
സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്ന് സമ്മാനിക്കുന്ന ഉപ്പുകുന്ന് മുറംകെട്ടിപ്പാറ വ്യൂ പോയിന്‍റിലേക്ക് സഞ്ചാരികള്‍ക്ക് വഴികാട്ടുന്ന ഗിറ്റാർ ഫലകം വേറിട്ട കാഴ്ചയാകുന്നു. ഉടുമ്പന്നൂർ പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര മേഖലയാണ് മുറംകെട്ടിപ്പാറ. ദിവസവും നൂറു കണക്കിന് സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്. ലോ റേഞ്ചില്‍ ആണെങ്കിലും ഹൈറേഞ്ചിലെ തണുത്ത കാലാവസ്ഥയാണ് ഉപ്പുകുന്നില്‍ അനുഭവപ്പെടുന്നത്.
Also Read: കണ്ണൂരിൽ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ചു, ഒരു കുട്ടിയടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം.
ഇതു സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട കേന്ദ്രമാക്കി ഉപ്പികുന്നിനെ മാറ്റിയിട്ടുണ്ട്. ഉപ്പുകുന്നിലെത്തിയാല്‍ മുറംകെട്ടിപ്പാറയ്ക്കു പുറമേ നിരവധി കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കാനാണ് പഞ്ചായത്ത് ഗിറ്റാർ ഫലകം സ്ഥാപിച്ചിരിക്കുന്നത്. ഉപ്പുകുന്ന് വ്യൂ പോയിന്‍റ്, തേയിലത്തോട്ടം, ഇടുക്കി വനമേഖലയിലെ വലിയമാവ് വഴിയുള്ള യാത്ര, ആദിവാസി സംസ്കൃതി കേന്ദ്രം, കള്ളിക്കല്‍ പുഴ, നിരവധി കാവുകളും ക്ഷേത്രങ്ങളും അങ്ങിനെ നീളുന്നു ഇവിടുത്തെ കാഴ്ചകള്‍. ഇതു കൂടാതെ ഏതാനും കിലോമീറ്ററുകള്‍ സഞ്ചരിച്ചാൻ കുളമാവ് ഡാമും നാടുകാണി പവലിയനും വിനോദ സഞ്ചാരികള്‍ക്ക് സന്ദർശിക്കാം.
മനംമയക്കുന്ന കാഴ്ചകളുണ്ടെങ്കിലും ഉപ്പുകുന്നിലെത്തുന്ന സന്ദർശകർക്കായി അടിസ്ഥാന സൗകര്യങ്ങളില്ലെന്ന പരാതിയുമുണ്ട്. പ്രാഥമിക ആവശ്യങ്ങള്‍ നിർവഹിക്കാൻ പോലും ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് മതിയായ സൗകര്യമില്ല. സൗകര്യങ്ങളൊരുക്കാൻ പഞ്ചായത്തിനോ ഡിടിപിസിക്കോ വിനോദ സഞ്ചാര വകുപ്പിനോ വനംവകുപ്പിനോ കഴിഞ്ഞിട്ടില്ലെന്നും പ്രദേശത്ത് ഹോം സ്റ്റേകള്‍ ഉള്‍പ്പെടെ തുടങ്ങാൻ ടൂറിസം വകുപ്പിന്‍റെ നയം മൂലം കഴിയുന്നില്ലെന്നും നാട്ടുകാർ പറയുന്നു.




