
ന്യായവില രേഖപ്പെടുത്താത്ത ഭൂമി വില കുറച്ചു വില്‍പന നടത്തിയതിന്‍റെ പേരില്‍ (അണ്ടര്‍ വാല്യുവേഷൻ) രജിസ്ട്രേഷൻ വകുപ്പിന്‍റെ റവന്യു റിക്കവറി നോട്ടീസ്. ജില്ലയില്‍ പതിനായിരത്തോളം പേര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. കാരിക്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ മാത്രം 1200 പേര്‍ക്കാണ് റവന്യൂ റിക്കവറി നോട്ടീസ് ലഭിച്ചത്. ഭൂമി വില്‍പ്പന രജിസ്റ്റര്‍ ചെയ്തപ്പോള്‍ രേഖപ്പെടുത്തിയ വിലയും ജില്ലാ രജിസ്ട്രാര്‍മാരുടെ പരിശോധനയില്‍ തിട്ടപ്പെടുത്തിയ വിലയും തമ്മിലുള്ള വ്യത്യാസത്തിന് ആനുപാതികമായി സ്റ്റാന്പ് ഡ്യൂട്ടി കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
റവന്യൂ റിക്കവറി നോട്ടീസിന് മുൻപ് ഫോം -2, ഫോം-3 എന്നീ പേരുകളില്‍ രണ്ടു കാരണം കാണിക്കല്‍ നോട്ടീസുകള്‍ അയയ്ക്കാറുണ്ടെന്നാണ് രജിസ്ട്രേഷൻ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും ഇത് ലഭിച്ചിട്ടില്ല. അവസാന നടപടിയെന്ന നിലയിലാണ് റവന്യു റിക്കവറി നോട്ടീസ് അയയ്ക്കുന്നത്. ഇതു മാത്രമാണ് പലര്‍ക്കും ലഭിച്ചത്. ഭൂമിവില കുറച്ചു കാണിച്ചവരുടെ കാര്യത്തില്‍ നടപടി ശരിയാണെങ്കിലും അന്നത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് സ്ഥലം വാങ്ങിയ നിരവധിപ്പേരെയാണ് ദുരിതത്തിലാക്കിയത്.
1986 മുതല്‍ 2017 വരെയുള്ള അണ്ടര്‍ വാല്യുവേഷൻ കേസുകളിലായി പതിനായിരത്തിലേറെ ഭൂവുടമകള്‍ക്ക് ഇതിനകം തപാല്‍വഴി നോട്ടീസ് ലഭിച്ചു. ഭൂമി വാങ്ങിയതായി ആധാരത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരിലേക്കും വിലാസത്തിലേക്കുമാണ് അറിയിപ്പ് നോട്ടീസ് വരുന്നത്. അതുകൊണ്ടുതന്നെ മേല്‍വിലാസക്കാരെ കണ്ടെത്താതെ നോട്ടീസ് മടങ്ങിവരുന്നുമുണ്ട്.
പതിറ്റാണ്ടുകള്‍ക്കു മുന്പു വാങ്ങിയ ഭൂമി ഇതിനകം പലര്‍ക്കും കൈമാറിയിട്ടുണ്ട്. ഒരിക്കല്‍ അണ്ടര്‍വാല്യുവേഷൻ നോട്ടീസ് ലഭിച്ച ഭൂമി വീണ്ടും കൈമാറ്റം ചെയ്യപ്പെടുന്പോള്‍ പുതിയ ഭൂവുടമയ്ക്കും നോട്ടീസ് ലഭിക്കും. കോടികള്‍ മുടക്കി ഭൂമി വാങ്ങുന്നവര്‍ക്ക് ഭൂമി ഇടപാട് ചെലവില്‍ വൻ ഇളവു ലഭിക്കുന്പോള്‍ ന്യായവില വര്‍ധന കാരണം ദുരിതത്തിലാകുന്നത് സാധാരണക്കാരാണ്. ഭൂമി വില കുറച്ച് കാണിക്കുന്നവര്‍ക്ക് ആദ്യം ഫോം -2, ഫോം- 3 നോട്ടീസുകളാണ് അയക്കുന്നതെന്നും ഇതില്‍ ന്യായമായ മറുപടികള്‍ക്ക് തുക കുറച്ച് നല്‍കാറുണ്ടെന്നും ജില്ലാ രജിസ്ട്രാര്‍ കെ.ആര്‍. രഘു പറഞ്ഞു.
അല്ലെങ്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പോലെയുള്ള അദാലത്തിലൂടെയും പരിഹരിക്കാം. ആദ്യ നോട്ടീസുകള്‍ക്ക് കൃത്യമായ മറുപടി ലഭ്യമല്ലാതെ വരുമ്പോഴാണ് റവന്യൂ റിക്കവറി നോട്ടീസ് അയക്കുന്നത്. ഇത് കിട്ടിക്കഴിഞ്ഞാല്‍ രജിസ്ട്രേഷൻ ഓഫീസില്‍ നിന്ന് മറ്റൊന്നും ചെയ്യാനാകില്ല. അവര്‍ക്ക് ജില്ലാ കോടതിയെ സമീപിക്കാം. കോടതിയില്‍ അടയ്ക്കേണ്ട തുകയുടെ 25 ശതമാനം കെട്ടിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






