തടിയമ്പാട് ചപ്പാത്ത് പാലത്തിൽ ജലനിരപ്പ് ഉയർന്നു. പ്രദേശത്തെ ആറോളം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. എൻഡിആർഎഫ് സംഘം എത്തിയില്ല, ജില്ലയിൽ കൂടുതൽ സംഘത്തെ നിയോഗിക്കാത്തതിൽ വ്യാപക പ്രധിക്ഷേധം.

ഡാം തുറക്കലിന് മുന്നോടിയായി നടന്ന അവലോകന യോഗത്തിൽ ആവശ്യമെങ്കിൽ കൂടുതൽ എൻഡിആർഎഫ് സംഘത്തെ ജില്ലയിൽ എത്തിക്കുമെന്ന് ജില്ലയിലെ മന്ത്രി വ്യക്തമാക്കിയെങ്കിലും സംഘം എത്തിയില്ല. ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്നതോടെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയ സാഹചര്യത്തിൽ സെക്കൻഡിൽ മൂന്നരലക്ഷം ലിറ്റർ ജലമാണ് പെരിയാറിലൂടെ ഒഴുകുന്നത്. തടിയമ്പാടിനെയും മരിയാപുരത്തെയും ബന്ധിപ്പിക്കുന്ന ചപ്പാത്ത് പാലത്തിൽ വെള്ളം നിറഞ്ഞൊഴുകുകയാണ്. ചപ്പാത്ത് പാലത്തിലേക്ക് മരക്കഷണങ്ങൾ ഒഴുകിയെത്തി വെള്ളത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയാണ്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ കുറെ മരക്കഷണങ്ങൾ മാറ്റിയെങ്കിലും കൂടുതൽ മരക്കഷണങ്ങൾ മാറ്റുവാനായി എൻഡിആർഎഫ് സംഘത്തെ ചപ്പാത്തിലേക്ക് വിളിച്ചിരുന്നു. എന്നാൽ വള്ളക്കടവിൽ നിന്നും എൻഡിആർഎഫ് സംഘം തടിയമ്പാട്ടേക്ക് എത്തിയിട്ടില്ല. നിലവിൽ എൻഡിആർഎഫ്ന്റെ ഒരു സംഘം മാത്രമാണ് ഇടുക്കി ജില്ലയിൽ ഉള്ളത്.
മരക്കഷണങ്ങൾ മൂലം ജലം സുഗമമായി ഒഴുകിപ്പോവാതെ പാലത്തിനു മുകളിലൂടെ ഒഴുകി സമീപത്തെ വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും പ്രവേശിക്കുകയാണ്. വെള്ളം എത്തിയതുമൂലം സമീപത്തെ വീടിൻറെ സംരക്ഷണഭിത്തി തകരുകയും വീട് അപകടാവസ്ഥയിലുമാണ്. ചപ്പാത്തിന് അങ്ങേയറ്റം മരിയാപുരം റോഡ് ഇടിഞ്ഞിട്ടുണ്ട്. ജലം ഒഴുകിയെത്തുന്നതോടെ റോഡ് കൂടുതലായി ഇടിയുകയാണ്. സമീപത്തെ ആറോളം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുകയാണ്. ഇനിയും കൂടുതൽ ജലം ഒഴുക്കിയാൽ സ്ഥിതി ഗുരുതരമാകും.

ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയ സാഹചര്യത്തിൽ കട്ടപ്പനയും അടിമാലിയും കേന്ദ്രീകരിച്ച് കൂടുതൽ എൻഡിആർഎഫ് സംഘത്തെ നിയോഗിക്കാത്തതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്. ഡാം തുറക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ 79 കുടുംബങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു ഇതിൽ കൂടുതൽ കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും മറ്റും താമസം മാറി. മൂന്ന് കുടുംബങ്ങൾ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയത്. അതേസമയം നിലവിലെ സാഹചര്യത്തിൽ ആളുകളെ മാറ്റി പറപ്പിക്കേണ്ട സാഹചര്യം ഇല്ല എന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


