ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. സിപിഐഎം നിര്‍ദേശപ്രകാരമാണ് സജി ചെറിയാന്റെ രാജി.

ഭരണഘടനാ ലംഘന പരാമര്‍ശത്തില്‍ സജി ചെറിയാനെ പിന്തുണയ്ക്കാതെ സിപിഐഎം കേന്ദ്ര നേതൃത്വം രംഗത്തെത്തിയിരുന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിലെ നിലപാട് വ്യക്തമാക്കിയില്ല. സംസ്ഥാനത്തെ നേതാക്കള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കട്ടെയെന്നാണ് യെച്ചൂരി പ്രതികരിച്ചത്. സംസ്ഥാന നേതാക്കളുമായി താന്‍ സംസാരിച്ചെന്നും ഉചിതമായ തീരുമാനം ഉടന്‍ ഉണ്ടാകും എന്നും യെച്ചൂരി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സജി ചെറിയാന്‍ രാജി പ്രഖ്യാപിച്ചത്. പരാമര്‍ശങ്ങളില്‍ മന്ത്രി മിതത്വം പാലിക്കേണ്ടതായിരുന്നെന്നും പ്രതിപക്ഷത്തിന് അനാവശ്യമായി ആയുധം നല്‍കിയെന്നും ഇന്നത്തെ സിപിഐഎം അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
തനിക്ക് നാക്ക് പിഴയാണ് സംഭവിച്ചതെന്ന് മന്ത്രി സെക്രട്ടറിയേറ്റില്‍ വിശദീകരിച്ചു. ഭരണഘടനയെ അല്ല ഭരണകൂടത്തെ വിമര്‍ശിക്കാനാണ് താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. യോഗത്തിനു ശേഷം പുറത്തിറങ്ങിയ മന്ത്രിയോട് രാജിവെക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എന്തിന് രാജിവെക്കണമെന്ന് മറുചോദ്യമാണ് മന്ത്രി ചോദിച്ചത്.ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കവെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന.
പരാമര്‍ശം ഇങ്ങനെയായിരുന്നു: ''തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ല. ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണ് ഇവിടെയാണുള്ളത്. പാവപ്പെട്ടവന്റെ അധ്വാനത്തില്‍നിന്ന് ലഭിക്കുന്ന മിച്ച മൂല്യം അവന് ശമ്പളം കൊടുക്കാതെ ഉപയോഗിച്ചാണ് അംബാനിയും അദാനിയും കോടീശ്വരന്‍മാരായത്.'' ''മനോഹര ഭരണഘടനയാണ് ഇന്ത്യയുടേത് എന്ന് നാം പറയാറുണ്ട്. എന്നാല്‍, ഈ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണ് ഇവിടെയുള്ളത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കിക്കൊടുത്ത ഭരണഘടന ഇന്ത്യക്കാരന്‍ എഴുതിവെച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. ഈ രാജ്യത്ത് ഏറ്റവും അധികം കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിത്. അതിന്റെ മുക്കിലും മൂലയിലും മതേതരത്വം, ജനാധിപത്യം, കുന്തം, കുടചക്രം എന്നൊക്കെ എഴുതി വെച്ചിട്ടുണ്ട്.''
Also Read: കനത്ത മഴയും കാറ്റും മണ്ണിടിച്ചിലും; ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്