
ഉജ്ജ്വല ബാല്യം പുരസ്‌കാരം 2022 :അപേക്ഷ ക്ഷണിച്ചു
അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള 6 നും 18 നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക് ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം . 2021 ജനുവരി 1 മുതല്‍ 2022 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലുടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് പ്രകടിപ്പിച്ചവര്‍ക്കാണ് പുരസ്‌കാരം ലഭിക്കുക. ഇവയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുളള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തിപത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍ക്കൊളളുന്ന സിഡി,പെന്‍ഡ്രൈവ് , പത്രക്കുറിപ്പുകള്‍, എന്നിവ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. കേന്ദ്രസര്‍ക്കാരിന്റെ 'നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്‌സ്പഷണല്‍ അച്ചീവ്മെന്റ് ' കരസ്ഥമാക്കിയ കുട്ടികളെ അവാര്‍ഡിന് പരിഗണിക്കുന്നതല്ല. കൂടാതെ ഒരു തവണ ഉജ്ജ്വല ബാല്യം പുരസ്‌കാരം ലഭിച്ച കുട്ടികളെയും പരിഗണിക്കുന്നതല്ല. ഒരു ജില്ലയില്‍ നിന്ന് നാല് കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുക . 25000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. ഉജ്ജ്വലബാല്യ പുരസ്‌കാരത്തിനായി കുട്ടികളെ 6-11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലായി തിരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക കാറ്റഗറിയില്‍ പരിഗണിച്ച് അവാര്‍ഡ് നല്‍കും. അപേക്ഷകള്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി.ഒ, പൈനാവ്, ഇടുക്കി, പിന്‍-685603 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 15 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282406053, 9633545735 wcd.kerala.gov.in
ബിആര്‍സി അധ്യാപകര്‍ക്കായി മാധ്യമ ശില്പശാല
ഇടുക്കി എസ്എസ്‌കെയുടെ നേതൃത്വത്തില്‍ ഇടുക്കി പ്രസ് ക്ലബിന്റെ സഹകരണത്തോടെ ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ (ബിആര്‍സി) അധ്യാപകര്‍ക്കായി മാധ്യമശില്പശാല സംഘടിപ്പിച്ചു. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡി ബിന്ദുമോള്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര ശിക്ഷാ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമ പരിശീലന ശില്പശാല സംഘടിപ്പിച്ചത്. പ്രസ്സ് ക്ലബ് പ്രസിഡന്റ് സോജന്‍ സ്വരാജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. എസ്എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ കെ യാസിര്‍ പദ്ധതി വിശദീകരിച്ചു.
'എന്റെ മണ്ണ് എന്റെ രാജ്യം' പരിപാടിയ്ക്ക് തുടക്കമായി
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം -ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തൊടുപുഴയില്‍ സംഘടിപ്പിച്ച 'മേരി മാട്ടി മേരാ ദേശ്' - 'എന്റെ മണ്ണ് എന്റെ രാജ്യം' പരിപാടി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ മങ്ങാട്ടുക്കവലയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ തൊടുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി അധ്യക്ഷത വഹിച്ചു. 1977 ല്‍ പട്ടാളത്തില്‍ നിന്ന് വിരമിച്ച തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ടി. കെ നാരായണപിള്ളയെ പരിപാടിയില്‍ കളക്ടര്‍ ആദരിച്ചു. 1962, 1965,1971 വര്‍ഷങ്ങളില്‍ വിവിധ രാജ്യങ്ങളുമായുള്ള യുദ്ധത്തില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിനടുത്ത് ജില്ലാ കളക്ടര്‍ വൃക്ഷ തൈ നട്ടു. രാജ്യത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യ സമര പോരാളികളുടെയും രാജ്യ സുരക്ഷക്കുവേണ്ടി ജീവത്യാഗം ചെയ്തവരുടെയും ഓര്‍മയ്ക്കായാണ് വൃക്ഷത്തൈകള്‍ നടുന്നത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍, സൈനിക- അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹ്യ സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 9 മുതല്‍ 15 വരെ എല്ലാ ഗ്രാമപഞ്ചായത്തുകളിലൂം 75 തരം വൃക്ഷത്തൈകള്‍ നട്ട് അമൃത വാടിക നിര്‍മ്മിക്കും. ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സ്വാതന്ത്ര്യ സമരസേനാനികള്‍, രാജ്യ രക്ഷയ്ക്കായി ധീര രക്തസാക്ഷിത്വം വഹിച്ച സൈനികര്‍, അര്‍ദ്ധ സൈനികര്‍, എന്നിവരുടെ സ്മാരകമായി അമൃത് വാടികയുടെ സമീപമോ പഞ്ചായത്ത് തീരുമാനിക്കുന്ന സ്ഥലത്തോ ശിലാഫലകവും സ്ഥാപിക്കും.
സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാഗങ്ങള്‍, രാജ്യ സുരക്ഷയ്ക്കുവേണ്ടി സുത്യര്‍ഹ്യമായ രീതിയില്‍ പ്രവര്‍ത്തിച്ച സൈനിക അര്‍ദ്ധ സൈനിക സേനാഗംങ്ങള്‍ എന്നിവരെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിക്കും. ചടങ്ങിനോടനുബന്ധിച്ചു ദേശീയ പതാക ഉയര്‍ത്തുകയും പ്രധാനമന്ത്രി കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പ്രഖ്യാപിച്ച അഞ്ചു പ്രതിജ്ഞ (പാഞ്ച് പ്രണ്‍) എടുക്കുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്യും. നെഹ്‌റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ് സ്‌കീം, സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, വോളണ്ടിയര്‍മാരുടെയും, തൊഴിലുറപ്പു ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ മറ്റു സന്നദ്ധ സഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടികള്‍ സഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയര്‍ത്തും.
ഇനി ഞങ്ങളും സ്മാര്‍ട്ടാ; ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി ശ്രദ്ധേയമാകുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ ശ്രദ്ധേയമാകുന്നു. എല്ലാവര്‍ക്കും ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പരിപാടിയില്‍ നിരവധി പേരാണ് ഡിജിറ്റല്‍ ലോകത്ത് ആദ്യാക്ഷരം കുറിച്ചത്. ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പരിപാടിയിലൂടെ വാട്സാപ്പ് സന്ദേശങ്ങളില്‍ തുടങ്ങി ഇ-മെയിലും,ഫേസ്ബുക്ക് അക്കൗണ്ടുകളും കടന്ന് ദൈനംദിന പണമിടപാടുകള്‍ക്ക് യുപിഐയുടെ ഉപയോഗം വരെ അവര്‍ പഠിച്ചു കഴിഞ്ഞു.
സാധാരണ ജനങ്ങളെ ഡിജിറ്റല്‍ മേഖലയില്‍ അവബോധം ഉള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍, സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുക എന്നിവയാണ് ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ബിരുദ വിദ്യാര്‍ത്ഥികള്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, എന്നിവര്‍ക്ക് പരിശീലനം നല്‍കി 15 വയസിന് മുകളിലുള്ളവര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുന്നു. സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയില്‍ 14 ജില്ലകളില്‍ നിന്നും തെരെഞ്ഞെടുത്ത ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത് . ജില്ലയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിനെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന പദ്ധതിക്കായി 14 വാര്‍ഡുകളില്‍ നിന്നും 52 ഇന്‍സ്ട്രക്ടര്‍മാരെ തിരഞ്ഞെടുത്ത് രണ്ട് ഘട്ടങ്ങളിലായി പരിശീലനം നല്‍കിയിരുന്നു. ഇവരാണ് ഓരോ വാര്‍ഡുകളിലും ഡിജിറ്റല്‍ സാക്ഷരത ക്ലാസുകളെടുക്കുന്നത്. ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്നായി 1102 പഠിതാക്കള്‍ പരിപാടിയുടെ ഭാഗമായി . കുറഞ്ഞത് 10 മണിക്കൂര്‍ ക്ലാസുകള്‍ ഇവര്‍ക്ക് നല്‍കും . പഠിതാക്കളുടെ താത്പര്യം അനുസരിച്ചാണ് ക്ലാസുകള്‍ ക്രമീകരിക്കുക . കൂടുതല്‍പേരും തൊഴിലുറപ്പ് തൊഴിലാളികളും കര്‍ഷകരും ആയതിനാല്‍ വീടുകള്‍ക്ക് പുറമെ കൃഷിയിടങ്ങളും, പൊതുഇടങ്ങളും ഡിജിറ്റല്‍ പഠനകളരിയായി മാറുകയാണ്. തൊഴിലുറപ്പ് ജോലിയുടെ ഇടവേളകളിലാണ് ക്ലാസുകള്‍ നടക്കുന്നത്. ആഗസ്റ്റ് മാസം അവസാനത്തോടെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി പൂര്‍ത്തിയാക്കും.
അതിഥി തൊഴിലാളികള്‍ക്ക് രജിസ്‌ട്രേഷന്‍
ജില്ലയിലെ മുഴുവന്‍ അതിഥി തൊഴിലാളികളുടെയും രജിസ്ട്രേഷന്‍ നടപടികള്‍ക്കായി പോര്‍ട്ടല്‍ സജ്ജമായി. അതിഥി തൊഴിലാളികള്‍ അവരുടെ കരാറുകാര്‍, തൊഴിലുടമകള്‍ എന്നിവര്‍ക്ക് https://athidhi.lc.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. മലയാളം, ഹിന്ദി, തമിഴ്, ബംഗ്ല ഉള്‍പ്പെടെ ഒന്‍പത് ഭാഷകളില്‍ പോര്‍ട്ടലില്‍ സേവനം ലഭ്യമാണ്. ജില്ലയിലെ അതിഥി തൊഴിലാളികളെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
നെടുംകണ്ടം കൃഷിഭവനിൽ പച്ചക്കറി തൈ വിതരണം
പച്ചക്കറി വികസന പദ്ധതി 2023-24, പ്രകാരം ദീർഘകാല പച്ചക്കറി തൈകൾ സൗജന്യ വിതരണത്തിനായി കൃഷി ഭവനിൽ ഏതിയിട്ടുണ്ട്. കൃഷിഭവനിൽ നിന്നും കൈപ്പറ്റാവുന്നതാണ്.
ഒരു യൂണിറ്റ് :
1, കറിവേപ്പ് -1
2, കോവൽ-1
3, പപ്പായ-1
4, ചെറുനാരകം-1
വാക് ഇന്‍ ഇന്റര്‍വ്യൂ
കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഈവനിംഗ് ഒ പി യിലേക്ക് ഡോക്ടറുടെ താല്‍ക്കാലിക ഒഴിവില്‍ ഇന്റര്‍വ്യൂ നടത്തുന്നു. ആഗസ്റ്റ് 16ന് രാവിലെ 10.30 ന് കാഞ്ചിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തി അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം
ടെണ്ടര്‍ ക്ഷണിച്ചു
ഇടുക്കി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ 2023 സെപ്റ്റംബര്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെ 5 സീറ്റ് യാത്രാ വാഹനം, ലൈസന്‍സുള്ള ഡ്രൈവര്‍ സഹിതം വാടകയ്ക്ക് ലഭ്യമാക്കാന്‍ തയ്യാറുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ആഗസ്റ്റ് 10 മുതല്‍ അപേക്ഷിക്കാം . ഫോമുകള്‍ ആഗസ്റ്റ് 10 മുതല്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നിന്നും ലഭിക്കും. വാഹനം കരാറുകാരന്റെ പേരിലുള്ളതാകണം മാത്രമല്ല ടാക്സി പെര്‍മിറ്റ് ഉള്‍പ്പെടെ നിയമം അനുശാസിക്കുന്ന എല്ലാ രേഖകളും ഉണ്ടായിരിക്കണം. ടെന്‍ഡറിനൊപ്പം വാഹന രേഖകളുടേയും ഡ്രൈവറുടെ ലൈസന്‍സിന്റേയും സ്വയം സക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്ളടക്കം ചെയ്യണം. മുദ്രവച്ച ടെന്‍ഡറുകള്‍ ആഗസ്റ്റ് 24 ന് ഉച്ചക്ക് 1 മണി വരെ സ്വീകരിക്കും, അന്നേ ദിവസം 3 മണിക്ക് തുറക്കുന്നതുമാണ്. ടെന്‍ഡര്‍ നോട്ടീസിന് പുറത്ത് 'വാഹനം വാടകയ്ക്ക് നല്‍കുതിനുള്ള ടെന്‍ഡര്‍' എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ഗവമെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 04862 233075.
വാക്ക് ഇന്‍ ഇന്റര്‍വ്യു; കരാര്‍ അടിസ്ഥാനത്തില്‍ നിയമനം.
ഇടുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പില്‍ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് നെടുങ്കണ്ടം ബ്ലോക്കിലേക്ക് വെറ്ററിനറി സര്‍വീസ് പ്രൊവൈഡറെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. രാത്രികാല സേവനത്തിന് താല്‍പര്യമുള്ള ബിവിഎസ്സി ആന്റ് എഎച്ച് യോഗ്യതയും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷനുമുള്ള വെറ്ററിനറി ബിരുദധാരികള്‍ ആഗസറ്റ് 10 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കില്‍ 90 ദിവസം വരെയോ ആയിരിക്കും നിയമനം.
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി
ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ 2023-24 വര്‍ഷത്തേക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 26 വരെ നീട്ടി. സംസ്ഥാനസര്‍ക്കാര്‍ ന്യൂനപക്ഷ വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കാണ് ധനസഹായം അനുവദിക്കുന്നത്.
ഡിജിറ്റല്‍ ഗ്രാമമാവാനൊരുങ്ങി ഉടുമ്പന്നൂര്‍
ഡിജിറ്റല്‍ ഗ്രാമമാവാനൊരുങ്ങി ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കി 2024 ലോടെ ഗ്രാമത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷര ഗ്രാമമാക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് പഞ്ചായത്ത്. ഡിജിറ്റല്‍ ഉടുമ്പന്നൂര്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സിനിമാതാരം ആസിഫ് അലിയാണ്. സ്മാര്‍ട്ട്‌ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ഉപയോഗം പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരിലും എത്തിക്കാനാണ് പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് എം. ലതീഷ് പറഞ്ഞു.
സര്‍ക്കാര്‍ സേവനങ്ങള്‍, ബാങ്കിംഗ്, പണമിടപാടുകള്‍, ഓണ്‍ലൈന്‍ സേവനങ്ങള്‍, സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യല്‍ തുടങ്ങി ഡിജിറ്റല്‍ മേഖലയിലെ പ്രാഥമികമായ അറിവു മുതല്‍ നിത്യജീവിതത്തിനാവശ്യമായ മുഴുവന്‍ കാര്യങ്ങളിലും പഞ്ചായത്തിലെ ജനങ്ങളെ സ്വയംപര്യാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വാര്‍ഡുതലത്തില്‍ സര്‍വെ നടത്തി പഠിതാക്കളുടെ പട്ടിക തയ്യാറാക്കി വരികയാണ്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് തല പഠനോത്സവങ്ങളോടെ ആഗസ്റ്റ് 15 ന് ആരംഭിക്കും. പഠിതാക്കള്‍ക്ക് പ്രത്യേക സിലബസ് നിശ്ചയിച്ച് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പരിശീലനം നല്‍കുക.
ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ അകപ്പെടാനുള്ള സാഹചര്യങ്ങളെക്കുറിച്ചും ഇതിനെതിരെ ശീലിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ഡിജിറ്റല്‍ ഉടുമ്പന്നൂര്‍ പദ്ധതിയിലെ പഠിതാക്കള്‍ക്ക് കൃത്യമായ ധാരണ ലഭിക്കുന്ന വിധത്തിലാണ് സിലബസ് തയ്യാറാക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം മുതല്‍ ഡിജിറ്റല്‍ രംഗത്തെ വൈവിധ്യമാര്‍ന്ന മേഖലകളെ ഉള്‍പ്പെടുത്തി നടത്തുന്ന പരിശീലനം ഡിസംബറോടെ പൂര്‍ത്തിയാക്കും. തുടര്‍ന്ന് പഠിതാക്കള്‍ക്ക് പരീക്ഷ നടത്താനും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാനുമാണ് പഞ്ചായത്ത് ഭരണസമിതി തീരുമാനം.
സ്‌പോട്ട് ലേലം
പെരുവന്താനം പഞ്ചായത്തില്‍ മണിമലയാറിന്റെ കൈവഴിയായ ഏകയം തോട്ടില്‍ നിന്ന് നീക്കം ചെയ്ത് സൂക്ഷിച്ചിട്ടുളള 145 ക്യുബിക് മീറ്റര്‍ പാറ അവശിഷ്ടങ്ങള്‍ (റബിള്‍സ്) ആഗസ്റ്റ് 17 ന് രാവിലെ 11 മണിക്ക് ഏകയം തോടിന്റെ കരയില്‍ വച്ച് ലേലം ചെയ്യുമെന്ന് ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446123129, 7356135431
മോണ്ടിസോറി ടീച്ചര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് (ഒരു വര്‍ഷം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി അടുത്തുളള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9072592412, 9072592416
ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ ഒഴിവുകള്‍
ആരോഗ്യ വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 18 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വൃു നടത്തും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍, ആര്‍സിഐ രജിസ്ട്രേഷന്‍, രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. ക്ലര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്കുളള യോഗ്യത സയന്‍സ് അല്ലെങ്കില്‍ കൊമേഴ്സ് വിഷയത്തില്‍ ബിരുദം, ഡിസിഎ, മലയാളം-ഇംഗ്ലിഷ് ടൈപ്പ്റൈറ്റിംഗ്, 5 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ്. പ്രായപരിധി 40 വയസ്സ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, വോട്ടര്‍ ഐഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862233030, 04862 226929.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






