അച്ഛനും മകളും മരിച്ചു.

തമിഴ്നാട്ടിലെ വെല്ലൂരിലാണ് നടുക്കുന്ന സംഭവം. ദുരൈവർമ ( 49 ) , മകൾ മോഹന പ്രീതി ( 13 ) എന്നിവരാണ് മരിച്ചത്. ഏതാനും ദിവസം മുൻപ് വാങ്ങിയ ഇ ബൈക്ക് വീട്ടിൽ ചാർജ് ചെയ്യാനിട്ടിട്ട് ദുരൈവർമയും മകളും ഉറങ്ങുകയായിരുന്നു. രാത്രിയിൽ ബൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്നുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ചാണ് അച്ഛനും മകളും മരിച്ചത്. ആസ്ബറ്റോസ് മേൽക്കൂരയുള്ള വീടാണ് ഇവരുടേത്. ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് ആവാം പൊട്ടിത്തെറിക്കു കാരണമെന്നാണ് കരുതുന്നത്. പഴയ സോക്കറ്റിലാണ് ഇ ബൈക്കിന്റെ ചാർജ് പ്ലഗ് ചെയ്തിരുന്നത്. ബൈക്ക് ചാർജ് ചെയ്യാൻ മാത്രമുള്ള ശേഷി സോക്കറ്റിന് ഉണ്ടായിരുന്നില്ലെന്നാണ് സൂചന.
വർഷങ്ങൾക്ക് മുൻപെ ദുരൈവർമയുടെ ഭാര്യ മരണപ്പെട്ടിരുന്നു. 10 വയസുള്ള മകൻ അവിനാഷ് തൊട്ടടുത്ത ബന്ധു വീട്ടിൽ വിരുന്നുപോയിരുന്നു. രാവിലെ വീട്ടില്‍ തീ കണ്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. ഇ ബൈക്കിലെ തീ തൊട്ടടുത്ത പെട്രോള്‍ ബൈക്കിലേക്കും പടരുന്ന സാഹചര്യമായതിനാല്‍ നാട്ടുകാര്‍ക്ക് അണയ്ക്കാനായില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. ദുരൈവര്‍മയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസം. മകന്‍ രാത്രി ഭക്ഷണം കഴിഞ്ഞതിന് ശേഷം ബന്ധുവിന്റെ വീട്ടിലേക്കു പോയിരുന്നു. ദുരൈവര്‍മയുടെ ഭാര്യ 2013 ലാണ് മരിച്ചത്.