ഏലപ്പാറയിൽ നിന്നും സത്രം കാണെനെത്തിയ സംഘത്തിനാണ് മർദ്ദനമേറ്റത്. ഇവർ എത്തിയ വാഹനം അടിച്ചു തകർക്കുകയും ചെയ്തു. സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്ന് പേർക്കെതിരെ വണ്ടിപ്പെരിയാർ പോലീസ് കേസ് എടുത്തു. ഇന്നലെ രാത്രി ഏഴു മണിയോടെ വണ്ടിപ്പെരിയാറിനു സമീപം അരണക്കൽ എന്ന സ്ഥലത്താണ് സംഭവം നടന്നത്.

ബന്ധുക്കളായ ഒൻപതു പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളുമുണ്ടായിരുന്നു. അരണക്കലിനു സമീപം വച്ച് ഇവരുടെ വാഹനം ഒരു ഓട്ടോറിക്ഷയിലും ബൈക്കിലും തട്ടി. ഇരുവർക്കും നഷ്ടപരിഹാരം നൽകാമെന്ന് പറഞ്ഞ് പിരിയാൻ തുടങ്ങുന്നതിനിടെ സിപിഎം മഞ്ചുമല ബ്രാഞ്ച് സെക്രട്ടറി അയ്യപ്പനും മറ്റൊരാളും വടിയുമായെത്തി ഇവരുടെ വാഹനം തടഞ്ഞു. പുറകെ അയ്യപ്പൻറെ മകനും സുഹൃത്തുമെത്തി. ബൈക്ക് പണിതു നൽകാതെ പോകാൻ കഴിയില്ലെന്നു പറഞ്ഞാണ് തടഞ്ഞത്. തർക്കത്തിനിടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വാഹനത്തിൽ നിന്നും വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നുവെന്നാണ് സഞ്ചാരികൾ പറയുന്നത്.
ഏലപ്പാറ സ്വദേശികളായ സിബി, ആൻസി, എഡിൻ ലാഡ്രം സ്വദേശികളായ അമിത്, ആഷ്ന ഇവരുടെ ബന്ധുക്കളായ ജഗാസ്, ഡെന്നി എന്നിവർക്കാണ് മർദ്ദനമേറ്റത്. പരിക്കേറ്റവർ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വലിയ കല്ലെടുത്തെറിഞ്ഞാണ് വാഹനത്തിൻറെ ചില്ല് തകർത്തത്. മർദ്ദനത്തിനിടെ നാലു പവൻ തൂക്കം വരുന്ന സ്വർണമാലയും പതിനയ്യായിരം രൂപയും മോഷ്ടിച്ചതായും ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് അയ്യപ്പൻ ഉൾപ്പെടെ മൂന്ന് പേരെ പ്രതിയാക്കിയാണ് വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികൾ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു.
Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (06 മെയ് 2022)
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്