
ഇടുക്കി കരിമണ്ണൂരിന് സമീപം വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ സ്വർണ്ണമാല കവർന്ന രണ്ടുപേരെ പോലീസ് പിടികൂടി. കൂത്താട്ടുകുളം സ്വദേശികളായ കൊച്ചുപുരയ്ക്കൽ കുഞ്ഞുമോൻ (44), ഒപ്പം താമസിക്കുന്ന സിനി (44) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
Also Read: ഭൂപ്രശ്നങ്ങൾ പരിഹരിക്കണം; ഇടുക്കിയിൽ കോൺഗ്രസ് ഹർത്താൽ തുടങ്ങി.
വ്യാഴാഴ്ച്ച പുലർച്ചെ അഞ്ചരയോടെ ആയിരുന്നു സംഭവം. കുറുമ്പാലമാറ്റം സ്വദേശിനി മംഗലത്ത് രാധാ ചന്ദ്രന്റെ മാലയാണ് പ്രതികൾ കവർന്നത്. രാവിലെ വീട് പൂട്ടി ജോലിക്ക് പോകാനായി വീടിന്റെ പുറത്തിറങ്ങിയപ്പോൾ പ്രതികൾ വാക്കത്തിയുമായെത്തി ഭീഷണിപ്പെടുത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. വീട്ടമ്മ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി ഇരുവരെയും തടഞ്ഞു വച്ച് വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് കരിമണ്ണൂർ എസ്.എച്ച്.ഒ കെ.ജെ. ജോബിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു.
പ്രതികൾ മുമ്പ് കുറുമ്പാലമറ്റത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. കൂടാതെ പ്രതികളിൽ ഒരാളുടെ അമ്മവീട് കരിമണ്ണൂരിലാണ്. ഈ പരിചയത്തിലാണ് പ്രതികൾ മോഷണത്തിന് ഇവിടം തിരഞ്ഞെടുത്തത്. പ്രതികൾ മുമ്പും കേസുകളിൽപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.