
ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്ന് പക്ഷിപ്പനി പടരാതിരിക്കാൻ ജില്ലയെ പക്ഷിപ്പനി ബഫർ സോണാക്കാൻ മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എ.കൗശിക്കിന്റെ നിർദ്ദേശപ്രകാരം ജില്ലാ അതിർത്തികളില്‍ നിയന്ത്രണങ്ങള്‍ സഹിതമുള്ള ബഫർ സോണ്‍ പ്രഖ്യാപനം കളക്ടർ രണ്ട് ദിവസത്തിനുള്ളില്‍ നടത്തും.
ആലപ്പുഴയിലെ താമരക്കുളം, കായംകുളം, പത്തനംതിട്ടയിലെ അടൂർ എന്നിവിടങ്ങളില്‍ നിന്ന് പക്ഷികള്‍, മുട്ടകള്‍, കോഴി-താറാവ് വളം എന്നിവ ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് ബഫർ സോണ്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി നിയന്ത്രണം ഏർപ്പെടുത്തും. രണ്ട് ജില്ലകളിലും പക്ഷപ്പനി വ്യാപകമായ പശ്ചാത്തലത്തില്‍ അവശേഷിക്കുന്ന പക്ഷികളെ ജില്ലയിലേക്ക് കടത്താൻ സാദ്ധ്യതയുണ്ട്.
അലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി പടർന്നുപിടിച്ചപ്പോള്‍ നഷ്ടം കനക്കാതിരിക്കാൻ കർഷകർ പക്ഷികളെ പത്തനംതിട്ടയിലേക്ക് കടത്തിയിരുന്നു. ഇങ്ങനെയാണ് അടൂരില്‍ പക്ഷിപ്പനി പടർന്നതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നിഗമനം. ഈ സാഹചര്യം ജില്ലയില്‍ ഒഴിവാക്കുകയാണ് ബഫർ സോണ്‍ പ്രഖ്യാപനത്തിന്റെ ലക്ഷ്യം.
വളർത്തുപക്ഷികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയ ഫാമുകളില്‍ വലിയളവില്‍ കോഴിവളവും താറാവ് വളവും കെട്ടിക്കിടപ്പുണ്ട്. വരുമാന മാർഗം നിലച്ച കർഷകർ ഇവ കുറഞ്ഞ വിലയ്ക്ക് കടത്താനുള്ള സാദ്ധ്യതയുമുണ്ട്.
ബഫർ സോണ്‍ പ്രഖ്യാപനം ഉടൻ
കളക്ടറുടെ പ്രഖ്യാപനം രണ്ട് ദിവസത്തിനകം
100 പക്ഷികളില്‍ കൂടുതലുള്ള ഫാമുകളുടെ വിവരങ്ങള്‍ ശേഖരിച്ചു
ഫാമുകളില്‍ സന്ദർശകരെ അനുവദിക്കരുത്
നടത്തിപ്പുകാർ പക്ഷിപ്പനി ബാധിത ജില്ലകളിലേക്ക് പോകരുത്
ഫാമുകളില്‍ പ്രവേശിക്കുമ്ബോള്‍ ആന്റി വൈറല്‍ ലായനിയില്‍ കാല്‍ കഴുകണം
സർക്കാർ ഫാമുകളില്‍ സന്ദർശകരെ നിരോധിച്ചു
നിയന്ത്രണം കുരിയോട്ടുമല, കുരീപ്പുഴ, തോട്ടത്തറ ഫാമുകളില്‍
ഫാമുകളില്‍ ദേശാടന പക്ഷികള്‍ തമ്ബടിക്കാറുള്ള മരച്ചില്ലകള്‍ മുറിച്ചു
രോഗം നിയന്ത്രണ വിധേയമായാല്‍ ഇളവ്
നിയന്ത്രണം-അടുത്ത മേയ് വരെ
കോഴി, താറാവ് എന്നിവ അസാധാരണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ എപ്പിഡമിയോളജി വിഭാഗത്തെ ബന്ധപ്പെടണം. ഡി. ഷൈൻകുമാർ, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ