
ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. കട്ടപ്പനയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റ് ചപ്പാത്തിലെത്തിയപ്പോൾ തകരാറിലായി. തുടർന്ന് കെഎസ്ആർടിസി സർവീസ് മുടങ്ങി. കെഎസ്ആർടിസി മറ്റൊരു ബസ് കട്ടപ്പനയിൽ നിന്നും അയക്കുമെന്നും ഇത് എത്തിയശേഷം മാത്രമേ യാത്ര തുടരാൻ ആകൂ എന്ന് ജീവനക്കാർ അറിയിച്ചതോടെ ദീർഘദൂര യാത്രക്കാർ ഒഴിയുള്ളവർ ബസ്സിൽ നിന്ന് ഇറങ്ങി റോഡിൽ നിന്നു.
രാത്രി 7 കഴിഞ്ഞതോടെ കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയിൽ ബസുകൾ കുറവാണ്. ഈ സമയം നെടുങ്കണ്ടം ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് എത്തി. യാത്രക്കാർ കൈ കാണിച്ചെങ്കിലും ബസ് നിർത്താൻ ഡ്രൈവർ തയ്യാറായില്ല. കട്ടപ്പന ഏലപ്പാറ കുട്ടിക്കാനം ഹൈവേയിലെ അവസാനത്തെ സ്വകാര്യ ബസ് നിർത്താതെ പോയത് യാത്രക്കാരെ ശരിക്കും പെരുവഴിയിലാക്കി. കോട്ടയത്തുനിന്ന് മുൻകൂട്ടി ട്രെയിൻ ബുക്ക് ചെയ്തിരുന്ന സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ചപ്പത്തിൽ നിന്ന് ഓട്ടോറിക്ഷ വിളിച്ചു കുട്ടിക്കാനത്ത് എത്തിയശേഷം ഇവിടെ നിന്നാണ് യാത്ര തുടർന്നത്. സംഭവത്തിൽ യാത്രക്കാർ വണ്ടിപ്പെരിയാർ ജോയിന്റ് ആർടിഒ ക്ക് പരാതി നൽകി.




