
സുപ്രീംകോടതിയുടെ ഉത്തരവ് നേടി സർവീസ് പുനഃരാരംഭിക്കുനൊരുങ്ങി റോബിൻ മോട്ടേഴ്സ്. തിങ്കളഴ്ച രാവിലെ മുതലാണ് സർവീസ് നടത്തുന്നത്. രാവിലെ അഞ്ചുമണിക്ക് പത്തനംതിട്ടയിൽ നിന്നും സർവീസ് ആരംഭിച്ച് 12 മണിക്ക് കോയമ്പത്തൂരിലെത്തും. സർവീസ് നടത്തുന്നത് സുപ്രീംകോടതിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. വീണ്ടും മോട്ടോർ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്താൽ നിയമപരമായി നേരിടുമെന്നും വാഹന ഉടമ ഗിരീഷ് വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റ് 30നാണ് പത്തനംതിട്ട–കോയമ്പത്തൂർ റൂട്ടിൽ റോബിൻ മോട്ടോഴ്‌സ് സർവീസ് ആരംഭിച്ചത്. രണ്ടു ദിവസം മാത്രമാണ് സർവീസ് നടത്താൻ കഴിഞ്ഞത്. ഇന്റർസ്റ്റേറ്റ് സൂപ്പർ എക്സ്പ്രസ് എന്ന ബോർഡ് വച്ചു അനധികൃതമായി സർവീസ് നടത്തുകയാണെന്നും ബസ് സർവീസ് തടയണമെന്നും ആവശ്യപ്പെട്ട് കെഎസ്ആർടിസി പരാതി നൽകി. തുടർന്ന് സെപ്റ്റംബർ ഒന്നിന് രാവിലെ റാന്നിയിൽ എത്തിയപ്പോൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധിച്ചെങ്കിലും പെർമിറ്റ് സംബന്ധമായ പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായില്ല. വിൻഡ് ഷീൽഡ് പൊട്ടി, എയർ ലീക്കേജ്, ടയറിനു തേയ്മാനം, വയറിങ് പ്രശ്നം തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകി. സെപ്റ്റംബർ 15ന് മുൻപു ഇവ പരിഹരിച്ചു ആർടിഒയ്ക്കു മുന്നിൽ പരിശോധനയ്ക്ക് ഹാജരാക്കാണമെന്ന് നിർദേശിച്ചു. തുടർന്ന് സർവീസ് നിർത്തിവെക്കുകയും കഴിഞ്ഞ 25 ന് അധികൃതർ പരിശോധന നടത്തി വാഹനത്തിന് ഫിറ്റ്നസ് നൽകുകയുമായിരുന്നു.
അതേസമയം സർവീസ് നിയമാനുസൃതമാണെന്ന് ബസുടമ മേലുകാവ് സ്വദേശി ഗിരീഷ് വ്യക്തമാക്കുന്നുണ്ട്. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് കേരളത്തിൽ നിന്നുള്ള ബെംഗളൂരു, ചെന്നൈ സർവീസ് മാതൃകയിലാണ് ഓപ്പറേറ്റ് ചെയ്യുന്നതെന്നും സർവീസ് നിയമപരമാണെന്നും ഇന്റർസ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കുന്നു. നിയമത്തിൽ ബോർഡ് വയ്ക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ല. ഒരോ മൂന്നു മാസം കൂടുമ്പോഴും 3 ലക്ഷം രൂപയോളം സർക്കാരിനു നികുതി ഇനത്തിൽ മുൻകൂറായി അടയ്ക്കുന്നുണ്ട്. ഇതിൽ 2 ലക്ഷം രൂപയോളം സംസ്ഥാന സർക്കാരിനും ബാക്കി കേന്ദ്രസർക്കാരിലേക്കുമാണു പോകുന്നത്. ഒന്നരമാസത്തോളം സർവീസ് നിർത്തിവെച്ചപ്പോൾ വൻ സാമ്പത്തീക നഷ്ട്ടം ഉണ്ടായെന്നും തോറ്റ് പിന്മാറില്ലായെന്നും ഉടമ ഗിരീഷ് വ്യക്തമാക്കുന്നുണ്ട്. അതേസമയം സർവ്വീസ് പുനഃരാരംഭിക്കുനൊരുങ്ങിയതോടെ സോഷ്യൽ മീഡിയയിൽ റോബിൻ മോട്ടോഴ്‌സിന് വൻ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.








