HONESTY NEWS ADS

കൊക്കോവില @ 1000 പിന്നിട്ടു; ഉടനെങ്ങും തിരിച്ചുപോക്ക് ഉണ്ടായേക്കില്ല, കാരണങ്ങള്‍ ഇതൊക്കെ....

കേരളത്തിൽ ഉണക്ക കൊക്കോവില ആയിരം കടന്നു.

കേരളത്തിൽ ഉണക്ക കൊക്കോവില ആയിരം കടന്നു. സംസ്ഥാനത്ത് കൊക്കോകൃഷി വ്യാപകമായിട്ടുള്ള ഇടുക്കിയിൽ ബുധനാഴ്ച വ്യാപാരം നടന്നത് 1010 രൂപയ്ക്കാണ്. ചരക്ക് വരവ് കുറഞ്ഞതോടെ വില ഇനിയും കൂടുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. ആഫ്രിക്കയിലെ കൃഷി‌നാശവും ചോക്ലേറ്റ് കമ്പനികളിൽ നിന്നുള്ള ആവശ്യകത കൂടിയതുമാണ് കൊക്കോയുടെ തലവര മാറ്റിയത്.

Also Read:  ഇടുക്കിയിലെ പ്രധാനപ്പെട്ട മാർക്കറ്റുകളിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (24 - ഏപ്രിൽ - 2024)

ലോകത്തിന്റെ കൊക്കോ തലസ്ഥാനം ആഫ്രിക്കയിലെ ഐവറികോസ്റ്റ്, ഘാന എന്നീ രാജ്യങ്ങളാണ്. ആഗോള ഉത്പാദനത്തിൻ്റെ 70 ശതമാനത്തിലേറെയും ആഫ്രിക്കയിൽ നിന്നാണ്. ഈ രാജ്യങ്ങളിൽ അപ്രതീക്ഷിതമായി ഉത്പാദനം ഇടിഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം. കനത്ത മഴയിൽ വലിയതോതിൽ കൃഷിനാശം ഈ രാജ്യങ്ങളിൽ സംഭവിച്ചിരുന്നു. ഐവറികോസ്റ്റിൽ സ്വർണഖനനത്തിനായി കൊക്കോ കൃഷി നശിപ്പിച്ചതിനൊപ്പം ബ്ലോക്ക്‌പോട് രോഗവും പ്രതിസന്ധി വർധിപ്പിച്ചു.

വില ഇനിയും ഉയരും

കൊക്കോവില ഇനിയും വർധിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ആവശ്യകതയ്ക്ക് അനുസരിച്ച് ഉത്പാദനം ഉയരാത്തതാണ് കാരണം. ദൗർലഭ്യം ഉണ്ടായേക്കുമെന്ന ഭയത്തിൽ ചോക്ലേറ്റ് നിർമാതാക്കൾ മുൻകൂറായി കച്ചവടക്കാരുമായി ഇടപാട് ഉറപ്പിക്കാനുള്ള തന്ത്രപ്പാടിലാണ്. അടുത്ത വർഷവും ഉത്പാദനം കുറയുമെന്ന തിരിച്ചറിവ് വില കൂട്ടാൻ വ്യാപാരികളെയും പ്രേരിപ്പിക്കുന്നുണ്ട്.

വില സമീപകാലത്ത് വലിയ തോതിൽ ഇടിഞ്ഞേക്കില്ലെന്നതിന് കാരണങ്ങൾ വേറെയുമുണ്ട്. ഓരോ വർഷവും ചോക്ലേറ്റ് വിൽപന കൂടുകയാണ്. കൊക്കോപരിപ്പിൻ്റെ സാന്നിധ്യം ഇല്ലാതെ ചോക്ലേറ്റ് പൂർണമാകില്ല. അതുകൊണ്ട് തന്നെ കൊക്കോയുടെ ആവശ്യകത ഒരുപരിധിയിൽ കൂടുതൽ കുറയില്ലെന്ന് ഉറപ്പാണ്. കൊക്കോ വില കൈവിട്ടു പോയതോടെ പ്രീമിയം ചോക്ലേറ്റ് വിലയിൽ 30-40 ശതമാനം വർധന ഉണ്ടായിട്ടുണ്ട്.

കർഷകർക്ക് അപ്രതീക്ഷിത കൈത്താങ്ങ്

റബറും കുരുമുളകും കൃഷി ചെയ്‌തിരുന്ന കൂട്ടത്തിൽ തന്നെ ഹൈറേഞ്ചിലെ കർഷകർ കൊക്കോയ്ക്കും ശ്രദ്ധ നൽകിയിരുന്നു. ഓരോ ആഴ്‌ചയും വരുമാനം ലഭിക്കുമെന്നതിനാൽ പല ഇടത്തരം കുടുംബങ്ങളുടെയും താങ്ങായിരുന്നു കൊക്കേ ഇടക്കാലത്ത് വില കുറയുകയും കുരങ്ങ്, അണ്ണാൻ, എലി തുടങ്ങിയ മൃഗങ്ങളുടെ ശല്യം വർധിച്ചതും കർഷകരെ പതിയെ കൊക്കോയിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു

വില റെക്കോഡ് വേഗത്തിൽ ഉയർന്നതോടെ കേരളത്തിൽ കൊക്കോകൃഷി വീണ്ടും സജീവമായിട്ടുണ്ട്. കർഷകർ കൊക്കോയ്ക്ക് കൂടുതൽ പരിചരണം നൽകാൻ തുടങ്ങിയതോടെ ഇത്തവണ ഉത്പാദനം കൂടുമെന്ന പ്രതീക്ഷ നിലനിൽക്കുന്നുണ്ട്. മറ്റ് കാർഷിക വിഭവങ്ങളുടെ വില ഇടിഞ്ഞു നിൽക്കുന്നതിനിടെ കൊക്കോ അപ്രതീക്ഷിത നേട്ടം സമ്മാനിച്ചതിൻ്റെ ഉണർവ് മലയോര മേഖകളിൽ പ്രകടമാണ്.

ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നുണ്ടെങ്കിലും കേരളത്തിലെ കൊക്കോയ്ക്കാണ് ഗുണവും രുചിയും കൂടുതൽ. ഇടുക്കിയിലെ മുരിക്കാശേരി, തേക്കിൻതണ്ട്, മങ്കുവ ഭാഗങ്ങളിലുള്ള കൊക്കോയ്ക്കാണ് ഏറ്റവും ഡിമാൻഡ് ഉള്ളത്. ഇവിടങ്ങളിലെ കൊക്കോയ്ക്ക് മറ്റ് സ്ഥലങ്ങളിലേക്കാൾ വില ലഭിക്കുന്നുണ്ട്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS