
ഇടുക്കി നെടുങ്കണ്ടത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിച്ച യുവാവും സഹായം ചെയ്ത് നൽകിയ സുഹൃത്തുക്കളും പിടിയിൽ. പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച കോമ്പയാർ മുരുകൻപാറ സ്വദേശി ഈട്ടിക്കാലായിൽ ആഷിഖ്(23), കോമ്പയാർ മുരുകൻ ബാർ സ്വദേശി കുഴിവേലിൽ സുഹൃത്ത് അനേഷ്(21), പ്രായപൂർത്തിയാകാത്ത മറ്റൊരു സുഹൃത്തുമാണ് നെടുങ്കണ്ടം പൊലീസിൻ്റെ പിടിയിലായത്.
ഡിസംബർ 28 ഉച്ചയ്ക്ക് ശേഷമാണ് സംഭവം. പെൺകുട്ടിയുടെ ആൺസുഹൃത്ത് ആഷിക്കും, ഇയാളുടെ സുഹൃത്ത് അനേഷും പ്രായപൂർത്തിയാകാത്ത മറ്റൊരാളും ചേർന്ന് മദ്യപിച്ചു. തുടർന്ന് പെൺകുട്ടിയെ ഇവിടേക്ക് വിളിച്ചുവരുത്തി പെൺകുട്ടിക്ക് ഇവർ കൂടിയ അളവിൽ മദ്യം നൽകി. ഇതിനുശേഷം പ്രായപൂർത്തിയാകാത്ത ആളും അനേഷും വീട്ടിലേക്ക് മടങ്ങി. സുഹൃത്തുക്കൾ പോയതിനുശേഷം ആഷിഖ് ബോധരഹിതയായി കിടന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ സ്വന്തം മൊബൈലിൽ പകർത്തുകയും ചെയ്തു. ഏറെ വൈകിയിട്ടും പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തി. വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയുടെ മൊബൈലിലേക്ക് വന്ന കോളിൽ സഹോദരി തിരിച്ചു വിളിച്ചു. ഫോൺ എടുത്ത ആഷിക്കിന്റെ മറ്റൊരു സുഹൃത്ത് പെൺകുട്ടി ആഷിഖിനൊപ്പം ഉണ്ടാകും എന്ന് പറഞ്ഞു. ഇതിനുശേഷം ഫോൺ കട്ട് ചെയ്ത് ഈ സുഹൃത്ത് ആഷിഖിനെ ഫോണിൽ ബന്ധപ്പെട്ടു. അപ്പോഴാണ് പെൺകുട്ടി അമിതമായി മദ്യം കഴിച്ചെന്നും ബോധരഹിതയായി കിടക്കുകയാണ് എന്നും ആഷിഖ് സുഹൃത്തിനോട് വെളിപ്പെടുത്തുകയും സഹായത്തിന് എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. ഇയാൾ മറ്റൊരു സുഹൃത്തിനെയും കൂട്ടി പെൺകുട്ടിയെ ബൈക്കിൽ കയറ്റി ഇരുത്തി വീടിനു മുന്നിലെത്തിച്ച് വീട്ടുകാരെ വിവരമറിയിച്ച് മടങ്ങിപ്പോയി. തുടർന്ന് വീട്ടുകാരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് നെടുങ്കണ്ടം പോലീസിൽ പരാതിപ്പെടുകയായിരുന്നു.
ആശുപത്രിയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് നെടുങ്കണ്ടം പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
ബലാൽസംഗം, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ, പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം, ഐടി ആക്ട് തുടങ്ങിയ വകുപ്പുകളാണ് പെൺകുട്ടിയെ പീഡിപ്പിച്ച ആഷിഖിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം നൽകിയത് അടക്കമുള്ള വകുപ്പുകൾ മറ്റു രണ്ടു സുഹൃത്തുക്കൾക്കെതിരെയും ചുമത്തിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡി.വൈ.എസ്.പി. നിഷാദ് മോൻ പറഞ്ഞു. പെൺകുട്ടി ഇപ്പോഴും ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.




