ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ജില്ലയിലെത്തിയതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ചൊവ്വാഴ്ച നടത്തിയ ജില്ലാ ഹര്‍ത്താലില്‍ തൊടുപുഴ ഹെഡ്പോസ്റ്റ് ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍.
എല്‍ഡിഎഫ് പ്രവര്‍ത്തകനായ ഉടുമ്പന്നൂർ തെങ്ങുംതോട്ടത്തില്‍ ടി.എച്ച്. സാജിറി(38)നെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിക്കല്‍, ജീവനക്കാരെ കൈയേറ്റം ചെയ്യല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. സാജിര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
സംഭവം നടന്ന ദിവസം രാത്രിതന്നെ പോലീസ് സാജിറിന്‍റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പോലീസ് അറിയിച്ചതനുസരിച്ച് ഇന്നലെ ഉച്ചയോടെ തൊടുപുഴയിലെത്തിയപ്പോള്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ സാജിറുള്‍പ്പെട്ട ഒൻപതംഗസംഘം തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസില്‍ പ്രതിഷേധവുമായി എത്തിയിരുന്നു.
ഓഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവശ്യ സര്‍വീസാണെന്ന് പറഞ്ഞ് ജീവനക്കാര്‍ ജോലി തുടര്‍ന്നു. ഇതേത്തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ കസേരയും ചെടിച്ചട്ടികളും തകര്‍ക്കുകയായിരുന്നു. പോസ്റ്റ്മാസ്റ്ററെ കൈയേറ്റം ശ്രമിച്ചതായും വനിതാ ജീവനക്കാര്‍ക്കെതിരേ അസഭ്യവര്‍ഷം നടത്തിയതായും പരാതിയുണ്ട്.
പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ വൈകുന്നേരം പോലീസ്‌സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. ഒന്നാംപ്രതി സജീറിനു പുറമേ കണ്ടാലറിയാവുന്ന എട്ടു പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. മറ്റുളളവരെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും എസ്‌എച്ച്‌ഒ സുമേഷ് സുധാകരൻ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ സാജിറിനെ റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.







