പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | സെപ്റ്റംബർ 7 | ബുധൻ | 1198 | ചിങ്ങം 22 | ഉത്രാടം
രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്നു തുടക്കം. കന്യാകുമാരിയില്‍ ഇന്നു വൈകുന്നേരം അഞ്ചിന് യാത്ര ഉദ്ഘാടനം ചെയ്യും. രാജീവ്ഗാന്ധി വീരമൃത്യു വരിച്ച തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുത്തൂരില്‍ രാവിലെ പ്രാര്‍ത്ഥനയ്ക്കുശേഷമാണ് രാഹുല്‍ തിരുവനന്തപുരം വഴി കന്യാകുമാരിയില്‍ എത്തുക. 12 സംസ്ഥാനങ്ങളിലൂടെ 3,570 കിലോമീറ്റര്‍ നടന്ന് 150 ാം ദിവസം യാത്ര ജമ്മു കാഷ്മീരില്‍ സമാപിക്കും. യാത്രയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം 117 സ്ഥിരാംഗങ്ങളുണ്ടാകും.
◾ഇന്ന് ഉത്രാടം. നാളെ തിരുവോണത്തിന്റെ ഒരുക്കങ്ങള്‍ക്കുള്ള ഉത്രാടപാച്ചില്‍ ഇന്നലെതന്നെ തുടങ്ങി. പുടവയും പച്ചക്കറിയും പൂക്കളും വാങ്ങാന്‍ ഓടുന്നവര്‍. ഓണാഘോഷത്തിനു നാടണയുന്നവരുടെ തിരക്ക് വേറെ. വാഹന ബാഹുല്യം മൂലം നഗരങ്ങളിലെല്ലാം ഗതാഗതക്കുരുക്ക്.
◾കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ പ്രതികളായ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ കോടതിയിലെത്തി. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം കെ അരുണ്‍, രാജേഷ്, അഷിന്‍, മുഹമ്മദ് ഷബീര്‍ എന്നിവരെയാണ് ജയിലിലടച്ചത്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളിയതിനാല്‍ കോഴിക്കോട് നടക്കാവ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
◾കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് പോലീസ് ഒത്താശ ചെയ്തെന്ന് മര്‍ദനമേറ്റ സുരക്ഷാ ജീവനക്കാര്‍. പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് അവര്‍ ഹൈക്കോടതിയെ സമീപിച്ചു.
◾രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് ആക്രമിച്ചതിനു നേതൃത്വം നല്‍കിയതിനു പിരിച്ചുവിട്ട എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയെ പുനസ്ഥാപിച്ചു. ജില്ലാ സെക്രട്ടറിയായി ജിഷ്ണു ഷാജിയും പ്രസിഡന്റായി ജോയല്‍ ജോസഫും തുടരും. പതിനൊന്നംഗ ജില്ലാ കമ്മിറ്റിയെ വീണ്ടും തെരഞ്ഞെടുത്തു. എസ്എഫ്ഐ ജില്ലാ കണ്‍വെന്‍ഷനിലാണ് തീരുമാനം.
◾ഹയര്‍സെക്കണ്ടറി വൊക്കേഷണല്‍ ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
◾മുതലപ്പൊഴി ബോട്ടപകടത്തില്‍ കാണാതായ മൂന്നു പേരെ തെരയുന്നതിന് വിഴിഞ്ഞം തുറമുഖത്തെ വലിയ ക്രെയിന്‍ എത്തിക്കാന്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരപ്പന്തല്‍ പൊളിക്കും. പന്തല്‍ പൊളിക്കാന്‍ ലത്തീന്‍ അതിരൂപത സന്നദ്ധത അറിയിക്കുകയായിരുന്നു. പ്രദേശത്തെ വല പൊക്കി പരിശോധിക്കാന്‍ ചെറിയ ക്രെയിന്‍ ഉപയോഗിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് വലിയ ക്രെയിന്‍ ഉപയോഗിക്കുന്നത്.
◾തിരുവോണമായ നാളെ മദ്യശാലകള്‍ക്ക് അവധി. എന്നാല്‍ ബാറുകള്‍ക്ക് അവധിയില്ല. ചതയദിനമായ ശനിയാഴ്ചയും മദ്യശാലകള്‍ തുറക്കില്ല. അന്ന് ബാറുകളിലും മദ്യം ലഭിക്കില്ല.
◾യുക്രെയിനില്‍നിന്നു മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ അനുമതി. ഒരേ സര്‍വകലാശാലയില്‍തന്നെ പഠനം പൂര്‍ത്തിയാക്കണമെന്ന നിബന്ധന ഒഴിവാക്കിക്കൊണ്ട് നാഷണല്‍ മെഡിക്കല്‍ കമ്മീഷനാണ് അനുമതി നല്‍കുന്നത്.
◾വാഹനങ്ങളില്‍ എല്ലാ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ കാറിലെ അലാം പ്രവര്‍ത്തിക്കാതിരിക്കാനുള്ള ഉപകരണങ്ങള്‍ നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ ജീവനെടുത്ത അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ തീരുമാനിച്ചത്.
◾മണ്ണിടിച്ചലില്‍ വട്ടവട ഗവണ്‍മെന്റ് ഹയര്‍ക്കന്‍ഡറി സ്‌കൂളിന്റെ ഒരുഭാഗം തകര്‍ന്നു. ക്ലാസുകള്‍ നടത്താനാവാത്ത അവസ്ഥയിലാണു കെട്ടിടം. വട്ടവട-കൊട്ടക്കമ്പൂര്‍ റോഡില്‍ മണ്ണിടിഞ്ഞും സമീപത്തെ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വീണും ഗതാഗതം സ്തംഭിച്ചു.

◾കോഴിക്കോട് തിരുവമ്പാടി പഞ്ചായത്തിലെ മേലെ മറിപ്പുഴ വനത്തില്‍ ഉരുള്‍പൊട്ടല്‍. വന്‍തോതില്‍ മണ്ണും വെള്ളവും ഒഴുകിപ്പോയി. ജനവാസ മേഖലയില്‍ അല്ലാത്തതിനാല്‍ ആളപായവും കൃഷിനാശവും ഉണ്ടായില്ല.
◾പേവിഷബാധ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം വാക്‌സിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്.
◾വിഴിഞ്ഞം സമരം ഒത്തുതീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി മന്ത്രിമാരെ പറഞ്ഞു വിടുന്നു, മന്ത്രിമാര്‍ക്ക് അവിടെ ഒന്നും ചെയ്യാനില്ല. മുഖ്യമന്ത്രി ദുര്‍വാശി വിടണം. സമരം ചെയ്യുന്നവരെ മുഖ്യമന്ത്രി ശത്രുക്കളെ പോലെയാണ് കാണുന്നത്. അവരെ അര്‍ബന്‍ നെക്സ്റ്റ്ലേറ്റുകളെന്ന് ആക്ഷേപിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
◾കോട്ടയം വടവാതൂരില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ പാക്കിംഗ് യൂണിറ്റ് കണ്ടെത്തി. 25 ലക്ഷം രൂപയോളം വില വരുന്ന പുകയില ഉല്‍പന്നങ്ങളും പന്ത്രണ്ട് കുപ്പി വിദേശ മദ്യവും കണ്ടെടുത്തു. വടവാതൂര്‍ സ്വദേശിയായ അരുണ്‍ കുമാറിനെ അറസ്റ്റു ചെയ്തു. രണ്ടു പേരെകൂടി പിടികൂടാനുണ്ടെന്ന് എക്സൈസ്.
◾രാജ്യത്തിന്റെ ഐക്യവും ഭരണഘടനയും തകര്‍ക്കാനുള്ള നീക്കങ്ങളെ ചെറുക്കാന്‍ ഇടതു മാധ്യമങ്ങള്‍ക്കു വലിയ ഉത്തരവാദിത്വമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശാഭിമാനി പത്രത്തിന്റെ 80 ാം വാര്‍ഷികാഘോഷ പരിപാടി കോഴിക്കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയ അമ്പതോളം വിദ്യാര്‍ത്ഥികള്‍ക്കെതിരേ കേസ്. പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ അടക്കം റോഡിലിറക്കി ഗതാഗതം തടഞ്ഞുകൊണ്ട് ഓണാഘോഷം നടത്തിയത്. ലാത്തിവീശിയാണ് വിദ്യാര്‍ഥികളെ പിരിച്ചുവിട്ടത്.
◾നടു റോഡില്‍ പോലീസിന്റെ ഓണാഘോഷം. വടംവലിയും കസേരകളിയും നടത്തിയത് റോഡിലാണ്. തൃശൂര്‍ വടക്കേക്കാട് പോലീസ സ്റ്റേഷനു മുന്നിലെ റോഡിലാണു പോലീസുകാര്‍ ഓണാഘോഷം നടത്തിയത്. ഗതാഗതത്തിരക്കില്ലാത്ത റോഡാണെന്നാണ് പോലീസിന്റെ വിശദീകരണം.
◾ബാര്‍ബര്‍ ഷോപ്പിലെത്തിയയാളുടെ ഫോണ്‍നമ്പര്‍ കരസ്ഥമാക്കി വ്യാജ വാട്സാപ്പ് അക്കൗണ്ട് നിര്‍മിച്ച ബാര്‍ബര്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. യുപി സ്വദേശി മുഹമ്മദ് ഹസ്സനാണ് അറസ്റ്റിലായത്. പാകിസ്ഥാന്‍ പതാക ഡിപിയാക്കിയുള്ള വാട്സ്ആപ് ഗ്രൂപ്പുണ്ടാക്കുകയും ചെയ്തിരുന്നു.
◾പാലക്കാട് പല്ലശ്ശനയില്‍ കെഎസ്ഇബിയുടെ ഒന്നര ലക്ഷം രൂപയുടെ അലുമിനിയം കമ്പി മോഷ്ടിച്ചു വിറ്റ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കുളത്തുപ്പുഴ സ്വദേശി ഷിബു, എലവംഞ്ചേരി സ്വദേശി പത്മനാഭന്‍, നെന്മാറ സ്വദേശി വഹാബ് എന്നിവരെയാണ് കൊല്ലംകോട് പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതി ഷിബു മുതലമടയില്‍ കെ എസ് ഇ ബിയുടെ ഇലട്രിക് ലൈറ്റുകള്‍ പരിപാലിക്കുന്ന ആളാണ്.
◾കൊല്ലം പരവൂരില്‍ എഴുപത്താറുകാരനെ തലയ്ക്കടിച്ച് കൊന്ന ബന്ധുവായ യുവാവ് പിടിയിലായി. പൂതകുളം ഇടയാടി സ്വദേശി ഗോപാലനാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയും ബന്ധുവുമായ അനില്‍കുമാറാണു പിടിയിലായത്.
◾ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ ഭര്‍ത്താവിനെയും ഭാര്യയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 21 ാം വാര്‍ഡ് സ്വദേശിയായ തയ്യില്‍ വീട്ടില്‍ ഷിബു (45), ഭാര്യ റാണിയെന്ന ജാസ്മിന്‍ (38) എന്നിവരാണു മരിച്ചത്.
◾ബംഗളൂരുവിലെ വെള്ളപ്പൊക്കത്തിനു കാരണം മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ദുര്‍ഭരണമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മഴയില്‍ തകര്‍ന്ന ബെംഗളൂരു നഗരത്തെ പുനഃസ്ഥാപിക്കുക എന്നത് തന്റെ സര്‍ക്കാറിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

◾ബംഗളൂരുവില്‍ മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ സ്‌കൂട്ടര്‍ തെന്നി വീണുണ്ടായ അപകടത്തിനിടെ വൈദ്യുതാഘാതമേറ്റ് 23 കാരി മരിച്ചു. കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അഖിലയാണു മരിച്ചത്. വൈറ്റ്ഫീല്‍ഡ് ഏരിയയ്ക്കു സമീപമായിരുന്നു സംഭവം.
◾വിമാനത്തില്‍ യാത്രക്കാരിയുടെ ലഗേജ് മുകളിലെ ഷെല്‍ഫിലേക്കു വയ്ക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സഹായിക്കുന്ന ചിത്രം വൈറലായി. ഇന്നലെ അഹമ്മദാബാദിലേക്കുള്ള വിമാനത്തിലാണ് സംഭവം. മധ്യപ്രദേശിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ അമന്‍ ദുബൈ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രമാണ് വൈറലായത്.
◾1200 കോടി രൂപയുടെ രാസലഹരിവസ്തുക്കളുമായി രണ്ട് അഫ്ഗാന്‍ സ്വദേശികള്‍ ഡല്‍ഹി പൊലീസിന്റെ പിടിയിലായി. 312 കിലോ മെത്താംഫെറ്റമൈന്‍ ലഹരിമരുന്ന് ലക്നൗവിലെ ഒരു ഗോഡൗണില്‍നിന്നാണു പിടികൂടിയത്. ഇവരില്‍ നിന്നും 10 കിലോ ഹെറോയിനും നേരത്തെ പിടികൂടിയിരുന്നു.
◾ജമ്മുകാഷ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. അനന്ത്നാഗിലെ പോഷ്‌ക്രീരി മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവര്‍ത്തകരും വിവിധ കേസുകളില്‍ പ്രതികളുമായ ഡാനിഷ് ഭട്ട്, ബാഷ്റത് നബി എന്നിവരെയാണ് സൈന്യം വധിച്ചത്.
◾ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയോടും തോറ്റ് ടീം ഇന്ത്യ. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന നിര്‍ണായകമായ പോരാട്ടത്തില്‍ ആറു വിക്കറ്റിനായിരുന്നു ലങ്കന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് മാത്രം ബാക്കിനില്‍ക്കേ നാലു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലങ്ക മറികടന്നു. സൂപ്പര്‍ ഫോറിലെ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
◾പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക് വായ്പാനിരക്ക് ഉയര്‍ത്തി. എംസിഎല്‍ആര്‍ നിരക്കില്‍ 0.15 ശതമാനത്തിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. ബുധനാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കാനറ ബാങ്ക് അറിയിച്ചു. നിലവില്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ നിരക്ക് 7.65 ശതമാനമാണ്. ഇത് 7.75 ശതമാനമായാണ് ഉയര്‍ത്തിയത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ ചെലവേറിയതാകും. മൂന്ന് മാസം കാലാവധിയുള്ള വായ്പകളുടെ നിരക്കില്‍ 0.15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. 7.25 ശതമാനമാണ് പുതുക്കിയ നിരക്ക്. പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കാനറ ബാങ്കിന്റെ നടപടി.
◾മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് റെഡ്മിയുടെ പുതിയ ഹാന്‍ഡ്സെറ്റുകള്‍ ഇന്ത്യയിലെത്തി. റെഡ്മി പ്രൈം 11 5ജി, റെഡ്മി പ്രൈം 11 4ജി, റെഡ്മി എ1 എന്നീ മൂന്ന് ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. എന്‍ട്രി ലെവല്‍, കുറഞ്ഞ വിലയ്ക്ക് ഫോണ്‍ വാങ്ങാനാഗ്രഹിക്കുന്നവരെ കണക്കിലെടുത്താണ് ഈ സ്മാര്‍ട് ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്. 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, മീഡിയടെക് 700 പ്രോസസറുമായാണ് റെഡ്മി പ്രൈം 11 5ജി വരുന്നത്. റെഡ്മി പ്രൈം 11 5ജി 4ജിബി+64ജിബി വേരിയന്റിന് 12,999 രൂപയ്ക്കും 6ജിബി+128ജിബി വേരിയന്റിന് 14,999 രൂപയുമാണ് വില. സെപ്റ്റംബര്‍ 9ന് ഉച്ചയ്ക്ക് 12ന് സ്മാര്‍ട് ഫോണ്‍ വില്‍പനയ്‌ക്കെത്തും. അതേസമയം, റെഡ്മി എ1, സിംഗിള്‍ വേരിയന്റിന് 6,499 രൂപയ്ക്ക് ലഭിക്കും.
◾ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ചിമ്പു നായകനാകുന്ന പുത്തന്‍ ചിത്രമാണ് 'വെന്ത് തനിന്തതു കാട്'. ഇപ്പോഴിതാ ചിമ്പു ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. 'മല്ലിപ്പൂ' എന്ന മനോഹരമായ ഒരു ഗാനത്തിന്റ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ ആണ് സംഗീത സംവിധായകന്‍. ഡീഗ്ലാമറൈസ്ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബര് 15ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് ചിത്രം വിതരണം ചെയ്യുക.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
◾മമ്മൂട്ടിയെ ടൈറ്റില്‍ കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നിയമം എവിടെ നിര്‍ത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു എന്നാണ് പോസ്റ്ററിലെ വാക്യം. ബയോഗ്രഫി ഓഫ് എ വിജിലാന്റെ കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തില്‍. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍. തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.






