HONESTY NEWS ADS

 HONESTY NEWS ADS


ഇന്നത്തെ(25 മെയ് 2022) പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ.

  പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | മെയ് 25 | ബുധൻ | 1197 |  ഇടവം 11 |  ഉത്രട്ടാതി

ചൈനയ്ക്കു ജപ്പാനിലെ ക്വാഡ് ഉച്ചകോടിയുടെ മുന്നറിയിപ്പ്. ഏകപക്ഷീയമായി അതിര്‍ത്തികളില്‍ കടന്നു കയറ്റം നടത്തരുതെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രത്തലവന്മാര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പുറമേ, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫൂമിയോ കിഷിഡ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ചത്. ഉച്ചകോടി നടക്കുന്നതിനിടെ റഷ്യയും ചൈനയും ജപ്പാന്റെ വ്യോമാതിര്‍ത്തിക്കരികിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയെന്ന് ജപ്പാന്‍ വിദേശകാര്യമന്ത്രി ആരോപിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പാ പലിശ നിരക്കു വര്‍ധിപ്പിച്ചു. ഭവന വായ്പകള്‍ക്കു 50 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് 7.05 ശതമാനമായാണ് ഉയര്‍ത്തിയത്. പേഴ്സണല്‍ ലോണ്‍, കാര്‍ ലോണ്‍ തുടങ്ങിയ റീപോ ബന്ധിത പലിശനിരക്ക് 6.65 ശതമാനമായി വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാകും. ഇതര ബാങ്കുകളും പലിശ നിരക്ക് ജൂണ്‍ മാസത്തോടെ വര്‍ധിപ്പിക്കും.

വിലക്കയറ്റം തടയാന്‍ പഞ്ചസാര കയറ്റുമതിക്കു നിയന്ത്രണം. ആറു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുന്നത്. പഞ്ചസാര കയറ്റുമതി നൂറു ലക്ഷം ടണ്ണായി കേന്ദ്ര സര്‍ക്കാര്‍ പരിമിതപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരാണ് ഇന്ത്യ.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

കെ റെയില്‍ സര്‍വേയ്ക്ക് ജിയോ ടാഗ് നേരത്തെ തന്നെ ആകാമായിരുന്നില്ലേയെന്ന് ഹൈക്കോടതി. സാമൂഹ്യ ആഘാത പഠനത്തിനായി ഇത്രയും കോലോഹലത്തിന്റെ ആവശ്യമില്ലായിരുന്നു. സര്‍വേക്കല്ലുകള്‍ എവിടെയെന്നും കെ റെയിലിനോട് സിംഗിള്‍ ബെഞ്ച് ചോദിച്ചു. ഇനി ജിയോ ടാഗ് വഴിയാണ് സര്‍വേയെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് കോടതി ഇങ്ങനെ ചോദിച്ചത്.

സില്‍വര്‍ലൈന്‍ പദ്ധതിക്കായി റെയില്‍വേ ഭൂമിയില്‍ സംയുക്ത സര്‍വേ നടത്താന്‍ ടെണ്ടര്‍ വിളിച്ച് കെ-റെയില്‍. കല്ലിടല്‍ വേണ്ടെന്നും പൂര്‍ണമായും ജിപിഎസ് ഉപയോഗിച്ച് സര്‍വേ പൂര്‍ത്തിയാക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് ടെണ്ടര്‍ ക്ഷണിച്ചത്. റെയില്‍വെയുടെ കൈവശമുള്ള 178 കിലോമീറ്ററിലാണ് സര്‍വേ നടത്തേണ്ടത്. കല്ലിട്ടുള്ള സര്‍വേയ്ക്ക് റെയില്‍വേ അനുമതി നല്‍കിയിരുന്നില്ല. പാത കടന്നു പോകുന്ന ഭൂമിയുടെ അളവ്, അതിര്‍ത്തി, അലൈന്‍മെന്റില്‍ ഉള്‍പ്പെട്ട സ്ഥലത്തെ റെയില്‍വെ സ്വത്തുക്കളുടെ മൂല്യം എന്നിവയാണ് കണക്കാക്കേണ്ടത്.

നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതി നടന്‍ വിജയ് ബാബു 30 നു കേരളത്തിലെത്തും. ദുബായില്‍ നിന്നു കൊച്ചിയിലേക്കു വിമാനടിക്കറ്റ് ബുക്ക് ചെയ്തതിന്റെ രേഖകള്‍ പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. വിശദമായ യാത്രരേഖകള്‍ ഇന്നു ഹാജരാക്കമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. നാട്ടിലെത്തിയശേഷമേ മുന്‍കൂര്‍ജാമ്യ ഹര്‍ജി പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് വിജയ് ബാബു മടങ്ങിവരുന്നത്. ഇതേസമയം,  റെഡ് കോര്‍ണര്‍ നോട്ടീസിനായി പോലീസ് സിബിഐക്കു കത്തു നല്‍കി.

ഇന്നു മുതല്‍ മൂന്നു ദിവസം കുട്ടികള്‍ക്കു പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തിലാണ് പരമാവധി കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിന്‍ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്‌തോ നേരിട്ട് വാക്‌സിനേഷന്‍ സെന്ററിലെത്തി രജിസ്റ്റര്‍ ചെയ്‌തോ വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. സ്‌കൂള്‍ ഐഡി കാര്‍ഡോ ആധാറോ കൊണ്ടുവരേണ്ടതാണ്.

പാലക്കാട് എക്സൈസ് ഡിവിഷണല്‍ ഓഫീസില്‍നിന്ന് പത്തേകാല്‍ ലക്ഷം രൂപ കൈക്കൂലി പണം പിടികൂടിയ കേസില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എം.എം. നാസര്‍ ഉള്‍പ്പെടെ 14 ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. കള്ളു ഷാപ്പു ലൈസന്‍സികളില്‍നിന്ന് വാങ്ങിയ മാസപ്പടി പങ്കുവയ്ക്കാന്‍ കൊണ്ടുപോകുമ്പോഴാണ് പിടിയിലായത്. സിഐമാരായ എസ് സജീവ്, കെ അജയന്‍, ഇന്‍സ്പെക്ടര്‍ ഇ രമേശ്, സെന്തില്‍കുമാര്‍, നൂറുദ്ദീന്‍, എ.എസ് പ്രവീണ്‍കുമാര്‍, സൂരജ്, പി സന്തോഷ് കുമാര്‍, മന്‍സൂര്‍ അലി, വിനായകന്‍, ശശികുമാര്‍, പി ഷാജി, ശ്യാംജിത്ത് എന്നിവരെയാണു സസ്പെന്‍ഡു ചെയ്തത്.

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി.എ നവാസ്, കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അട്ടിമറിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച കേസ് പുതിയ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ഇന്നു കേസ് പരിഗണിക്കും.

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാര്‍ അതിജീവിതയ്ക്കൊപ്പമാണെന്നും ഉന്നതന്റെ അറസ്റ്റോടെ അതു വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര ഉന്നതനായാലും കേസുമായി മുന്നോട്ടു പോകും. വിസ്മയക്കും ഉത്രയ്ക്കും നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.

അതിജീവിതയ്ക്കു നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃക്കാക്കര തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുകൊണ്ട് ഹര്‍ജി നല്‍കിയതില്‍ ദുരൂഹതയുണ്ട്. പാര്‍ട്ടിയും സര്‍ക്കാരും നടിയ്ക്ക് ഒപ്പമാണ്. കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമെന്ന് വനിതാ കമ്മീഷന്‍. കോടതി തീരുമാനം എടുക്കട്ടെയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി  സതീദേവി പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

നടിയെ ആക്രമിച്ച കേസ് പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇതിനായി സിപിഎം ഉന്നതര്‍ നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസാണെന്ന് മുന്‍മന്ത്രി എം.എം മണി. വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.

വില കുറഞ്ഞ മദ്യം നല്‍കാത്ത ബിവറേജസ് കോര്‍പറേഷന്‍ ഓഫീസിലും മദ്യശാലകളിലും എക്സൈസ് പരിശോധന. കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാലകളിലും പരിശോധന നടത്തി. സ്പിരിറ്റ് വില വര്‍ധിച്ചതുമൂലം മദ്യത്തിനു വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് മദ്യക്കമ്പനികള്‍ മദ്യം എത്തിക്കാത്തതാണു ക്ഷാമത്തിനു കാരണമെന്നാണു റിപ്പോര്‍ട്ട്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക


സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി പോണേക്കര ഗായത്രിനിവാസില്‍ സന്തോഷ് കുമാര്‍ (47), പത്തനംതിട്ട കുമ്പഴ വള്ളിപ്പറമ്പുവീട്ടില്‍ സിറില്‍ (31) എന്നിവരാണ് അറസ്റ്റിലായത്.

കാസര്‍കോട് കല്ലക്കട്ടയില്‍ വന്‍ പാന്‍മസാല വേട്ട. ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് ആയിരം കിലോയോളം പാന്‍ മസാലയാണ് വിദ്യാനഗര്‍ പൊലീസ് പിടികൂടിയത്. 68 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്.

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഉള്ള ആക്രമണങ്ങള്‍ പല രീതിയില്‍ നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കരയില്‍ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് വളരെ കൂടുതല്‍ പ്രാധാന്യമുണ്ട്. രാജ്യത്ത് സുരക്ഷിത ബോധം കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുമായി ഒത്തുകളിക്കുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസെന്നും പല കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്കു മാറുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കരയില്‍ തെരഞ്ഞെടപ്പു പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ വിവിധ ചേരികളിലാക്കാനാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും ശ്രമം. ചില ആരാധനാലയങ്ങള്‍ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് അവരെന്നും പിണറായി കുറ്റപ്പെടുത്തി.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പിണറായിയുടെ  ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ കൊലക്കേസില്‍ രണ്ടുപേരെക്കൂടി അറസ്റ്റു ചെയ്തു. പട്ടാമ്പി സ്വദേശികളായ കെ. അലി, അഷറഫ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിനായി ഗൂഡാലോചന നടത്തിയതിനാണ് അറസ്റ്റ്. ഇതോടെ കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.

തിരുവനന്തപുരം ആര്യനാട് എക്സൈസ് സംഘത്തിനുനേരെ ആക്രമണം. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. തിരുവനന്തപുരം നെടുമങ്ങാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്വരൂപ്, എക്സൈസ് ഓഫീസര്‍മാരായ  ഷജീര്‍, നുജുമുദ്ധീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

46.35 ഗ്രാം എം.ഡി എം എയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. കൊല്ലം കാഞ്ഞാവളി വണ്‍മള സ്വദേശികളായ മുജീബ് (26), മാഹീന്‍ (24) എന്നിവരാണ് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നാണ് എംഡിഎംഎ കടത്തികൊണ്ട് വന്നതെന്ന് പ്രതികള്‍  പറഞ്ഞു.

തൃശൂര്‍ ജില്ലയിലെ ഏനമ്മാവ് ബണ്ടിന്റെ താത്കാലിക മണ്‍ചിറ തുറന്ന് വെള്ളമൊഴുക്കിയത് അശാസ്ത്രീയമെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഏനമ്മാവ് ബണ്ടിനു മുകള്‍ ഭാഗത്തെ താത്കാലിക മണ്‍ചിറ പൊളിച്ചാണു വെള്ളം ഒഴുക്കിക്കളഞ്ഞത്. ചിറ പൊളിച്ചതോടെ ബണ്ടിന്റെ വടക്കുഭാഗത്തേക്കും വെള്ളം ഇരച്ചെത്തി കല്‍ക്കെട്ട് ഇളകി. ഇതോടെ കാഞ്ഞാണി, ഗുരുവായൂര്‍ റോഡില്‍ ഗതാഗതം നിരോധിക്കേണ്ടിവന്നു. കരിങ്കല്ലിറക്കി ബലപ്പെടുത്തിയശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

5,760 മീറ്റര്‍ ഉയരമുള്ള ഉത്തരാഖണ്ഡിലെ ദ്രൗപദി കാ ദണ്ഡ കൊടുമുടി കീഴടക്കി ഇടുക്കി ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍. ഉത്തരകാശിയിലെ നെഹ്റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ്ങിലെ അഡ്വാന്‍സ്ഡ് മൗണ്ടനിയറിംഗ് കോഴ്സിന്റെ ഭാഗമായാണ് അര്‍ജുന്‍ കൊടുമുടി കയറിയത്.

ലാന്‍ഡിംഗിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയര്‍ പൊട്ടി. കോഴിക്കോട്-റിയാദ് സെക്ടറിലെ ഐഎക്സ് 1321 വിമാനത്തിന്റെ ടയറാണ് റിയാദ് രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് പൊട്ടിയത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ചരിത്ര സ്മാരകമായ കുത്തബ് മിനാറില്‍ ആരാധന നടത്താന്‍ അനുവാദിക്കാനാവില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. 1914 മുതല്‍ സംരക്ഷിത സ്മാരകമായി ഏറ്റെടുത്തപ്പോഴും ആരാധന ഉണ്ടായിരുന്നില്ല. ഹിന്ദു, ജൈനമത വിഗ്രഹങ്ങള്‍ പുനഃസ്ഥാപിച്ചുള്ള ആരാധനയ്ക്ക് അനുമതി ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഈ നിലപാട് അറിയിച്ചത്.

ജ്ഞാന്‍വാപി കേസില്‍ ഹിന്ദുസ്ത്രീകള്‍ നല്‍കിയ അപേക്ഷ കേള്‍ക്കാന്‍ സിവില്‍ കോടതിക്ക് അധികാരമില്ലെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ ആദ്യം വാദം കേള്‍ക്കാന്‍ ജില്ലാ കോടതി തീരുമാനം. നാളെ വാദം കേള്‍ക്കല്‍ തുടങ്ങും. സര്‍വ്വെ റിപ്പോര്‍ട്ടിനോട് എതിര്‍പ്പുള്ളവര്‍ക്ക് അതറിയിക്കാന്‍ ഒരാഴ്ച്ചത്തെ സമയം കോടതി നല്‍കി. സുപ്രീംകോടതി ഇടപെട്ട് സിവില്‍ കോടതിയിലെ കേസ് ജില്ലാ കോടതിയിലേക്കു മാറ്റിയിരുന്നു.

അഴിമതി ആരോപണത്തെത്തുടര്‍ന്ന് പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പുറത്താക്കി. പിറകേ വിജയ് സിംഗ്ലയെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യവകുപ്പിലെ ടെണ്ടറുകള്‍ക്കായി കമ്മീഷന്‍ കൈപ്പറ്റിയെന്ന് ആരോപിച്ചാണ് നടപടി.  അഴിമതി വച്ച് പൊറുപ്പിക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ഭാരത് ബന്ത് പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ ബാക്ക്‌വേര്‍ഡ് ആന്‍ഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷന്‍. പിന്നാക്ക വിഭാഗങ്ങളുടെ ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ് ആവശ്യപ്പെട്ടാണ് ബന്ത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച പതിനഞ്ചുകാരന്‍ 15 ദിവസം ഗോശാലയിലും 15 ദിവസം പൊതുസ്ഥലത്തും ശുചീകരിക്കണമെന്നു ശിക്ഷ. 10,000 രൂപ പിഴയടക്കുകയും വേണം. മൊറാദാബാദിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് വിചിത്രമായ ശിക്ഷ വിധിച്ചുകൊണ്ട് ഉത്തരവിട്ടത്.

ആന്ധ്രാപ്രദേശിലെ കൊണസീമ ജില്ലയുടെ പേര് അംബേദ്കര്‍ കൊണസീമ എന്നു മാറ്റിയതില്‍ പ്രതിഷേധിച്ച് പരക്കേ അക്രമം. മന്ത്രി വിശ്വരൂപന്റെ വീട് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. എംഎല്‍എ പൊന്നാട സതീഷിന്റെ വീടിനും പ്രതിഷേധക്കാര്‍ തീയിട്ടു. മൂന്നു ബസ്സും കത്തിച്ചു. കൊണസീമ സാധന സമിതിയാണ് അക്രമം അഴിച്ചുവിട്ടത്.

തമിഴ്നാട്ടില്‍ ബിജെപി ദളിത് മോര്‍ച്ചാ നേതാവിനെ വെട്ടിക്കൊന്നു. ചെന്നൈ നഗരത്തിനടുത്ത് ചിന്താദ്രിപേട്ടില്‍ ബാലചന്ദര്‍ ആണ് കൊല്ലപ്പെട്ടത്. ഇരുചക്രവാഹനത്തില്‍ എത്തിയ മൂന്നംഗ സംഘമാണ് കൊലപാതകം നടത്തിയത്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബ്രിട്ടനിലെ ഇന്ത്യാ വിരുദ്ധനായ മുന്‍ ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിയാനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഫോട്ടോയുമായി ബിജെപി നേതാവ് അമിത് മാളവ്യ. ഇന്ത്യാ വിരുദ്ധരായ ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ്, മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയ ഫോട്ടോ പങ്കുവച്ചാണ് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല തിരിച്ചടിച്ചത്.

ഡല്‍ഹിയിലെ ഹരിയാണ്‍വിയില്‍ രണ്ടാഴ്ചയായി കാണാതായ 26 കാരിയായ ഗായികയുടെ മതൃതേഹം കണ്ടെത്തി. റോഹ്തക് ജില്ലയിലെ ദേശീയ പാതയില്‍ റോഡരികില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. യുവതിയുടെ സുഹൃത്തുക്കളായ രവി, അനില്‍ എന്നിവരെ പൊലീസ് പിടികൂടി.

അബുദാബിയില്‍ മലയാളി ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരിച്ചു. 120 പേര്‍ക്ക് പരിക്കേറ്റു. 56 പേര്‍ക്ക് സാരമായ പരിക്കുണ്ട്. ഖാലിദിയയിലെ ഫുഡ് കെയര്‍ റെസ്റ്റോറന്റിലാണ് പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനെതിരെ വധശ്രമം നടന്നെന്ന് യുക്രൈന്‍ സൈനിക ഉദ്യോഗസ്ഥന്‍. റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ കരിങ്കടലിനും കാസ്പിയന്‍ കടലിനും ഇടയിലുള്ള കോക്കസസ് മേഖലയില്‍വച്ചാണ് പുട്ടിനെ വധിക്കാന്‍ ശ്രമിച്ചത്. യുക്രൈന്‍ ഡിഫന്‍സ് ഇന്റലിജന്‍സ് മേധാവി കിരിലോ ബുദനോവ് വെളിപ്പെടുത്തി.

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിനെ വധിക്കാന്‍ ഇറാക്ക് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മുന്‍ ജീവനക്കാരന്‍ നടത്തിയ ശ്രമം തടഞ്ഞെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍. 2020 ലാണ് ഇയാള്‍ അമേരിക്കയില്‍ എത്തിയത്. 2021 നവംബര്‍ വരെ ജോര്‍ജ് ബുഷിനെ വധിക്കാനുള്ള ശ്രമം തുടര്‍ന്നെന്നാണു റിപ്പോര്‍ട്ട്.

ഗോതമ്പ് കയറ്റുമതി നിരോധനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റലീന ജോര്‍ജീവ. കൂടുതല്‍ രാജ്യങ്ങള്‍ ഗോതമ്പ് കയറ്റുമതിക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ആഗോള പ്രതിസന്ധിയാകുമെന്നും അവര്‍ പറഞ്ഞു.  

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15-ാം സീസണിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ്. ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് ഫൈനലിലേക്ക് പ്രവേശിച്ചത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 38 പന്തില്‍ നിന്ന് 68 റണ്‍സ് നേടിയ ഡേവിഡ് മില്ലറും 27 പന്തില്‍ നിന്ന് 40 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് ഗുജറാത്തിന്റെ വിജയശില്‍പ്പികള്‍. നേരത്തെ 89 റണ്‍സ് നേടിയ ജോസ് ബട്ലറുടേയും 47 റണ്ഡസെടുത്ത സഞ്ജു സാംസണിന്റേയും മികവിലാണ് രാജസ്ഥാന്‍ റോയല്‍സ് 188 റണ്‍സ് നേടിയത്.

ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ജോക്കോവിച്ചും രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്വെദേവും ഫ്രഞ്ച് ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍. എന്നാല്‍ കാനഡയുടെ ലോക 14-ാം നമ്പര്‍ താരം ഡെനിസ് ഷാപ്പൊവലോവ് ആദ്യ റൗണ്ടില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS