പുലർച്ചെ പുരയിടത്തിലേക്കിറങ്ങിയ വയോധികയെ അടക്കം ഏഴ് പേരെ തെരുവുനായ കടിച്ചു. നെടുങ്കണ്ടത്തിനു സമീപം മഞ്ഞപ്പെട്ടി, കൽക്കൂന്തൽ, കരടിവളവ്, കട്ടക്കാല സ്വദേശികൾക്കാണ് കടിയേറ്റത്.
.jpg)
കൽക്കൂന്തൽ സന്തോഷ് ഭവനത്തിൽ രത്നമ്മ (75)യ്ക്ക് നായയുടെ ആക്രമണത്തിൽ ഗുരുതര പരുക്കേറ്റു. ബുധനാഴ്ച്ച പുലർച്ചെയാണ് രത്നമ്മയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. രാവിലെ പുരയിടത്തിലേക്കിറങ്ങിയ ഇവരെ നായ കടിച്ചു കുതറുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തിൽ നിലത്ത് വീണ ഇവരെ വീണ്ടും പട്ടി ആക്രമിച്ചു. അലറിക്കരഞ്ഞതോടെ മകനും ഭാര്യയും സമീപവാസികളും ഓടിയെത്തി. ഇതോടെ പട്ടി ഓടി രക്ഷപെട്ടു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം വയോധികയെ വീട്ടിൽ തിരികെ എത്തിച്ചിട്ടുണ്ട്. ഇതേ നായ തന്നെ മഞ്ഞപ്പെട്ടിയിലെ വ്യാപാരി കല്ലറക്കൽ ബേബിയെയും ആക്രമിച്ചു. രാവിലെ നടക്കാനിറങ്ങിയ ബേബിയെ പിന്നിലൂടെ എത്തിയ നായ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ബേബി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഏഴോളം പേർക്ക് കടിയേറ്റെങ്കിലും നായയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വളർത്ത് മൃഗങ്ങൾ തെരുവ് നായ ആക്രമണത്തിന് ഇരയാകുമോയെന്നാണ് നാട്ടുകാരുടെ ഭയം. നെടുങ്കണ്ടം ടൗൺ അടക്കമുള്ള മേഖലകളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. മുമ്പും പ്രദേശത്ത് ഇത്തരത്തിൽ തെരുവുനായ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതൊന്നും ഇതു വരെ അധികൃതർ കണ്ടില്ലെന്ന ഭാവം നടിക്കുകയാണെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
Also Read: പാലാ ഗവ: ജനറൽ ആശുപത്രി ഇനി കെ.എം.മാണി യുടെ പേരിൽ അറിയപ്പെടും; തീരുമാനം മന്ത്രിസഭയുടേത്
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്