
നേര്യമംഗലം ജില്ലാ കൃഷിഫാമിനുളളിലെ തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മുനിയറ തിങ്കൾക്കാട് സ്വദേശി കുന്നിക്കാട്ടിൽ ബിനീഷ് (45) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. നേര്യമംഗലം ജില്ലാ കൃഷിത്തോട്ടത്തിലെ ഇ ബ്ലോക്കിലെ ഫാമിലേക്കുള്ള പെരിയാർ പുഴയുടെ തീരത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെ ഫാമിൽ ജോലിക്കെത്തിയ തൊഴിലാളികലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ ഊന്നുകൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
അമിത മദ്യപാനത്തെ തുടർന്ന് ബിനീഷ് ഉണ്ടാക്കുന്ന വിഭ്രാന്തിക്ക് ചികിത്സ നൽകുന്നതിനായി കഴിഞ്ഞ ദിവസം ബന്ധുക്കൾ കോലഞ്ചേരിയിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരുന്നു. എന്നാൽ യാത്രാമധ്യേ കോതമംഗലത്ത് എത്തിയപ്പോഴാണ് തന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോവുകയാണെന്ന് ബിനീഷ് മനസിലാക്കിയത്. തുടർന്ന് താൻ ആശുപത്രിയിലേയ്ക്ക് ഇല്ലെന്നും തിരികെ പോകണമെന്നും ആവശ്യപ്പെട്ട് ഇയാൾ വാഹനത്തിലിരുന്ന് വല്ലാതെ ബഹളം വെച്ചു. ഇതോടെ ഒപ്പമുണ്ടായിരുന്നവർ തിരികെ പോകാമെന്ന ധാരണയിലെത്തി.
രാത്രി ഏഴരയോടെ നേര്യമംഗലം വില്ലാഞ്ചിറ ഇറക്കത്തിൽ എത്തിയപ്പോൾ വാഹനം നിർത്തണമെന്നും മൂത്രമൊഴിക്കണമെന്നും ബിനീഷ് ആവശ്യപ്പെട്ടു. വാഹനം നിർത്തിയപ്പോൾ പുറത്തിറങ്ങിയ ഇയാൾ ഇരുളിൽ ഓടിമറഞ്ഞു. കൂടെയുണ്ടായിരുന്നവർ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ബിനീഷിനെ കണ്ടെത്താനായില്ല. തുടർന്ന് ഊന്നുകൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസും ബന്ധുക്കളും തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






