
ദുരന്ത സാഹചര്യം കണക്കിലെടുത്ത് ദേവികുളം-പൂപ്പാറ ഗ്യാപ് റോഡിലൂടെയുള്ള യാത്ര നിരോധിച്ചു.
ജില്ലാ കളക്ടറുടെ ഉത്തരവ്
ഉടുമ്പൻചോല താലുക്കിൽ ചിന്നക്കനാൽ വില്ലേജിൽ ഉൾപെട്ടുവരുന്ന ഗ്യാപ്പ് റോഡിൽ മണ്ണിടിഞ്ഞ് ഗതാഗത തടസ്സം ഉണ്ടായിട്ടുള്ളതാണെന്നും ഇനിയും അപകടസാധ്യത നിലനിൽക്കുന്നതാണെന്നും സബ് കളക്ടർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ദുരന്തം ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി, ദുരന്തനിവാരണനിയമം 2005 ലെ സെക്ഷൻ 25 (2) (a), സെക്ഷൻ 26 (2) എന്നിവ പ്രകാരം എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34 (b), 34 (c) എന്നിവ പ്രകാരം ദേവികളും പൂപ്പാറ ഗ്യാപ് റോഡിന്റെ ഭാഗമായിട്ടുളള ദേവികുളം താലൂക്കിലെ കെ.ഡി.എച്ച് വില്ലേജിലെ ദേവികുളം മുതൽ ഉടുമ്പൻചോല താലൂക്കിലെ ചിന്നക്കനാൽ വില്ലേജിലെ ചിന്നക്കനാൽ പവർഹൌസ് ഭാഗം വരെ ഗതാഗതം ഉടൻ പ്രാബല്യത്തിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ച് ഇതിനാൽ ഉത്തരവാകുന്നു.
ടി ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ദേവികുളം, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ഇടുക്കി, ഇൻസിഡന്റ് കമാൻഡർ & തഹസിൽദാർ ദേവികുളം ഉടുമ്പൻചോല എന്നിവരെ ചുമതലപ്പെടുത്തി ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30 (2) (v) പ്രകാരം ഉത്തരവാകുന്നു.
കൂടാതെ ടി റോഡിലെ അപകടസാധ്യത അടിയന്തരമായി പരിഹരിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് (ദേശീയപാതാ വിഭാഗം), മൂവാറ്റുപുഴ യെ ചുമതലപ്പെടുത്തി ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30 (2) (v) പ്രകാരം ഉത്തരവാകുന്നു.