HONESTY NEWS ADS

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ (01 ഓഗസ്റ്റ് 2022).

പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | ഓഗസ്റ്റ് 1 | തിങ്കൾ | 1197 |  കർക്കടകം 16 |  പൂരം


◼️പത്തു കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് ജാര്‍ഖണ്ഡിലെ ജെഎംഎം- കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ്. അരക്കോടി രൂപവീതമായി പശ്ചിമ ബംഗാള്‍ പോലീസ് അറസ്റ്റു ചെയ്ത മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി. ഇവര്‍ക്കെതിരേ ജാര്‍ഖണ്ഡ് സര്‍ക്കാരും കേസെടുത്തു. ബിജെപി നേതൃത്വം നല്‍കിയ പണവുമായാണ് എംഎല്‍എമാര്‍ പിടിയിലായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പണത്തിന്റെ ഉറവിടം വെളിപെടുത്താന്‍ എംഎല്‍എമാര്‍ക്കു കഴിഞ്ഞില്ലെന്ന് ബംഗാള്‍ പോലീസ്.


◼️കനത്ത മഴ, ഉരുള്‍പൊട്ടല്‍. രണ്ടു പേര്‍ ഒഴുക്കില്‍പെട്ടു മരിച്ചു. കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് മധുരൈ സ്വദേശി കുമാരനും പത്തനംതിട്ട കൊല്ലമുളയില്‍ അദ്വൈദുമാണ് മരിച്ചത്. കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ അപ്രതീക്ഷിതമായുണ്ടായ ശക്തമായ മലവെള്ളപ്പാച്ചിലില്‍ അഞ്ചു പേര്‍ കുടുങ്ങി. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ശക്തമായ മഴ. മലയോരങ്ങളില്‍ ഉരുള്‍പൊട്ടി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. നെടുമങ്ങാട്, മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


◼️മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മെട്രോ വാര്‍ത്ത ചീഫ് എഡിറ്ററുമായ ആര്‍. ഗോപീകൃഷ്ണന്‍ അന്തരിച്ചു. 65 വയസായിരുന്നു. ദീപിക, മംഗളം, കേരളകൗമുദി എന്നീ പത്രങ്ങളിലും സേവനം ചെയ്തിട്ടുണ്ട്. സംസ്‌കാരം ഇന്നു നാലിന്. 


◼️ശിവസേന നേതാവ് സഞ്ജയ് റാവത്ത് എംപിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ വസതിയില്‍ മണിക്കൂറുകള്‍ നീണ്ട റെയ്ഡിനൊടുവിലാണ് കസ്റ്റഡിയിലെടുത്തത്. ഇതിനെതിരേ ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പത്രാചാല്‍ ഭവന പദ്ധതിയില്‍ ആയിരം കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി കേസ്. പ്രതിയായ പ്രവീണ്‍ റാവത്തിന്റെ ഭാര്യ സഞ്ജയ് റാവത്തിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ കൈമാറിയെന്നാണ് ആരോപണം.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

◼️വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റായി രാജു അപ്‌സരയെ തെരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന സംസ്ഥാന കൗണ്‍സിലില്‍ പെരിങ്ങാമല രാമചന്ദ്രനും തമ്മിലായിരുന്നു മത്സരം.


◼️സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ എട്ടു കോടി കച്ചവട സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്സ് ദേശീയ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിച്ചു. തീരുമാനം കേരളത്തിലും നടപ്പാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യരും സംസ്ഥാന ജനറല്‍ സെക്രട്ടറി  എസ്. എസ്. മനോജും പറഞ്ഞു.  


◼️കെഎസ്ആര്‍ടിസി ഇന്നു തുടങ്ങുന്ന ഇലക്ട്രിക് ബസുകള്‍ തടയുമെന്ന് സിഐടിയു. ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് ജനങ്ങളെ പെരുവഴിയിലാക്കുന്ന സമരത്തിനു തീരുമാനമെടുത്തത്. ബിഎംഎസ് സ്വിഫ്റ്റ് സര്‍വീസ് ബഹിഷ്‌കരിക്കും.


◼️കെ റെയില്‍ പദ്ധതി അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നതുവരെ സമരം തുടരാന്‍ കൊച്ചിയില്‍ ചേര്‍ന്ന കെ റെയില്‍ വിരുദ്ധ സമരസമതി. തിരുവോണ ദിവസം സെക്രട്ടേറിയറ്റിനു മുന്നില്‍ പട്ടിണി സമരം സംഘടിപ്പിക്കുമെന്നും സമര സമിതി അറിയിച്ചു.

◼️മത്സ്യത്തൊഴിലാളികള്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം. ഓഗസ്റ്റ് നാലു വരെ അറബിക്കടലും സമീപ പ്രദേശങ്ങളിലും കടല്‍ പ്രക്ഷുബ്ധമാകും. ശക്തമായതും ഉയരത്തിലുള്ളതുമായ തിരമാലക്കും സാധ്യത.


◼️ലിംഗ സമത്വ യൂണിഫോമിനു വേണ്ടി വാദിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനു ഭാര്യയെക്കൊണ്ടു പാന്റ്സ് ധരിപ്പിക്കുന്നതിനു പകരം സാരി ധരിച്ചുകൂടേയെന്ന് മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍. പെണ്‍കുട്ടികളെ ആണ്‍കുട്ടികളുടെ വേഷം ധരിപ്പിച്ച് ആണ്‍കോയ്മ വളര്‍ത്താനാണ് ശ്രമം. സ്‌കൂളുകളില്‍ മതനിഷേധമാണ്. ലിംഗസമത്വമല്ല, സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുനീര്‍ പറഞ്ഞു. കോഴിക്കോട് എംഎസ്എഫ് സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുനീര്‍.


◼️സിറോ  മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രശ്നപരിഹാരങ്ങള്‍ക്കു തുടക്കമായെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഏകീകൃത കുര്‍ബാന ഉടന്‍ നടപ്പാക്കിയില്ലെങ്കിലും ക്രമേണ നടപ്പാക്കും. മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ പ്രതീക്ഷയുണ്ടെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി മാധ്യമങ്ങളോട് പറഞ്ഞു.


◼️സിഎസ്ഐ സഭാ ആസ്ഥാനത്തേക്ക് ഒരു വിഭാഗം വിശ്വാസികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ബിഷപ്പ്  ധര്‍മരാജ് റസാലത്തിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യണമെന്നും സഭ സ്ഥാനങ്ങളില്‍നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഒരു വിഭാഗം മാര്‍ച്ചു നടത്തിയത്.

◼️തൃശൂരില്‍ മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവ് വിദേശത്തുനിന്നു രോഗം സ്ഥിരീകരിച്ചാണ് നാട്ടിലെത്തിയതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മങ്കിപോക്സ് മൂലം സാധാരണ മരണമുണ്ടാകില്ല. സംഭവം ഉന്നതല സംഘം അന്വേഷിക്കുമെന്നും മന്ത്രി.


◼️കൊടുവള്ളിയില്‍ ശക്തമായ കാറ്റിലും മഴയിലും മതപ്രഭാഷണ വേദി തകര്‍ന്നു. ആയിരത്തോളം പേര്‍ പങ്കെടുത്ത വേദിയാണ് തകര്‍ന്നുവീണത്. ദാറുല്‍ അസ്ഹറില്‍ നടക്കുന്ന മതപ്രഭാഷണ-വാവാട് ഉസ്താദ് ആണ്ടനുസ്മരണ പരിപാടിയുടെ വേദിയാണ് തകര്‍ന്നത്.


◼️കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായി ചികിത്സയ്ക്കു പണമില്ലാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തെ സന്ദര്‍ശിച്ച് മന്ത്രി ആര്‍ ബിന്ദു. ഫിലോമിനയുടെ ചികിത്സയ്ക്ക് പണം നല്‍കിയെന്ന മന്ത്രിയുടെ പ്രസ്താവന വിവവാദമായിരുന്നു. മന്ത്രിയുടെ പ്രസ്താവനയില്‍ കുടുംബം അതൃപ്തി അറിയിച്ചു. മന്ത്രി ഖേദം പ്രകടിപ്പിച്ചതായും ബാക്കി തുകയുടെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധിയല്‍പ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു. ഫിലോമിനയുടെ മകന്‍ ഡിനോ പറഞ്ഞു.


◼️കരുവന്നൂര്‍ അടക്കമുള്ള  വിഷയങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു സുരേഷ് ഗോപി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായി മരിച്ച ഫിലോമിനയുടെ വീടു സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംഭവം ആവര്‍ത്തിക്കാന്‍ പാടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

◼️ഭീകരസംഘടനയായ ഐഎസിനെ സഹായിക്കുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയ സാത്തിക് ബാച്ചക്കുവേണ്ടി തിരുവനന്തപുരം ജില്ലയിലും വ്യാപക തെരച്ചില്‍. തമിഴ്നാട് സ്വദേശിയായ സാത്തിക്കിനുവേണ്ടി നാലു മാസമായി എന്‍ഐഎ തെരച്ചില്‍ തുടരുകയാണ്.


◼️അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനമേറ്റു കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കോടതി ഉത്തരവനുസരിച്ച് മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.


◼️തിരുവനന്തപുരം ആക്കുളത്ത് വാടകവീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടി. യുവതി ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായി. കണ്ണൂര്‍ പുത്തൂര്‍ സ്വദേശി അഷ്‌കര്‍, ആക്കുളം സ്വദേശി മുഹമ്മദ് ഷാരോണ്‍, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ്, കടയ്ക്കാവൂര്‍ സ്വദേശിനി സീന എന്നിവരെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 74 ഗ്രാം എംഡിഎംഎ പിടികൂടി.


◼️വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയ അന്തര്‍ സംസ്ഥാന തട്ടിപ്പ് വീരന്‍ ഹര്‍ഷാദലി (33) പിടിയില്‍. കുപ്പാടി സ്വദേശിയായ അമല്‍ദേവ് നല്‍കിയ പരാതിയിലാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് പ്രതിയെ പിടിച്ചത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

◼️വയനാട്ടില്‍ പുള്ളിമാനെ വേട്ടയാടിയ സംഘത്തിലെ ഒരാളെ വനപാലകര്‍ പിടികൂടി. പാതിരി വനത്തില്‍ പുള്ളിമാനെ വേട്ടയാടിയ പെരിക്കല്ലൂര്‍ കോളനിയിലെ ഷിജുവാണ് അറസ്റ്റിലായത്.


◼️പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ദേഹോദ്രപമേല്‍പ്പിച്ച യുവാവ് പിടിയില്‍. കൊല്ലം ഇടയ്ക്കാട് ദേവഗിരി ജംഗ്ഷന്‍ ലിതിന്‍ ഭവനില്‍ ലിതിനെ(31)യാണ് പൊലീസ് പിടികൂടിയത്.


◼️കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കാനുള്ള ശ്രമവുമുണ്ട്. ഇതിനെതിരെ ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.


◼️പാര്‍ലമെന്റില്‍ ഇന്നു വിലക്കയറ്റം ചര്‍ച്ചയാകും. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ അനാദരവോടെ പേരുമാത്രം വിളിച്ചുപറഞ്ഞ മന്ത്രി സ്മൃതി ഇറാനി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്കു കത്തു നല്‍കിയതോടെ ഈ വിഷയവും ബഹളത്തിനിടയാക്കും. പ്രതിപക്ഷത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് വിലക്കയറ്റം ഇന്നു ചര്‍ച്ചചെയ്യാമെന്ന് തീരുമാനമുണ്ടായത്.

◼️ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളവരെ കണ്ടെത്താന്‍ വിവിധ സംസ്ഥാനങ്ങളിലായി 13 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. മധ്യപ്രദേശ്, ഗുജറാത്ത്, ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണു എന്‍ഐഎ റെയ്ഡ് നടത്തിയത്.


◼️ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്നാരോപിച്ച്  തമിഴ്നാട്ടില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ ഇന്റലിജന്റ്സ് ബ്യൂറോ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുപ്പത്തൂര്‍ അമ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി മീര്‍ അനസ് അലി എന്ന 22 കാരനെയാണ് അറസ്റ്റ് ചെയ്തത്.


◼️വിഘടനാവാദ പ്രസ്ഥാനങ്ങളെ തോക്കുകൊണ്ടാണ് നേരിടേണ്ടതെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി. ആയുധം താഴെ വച്ച് വരുന്നവരുമായി മാത്രമാകണം ചര്‍ച്ച, സ്വതന്ത്ര അധികാരം വേണമെന്ന് ആവശ്യപ്പെടുന്ന ആയുധധാരികളുമായി ചര്‍ച്ചപോലും ആവശ്യമില്ലെന്ന് പ്രധാനമന്ത്രിയുടെ മുന്‍ ഡെപ്യുട്ടി സുരക്ഷാ ഉപദേശകന്‍ കൂടിയായിരുന്നു ആര്‍.എന്‍.രവി പറഞ്ഞു.


◼️പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ വസതിയിലേക്ക് എബിവിപി മാര്‍ച്ച്. ഗേയ്റ്റ് ചാടികടന്ന വനിതകള്‍ അടക്കമുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക


◼️ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മുന്‍ എംപിക്ക് മൂന്നു വര്‍ഷം തടവുശിക്ഷ.  2015 ജൂണില്‍ നടത്തിയ വിവാദ പരാമര്‍ശത്തിനാണ് മുന്‍ ലോക്‌സഭാ അംഗം അരുണ്‍ കുമാറിന് ജഹാനാബാദ് പ്രത്യേക കോടതിശിക്ഷിച്ചത്. അയ്യായിരം രൂപ പിഴ അടയ്ക്കുകയും വേണം.


◼️യുവതിയെ തട്ടിക്കൊണ്ടുപോയി നഗ്‌ന വീഡിയോ പകര്‍ത്തുകയും രണ്ടേകാല്‍ ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ ദമ്പതികള്‍ ഉള്‍പെടെ നാലു പേര്‍ അറസ്റ്റിലായി. ബംഗളൂരി ചിക്കഗൊല്ലരഹട്ടി സ്വദേശിനി ആര്‍ മംഗള (30), ഭര്‍ത്താവ് രവികുമാര്‍ (35), സഹായികളായ ശിവകുമാര്‍, ശ്രീനിവാസ് എന്നിവരാണ് ബംഗളൂരുവില്‍ പിടിയിലായത്.


◼️ബഹറിനില്‍ മദ്യ ലഹരിയില്‍ യുവാവ് ഹോട്ടല്‍ മുറിയില്‍ തീയിട്ടു. തീ ആളിപ്പടര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹോട്ടലിലെ 140 അതിഥികളെ അധികൃതര്‍ ഒഴിപ്പിച്ചു. ഹോട്ടലില്‍ തീയിട്ടതിന്റെ വീഡിയോ ചിത്രീകരിച്ച 38 കാരനെ പൊലീസ് അറസ്റ്റു ചെയ്തു.


◼️കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്കു റിക്കാര്‍ഡോടെ രണ്ടാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ പത്തൊമ്പതു വയസുകാരന്‍ ജെറെമി ലാല്‍റിന്നുംഗയാണ് ഇന്ത്യക്കായി അഞ്ചാം മെഡല്‍ സ്വന്തമാക്കിയത്. കഴിഞ്ഞദിവസം വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായി ചനു സ്വര്‍ണമണിഞ്ഞിരുന്നു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

◼️കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ പാകിസ്ഥാന്‍ വനിതകള്‍ക്കെതിരെ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ. മഴ കാരണം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാകിസ്ഥാന്‍ 99 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യ സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ചുറിയുടെ കരുത്തില്‍ 11.4 ഓവറില്‍ ലക്ഷ്യം മറികടന്നു.

ഇന്ത്യയുടെ ആദ്യ ജയമാണിത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു.


◼️കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ടേബിള്‍ ടെന്നീസിലെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ  സെമി ഫൈനലില്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെ അനായാസം മറികടന്നാണ് സെമിയിലെത്തിയത്.


◼️ആഗോള സ്മാര്‍ട് ഫോണ്‍ വില്‍പന രണ്ടാം പാദത്തില്‍ 28.7 കോടി യൂണിറ്റായി കുറഞ്ഞു. 9 ശതമാനം ഇടിവാണിത് കാണിക്കുന്നത്. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് രണ്ടാം പാദത്തില്‍ സ്മാര്‍ട് ഫോണ്‍ വിപണി ഇത്രയും വലിയ പ്രതിസന്ധി നേരിടുന്നത്. 6.18 കോടി സ്മാര്‍ട് ഫോണുകള്‍ വിറ്റ് 21 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയ സാംസങ് ആണ് ഒന്നാമത്. കാര്യമായ വില്‍പന നടക്കാതിരുന്നിട്ടും ആപ്പിള്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. 17 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയ ആപ്പിള്‍ 4.95 കോടി ഐഫോണുകളാണ് വിറ്റത്. 3.96 കോടി യൂണിറ്റുകളുമായി ഷഓമിയാണ് മൂന്നാം സ്ഥാനത്ത്. ഒപ്പോ, വിവോ എന്നിവ യഥാക്രമം 2.73, 2.54 കോടി യൂണിറ്റുകളുമായി ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംകണ്ടെത്തി.


◼️ഉപയോക്താകള്‍ക്കായി വാട്സാപ്പ് അടിസ്ഥാനമാക്കിയുള്ള ബാങ്കിങ് സേവനം അവതരിപ്പിച്ച് എസ്.ബി.ഐ. അക്കൗണ്ട് ബാലന്‍സ് ചെക്ക് ചെയ്യാനും മിനി സ്റ്റേറ്റ്മെന്റ് കാണാനും എസ്.ബി.ഐയുടെ പുതിയ സേവനം ഉപയോഗപ്പെടുത്താം.സേവനം രജിസ്റ്റര്‍ ചെയ്യാനായി മൊബൈല്‍ നമ്പറില്‍ നിന്ന് 7208933148 നമ്പറിലേക്ക് WAREG എന്ന മെസേജ് അയക്കണം. വാട്സാപ്പ് ബാങ്കിങ് രജിസ്റ്റര്‍ ചെയ്താല്‍ 90226 90226 എന്ന നമ്പറില്‍ നിന്നും വാട്സാപ്പിലേക്ക് സന്ദേശം ലഭിക്കും. തുടര്‍ന്ന് ഈ നമ്പറിലേക്ക് ഹായ് എസ്.ബി.ഐ എന്ന സന്ദേശം നല്‍കിയാല്‍ അക്കൗണ്ട് ബാലന്‍സ് അറിയാനും മിനിസ്റ്റേറ്റ്മെന്റ് അറിയാനും സേവനം റദ്ദാക്കാനും സാധിക്കും. ഈ സേവനങ്ങള്‍ ലഭ്യമാകുന്നതിനായി ഒന്ന്, രണ്ട്, മൂന്ന് അക്കങ്ങള്‍ യഥാക്രമം ഓരോ സേവനത്തിനുമായി ടൈപ്പ് ചെയ്ത് അയച്ചാല്‍ മതിയാകും. നേരത്തെ ക്രെഡിറ്റ് കാര്‍ഡിനായും എസ്.ബി.ഐ ഇത്തരം സേവനം അവതരിപ്പിച്ചിരുന്നു.

◼️ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍ 1'. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ ആദ്യ ലിറിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നടന്‍ കാര്‍ത്തി അവതരിപ്പിക്കുന്ന വന്തിയദേവന്‍ എന്ന കഥാപാത്രമാണ് വീഡിയോയില്‍ ഉള്ളത്. എ ആര്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധായകന്‍. എ.ആര്‍.റഹ്‌മാന്‍, എ.ആര്‍.റൈഹാന, ബംബ ബക്യ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണന്റേതാണ് വരികള്‍. സെപ്റ്റംബര്‍ 30- ന് പ്രദര്‍ശനത്തിനെത്തും. വിക്രം, ജയംരവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.


◼️ആര്‍ മാധവന്‍ സംവിധാനം ചെയ്ത്, കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച റോക്കട്രി ദ് നമ്പി എഫക്റ്റ് ചിത്രത്തിന്റെ ഹിന്ദി പതിപ്പും ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ജൂലൈ 1ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് നേടിയ ഓപണിംഗ് കളക്ഷന്‍ വെറും 65 ലക്ഷം ആയിരുന്നു. എന്നാല്‍ ഒരു മാസം പിന്നിടുമ്പോള്‍ 23.75 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഹിന്ദി പതിപ്പിന്റെ ലൈഫ് ടൈം ബിസിനസ് 25 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം പറഞ്ഞ ചിത്രത്തിന്റെ രചനയും മാധവന്റേത് ആയിരുന്നു.  75-ാമത് കാന്‍ ചലച്ചിത്രോത്സവത്തിലും ചിത്രം കൈയടി നേടിയിരുന്നു.

◼️രാജ്യം ഏറെ കാത്തിരിക്കുന്ന സുസുക്കി ജിംനി 2023-ല്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കും. ഇപ്പോഴിതാ ബ്രസീലിയന്‍ വിപണിയില്‍ ലിമിറ്റഡ് എഡിഷന്‍ ജിംനി സിയറ 4 സ്‌പോര്‍ട്ട് ലോഞ്ച് ചെയ്തതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 108 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ ലിമിറ്റഡ് എഡിഷന്‍ ജിംനിക്ക് കരുത്ത് പകരുന്നത്. 4x4 ട്രാക്ഷന്‍ ഉള്ള 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ഇത് സില്‍ക്ക് സില്‍വര്‍, ഗ്രേ, ബ്ലാക്ക്, കൈനറ്റിക് യെല്ലോ, വൈറ്റ് എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS