
ഇടുക്കി ചേലച്ചുവട് ബസ്സ്റ്റാൻഡിൽ തലയ്ക്കു സാരമായി പരിക്കുപറ്റി ആരും തിരിഞ്ഞ് നോക്കാതെ കിടന്നയാളെ ആശുപത്രിയിൽ എത്തിച്ചത് വാഴത്തോപ്പ് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. ചേലച്ചുവട് സ്വദേശികളായ പേക്കൽ അഡോൺ സന്തോഷ്, വിച്ചാട്ട് ജിൻസ് സജി എന്നിവരാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. വാഴത്തോപ്പ് സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളാണ് ഇരുവരും.
തിങ്കളാഴ്ച വൈകിട്ട് 5:30 യോടെ ആയിരുന്നു സംഭവം. പരിക്കേറ്റു കിടന്ന തൃശ്ശൂർ സ്വദേശിയായ ജിസ്മോൻ എന്ന യുവാവിനെ ആരും തിരിഞ്ഞുനോക്കിയില്ല. സ്കൂളിൽ നിന്നും തിരികെ വരുന്നതിനിടെ ചേലച്ചുവട് ബസ്റ്റാൻഡിൽ ബസിൽനിന്നും ഇറങ്ങുന്നതിനിടെയാണ് വിദ്യാർത്ഥികൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന യുവാവിനെ കണ്ടത്. ഉടൻതന്നെ സമീപത്ത് നിന്നും ഓട്ടോറിക്ഷ വിളിച്ച് അടുത്തുള്ള സി എസ് ഐ ഹോസ്പിറ്റലിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതിനിടെ കുട്ടികൾ പോലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചറിയിച്ചു.
മറ്റാരുടെയും സഹായം ലഭിക്കാതെ വന്നതോടെ കുട്ടികൾ സിഎസ്ഐ ഹോസ്പിറ്റലിൽ നിന്നും പ്രാഥമിക ചികിത്സ നൽകിയശേഷം പരിക്കേറ്റ യുവാവിനെയുമായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പോയി. ആംബുലൻസ് യാത്ര ചെയ്യുന്നതിനിടെ ഡ്രൈവറുടെ ഫോണിൽ നിന്നും വീട്ടിലേക്ക് വിളിച്ചു കാര്യം അറിയിച്ചു. മെഡിക്കൽ കോളേജിലെത്തി പ്രാഥമികചികിത്സകൾ നൽകിയ ശേഷം യുവാവിന്റെ ഫോൺ നിന്ന് വീട്ടുകാരെയും വിളിച്ച് അറിയിച്ച ശേഷമാണ് തിരികെ വീട്ടിലേയ്ക്ക് പോയത്. ഇരുവരും വീട്ടിൽ എത്തിയപ്പോൾ 8 മണി കഴിഞ്ഞു. മനുഷ്യജീവനെ ചേർത്ത് പിടിക്കാൻ തയ്യാറായ ഈ പ്ലസ് ടു വിദ്യാർത്ഥികളാണ് ഇന്നത്തെ ഹീറോകൾ.