HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കാട്ടിലെ പോലീസായ കുങ്കിയാന ലക്ഷണമൊത്ത കുങ്കിയായി മാറുന്നത് 3 വർഷത്തെ കഠിന പരിശീലനത്തിലൂടെ; കൂട്ടിലെ പഠനംപൂർത്തിയാക്കി പരീക്ഷ പാസായാൽ 60 വയസ്സ് വരെ സർക്കാർ ജീവനക്കാർ, തുടർന്ന് വിരമിക്കൽ: ഒരുകാലത്ത് കാട്ടിലെ വില്ലന്മാരായിരുന്ന ഇവർ എങ്ങനെ മനം മാറ്റം വന്ന് കുങ്കികളായെന്ന് നോക്കാം....

കാട്ടിലെ വില്ലന്മാരായിരുന്ന കാട്ടാനകൾ എങ്ങനെ മനം മാറ്റം വന്ന് കുങ്കികളായെന്ന് നോക്കാം....

മൂന്ന് വർഷം വരെയുള്ള കടുത്ത പരിശീലനത്തിലൂടെയാണ്‌ ലക്ഷണമൊത്ത കുങ്കിയാനകൾ രൂപപ്പെടുന്നത്.  അപകടത്തിൽപ്പെടുന്ന മൃഗങ്ങളെ രക്ഷിക്കൽ മുതൽ നാട്ടിലിറങ്ങി ഭീതിവിതയ്‌ക്കുന്നവയെ തുരത്തലും വളഞ്ഞുപിടിച്ച്‌ കൂട്ടിലടയ്‌ക്കലും ഉൾപ്പെടെ  ചുമതലയിൽപ്പെടും. 

Also Read: ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (23 മാർച്ച് 2023).

ഏത്‌ ആജ്ഞയും ഏറ്റെടുക്കാൻ പ്രാപ്‌തമാക്കുംവിധം തുമ്പിയിൽ പിടിച്ച മണികിലുക്കൽ, മുട്ടുകുത്തൽ, തുമ്പിക്കും കാലിനും വടംപിടിക്കൽ, രണ്ടുകാലിൽ നിൽപ്പ്‌, വളഞ്ഞുവച്ച ആനയെ കൊട്ടിലിലേക്ക്‌ ആനയിക്കൽ, സ്വയം വണ്ടിയിൽ കയറൽ, തടിപ്പണി എന്നിവയാണ്‌ പരിശീലനപാഠങ്ങൾ. നാട്ടാനകൾക്ക്‌ ചട്ടംവയ്‌ക്കുന്നതുപോലെ കൊടിയ ഉപദ്രവമില്ല. അനുനയവും നല്ല ഭക്ഷണവും സ്വാതന്ത്ര്യവും പ്രധാനം. കുങ്കികളെ പകൽ കാടുകളിലേക്ക്‌ വിടുമെങ്കിലും ഒറ്റക്കാലിൽ ചങ്ങലനീട്ടിയിട്ടിരിക്കും. ഒറ്റക്കാലിൽ കൊരുത്ത ചങ്ങല വലിച്ച്‌ കാടുകയറുന്ന കുങ്കി, ഒറ്റ വിളിയിൽത്തന്നെ ചട്ടത്തിന്‌ കീഴ്‌പ്പെട്ട്‌ കാടിറങ്ങും. ഇടിച്ചോ, അടിച്ചോ, കുത്തിയോ, ഭയപ്പെടുത്തിയോ എതിരാളിയെ തുരത്തും.



മൂന്നുവർഷംമുമ്പ്‌ മുത്തങ്ങയിലാണ്‌ കേരളത്തിലെ ആദ്യ കുങ്കിയാന പരിശീലനകേന്ദ്രം തുടങ്ങിയത്‌. എങ്കിലും തമിഴ്‌നാട് വനംവകുപ്പിനുകീഴിലെ ആനമല സങ്കേതംതന്നെ ഇപ്പോഴും പ്രധാന പരിശീലനകേന്ദ്രം. കാട്ടിൽ നിന്നു കിട്ടുന്ന കുട്ടിയാനകളെയും മയക്കുവെടി വച്ചു പിടികൂടുന്ന കാട്ടുകൊമ്പൻമാരെയും മെരുക്കിയെടുത്താണു കുങ്കികളാക്കുന്നത്. കാട്ടാനകളെ പിടികൂടാനും മെരുക്കാനും പരിശീലനം കിട്ടിയ ആനകളാണ് കുങ്കിയാനകൾ.

 മൂന്നു വർഷമാണ് പരിശീലന കാലം. മയക്കുവെടി വച്ച് പിടികൂടുന്ന കാട്ടാനയെ തടികൊണ്ടുള്ള ആനക്കൂട്ടിൽ അടയ്ക്കും. ആദ്യനാളുകളിൽ കാട്ടാന കൂടു തകർക്കാൻ ശ്രമിക്കും. രണ്ടു പാപ്പാന്മാർക്കായിരിക്കും ചുമതല. ആന മെരുങ്ങാൻ തുടങ്ങിയാൽ പരിശീലനം ആരംഭിക്കും. ആദ്യപടിയായി ചില നിർദേശങ്ങൾ അനുസരിച്ചാൽ ആനയ്ക്ക് കരിമ്പോ ശർക്കരയോ നൽകും. പിന്നീട് ആനയെ തൊട്ടും തലോടിയും പാപ്പാന്മാർ അടുപ്പമുണ്ടാക്കും. തുടർന്നു കുട്ടിനു പുറത്തിറക്കി വിദഗ്ധ പരിശീലനം തുടങ്ങും.

3 വർഷത്തോളമാണു ഡോക്ടർമാരുടെയും വനം ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിൽ പരിശീലനം. മറ്റ് ആനകളുമായി ഇടപഴകാൻ അനുവദിക്കും. കാട്ടാനയെ കാണുമ്പോൾ ഭയപ്പെടാതിരിക്കാൻ ഇതു സഹായിക്കും. അടുത്ത പടിയായി പാപ്പാനൊപ്പം കാട്ടിലൂടെ സവാരി നടത്തി കാടുമായി വീണ്ടും ബന്ധം സ്ഥാപിക്കും. പരിശീലനത്തിന്റെ അവസാനപടിയായി ഇവയെ രാത്രി തനിയെ കാട്ടിലേക്ക് അയയ്ക്കും. തിരിച്ചെത്തുന്നതോടെ അവർ പരിശീലനം സിദ്ധിച്ച കുങ്കിയാനകളാകും. പരിശീലനം പൂർത്തിയാക്കി കുങ്കി സർവീസിൽ കയറിയാൽ 60 വയസ്സു വരെ ഇവർ സർക്കാർ ജീവനക്കാരാണ്. 60-ാം വയസ്സിൽ വിരമിക്കും. പിന്നീട് കേരളത്തിലെ ഏതെങ്കിലും ആന സംരക്ഷണ കേന്ദ്രത്തിൽ വിനോദസഞ്ചാരികളെയും കണ്ട് വിശ്രമിക്കാം.

സാധാരണയായി നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരിച്ചു കാട്ടിലേക്ക് ഓടിക്കാനാണ് കുങ്കിയാനകളെ ഉപയോഗിക്കാറുള്ളത്. മുറിവേറ്റു വീഴുന്ന ആനകളെ രക്ഷിക്കാനും നേരെ നിൽക്കാൻ ബുദ്ധിമുട്ടുള്ള കാട്ടാനകളെ താങ്ങി നിർത്താനും കുങ്കിയാനകളെ ഉപയോഗിക്കുന്നു. വാരിക്കുഴിയിലോ പൊട്ടക്കുളത്തിലോ ചതുപ്പിലോ അകപ്പെട്ടുപോയ ആനകളുടെ രക്ഷകരായും കുങ്കിയാനകൾ അവതരിക്കാറുണ്ട്. മയക്കുവെടി വച്ചു വീഴ്ത്തുന്ന കാട്ടാനകളുടെ കെയർ ടേക്കറും കുങ്കിയാനകൾ തന്നെ.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS