
സ്ഥിരം അപകടമേഖലയായ ബാലുശ്ശേരി കരുമലയിലെ വളവില്‍ വീണ്ടും അപകടം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് നിറയെ മാങ്ങയുമായി എത്തിയ പിക്കപ്പ് വാന്‍ റോഡിലെ വളവില്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ മലപ്പുറം കീഴിശ്ശേരി സ്വദേശി കൃഷ്ണകുമാര്‍, മുഹമ്മദ് റഷാദ് എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റോഡില്‍ നിന്നും തെന്നിമാറിയ വാഹനം സമീപത്തെ തെങ്ങില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പുലര്‍ച്ചെ മൂന്നോടെ അപകടം സംഭവിച്ചെങ്കിലും അഞ്ചരയോടെയാണ് ഇരുവരെയും പുറത്തെത്തിക്കാനായത്. കാബിനില്‍ കുടുങ്ങിപ്പോയ ഇരുവരെയും അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് ഡോര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്തുകയായിരുന്നു. മാങ്ങ കയറ്റി മഞ്ചേരിയില്‍ നിന്നും താമരശ്ശേരി - ബാലുശ്ശേരി വഴി തലശ്ശേരിയിലേക്ക് പോകുകയായിരുന്നു ഇവര്‍. സ്ഥിരം അപകട മേഖലയായ ഇവിടെ ദിനംപ്രതിയെന്നോണം ഇപ്പോള്‍ അപകടം നടക്കുകയാണ്. അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.