
ഈരാറ്റുപേട്ടയില്‍ രണ്ടരലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി മൂന്ന് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. അല്‍ഷാം സി.എ (30), അൻവർഷാ ഷാജി (26), ഫിറോസ് കെ.എസ് (25) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്.
ഒന്നാംതീയതി ഈരാറ്റുപേട്ട അരുവിത്തുറയില്‍ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിന്റെ സിഡിഎമ്മില്‍നിന്ന് കള്ളനോട്ടുകള്‍ കിട്ടിയതിനെ തുടർന്ന് അസിസ്റ്റന്റ് മാനേജർ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയും ചെയ്തു. ശാസ്ത്രീയ പരിശോധനയില്‍ ഫിറോസ് ആണ് സിഡിഎമ്മില്‍ കള്ളനോട്ട് ഇട്ടതെന്ന് കണ്ടെത്തുകയും തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയും ചെയ്തു.
ഫിറോസിനെ ചോദ്യം ചെയ്തതില്‍നിന്ന് ഇയാള്‍ 28,500 രൂപയുടെ നോട്ടുകെട്ടുകള്‍ക്കൊപ്പം 500 രൂപയുടെ 9 കള്ളനോട്ടുകള്‍ ചേർത്ത് സിഡിഎമ്മില്‍ ഇട്ടതായി വ്യക്തമായി. സുഹൃത്തായ ഈരാറ്റുപേട്ട സ്വദേശി അൻവർഷായാണ് കമ്മീഷൻ തരാമെന്ന് പറഞ്ഞ് അഞ്ഞൂറിൻറെ ഒമ്ബത് കള്ളനോട്ടുകള്‍ തന്നതെന്നും വെളിപ്പെടുത്തി. തുടർന്ന് അന്വേഷണസംഘം അൻവർഷായെ പിടികൂടുകയായിരുന്നു.
അൻവർഷായെ ചോദ്യം ചെയ്തതില്‍നിന്ന് അല്‍ഷാം എന്നയാളാണ് കമ്മീഷൻ വ്യവസ്ഥയില്‍ അഞ്ഞൂറ് രൂപയുടെ 12 കള്ളനോട്ട് തന്നതെന്ന് മനസിലായി. തുടർന്ന് അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ അൻഷാമിനെ പിടികൂടുകയും ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2,24,000 രൂപയുടെ അഞ്ഞൂറിന്റെ കള്ളനോട്ടുകള്‍ കണ്ടെത്തുകയും ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




