.jpeg)
അങ്കമാലി ടി.ബി ജംഗ്ഷനിൽ വാഹന പരിശോധനക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ശ്രമിച്ച് കടന്നു കളഞ്ഞ പ്രതികൾ പോലീസ് പിടിയിൽ. തൊടുപുഴ കാരിക്കോട് കിഴക്കൻ പറമ്പിൽ അജൽ സുബൈർ (29), തൊടുപുഴ പെരുമ്പിള്ളിച്ചിറ ചൂരവേലിൽ റിൻഷാദ് (30) എന്നിവരാണ് അങ്കമാലി അയ്യമ്പുഴ, പെരുമ്പാവൂർ പോലീസ് സംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ തൃശൂർ ഭാഗത്ത് നിന്ന് വരികയായിരുന്ന മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന കാർ അങ്കമാലി ടിബി ജംഗ്ഷനിൽ വാഹന പരിശോധനക്കായി പോലീസ് നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വാഹനം നിർത്താതെ ഡാൻസാഫിലെ പോലീസ് ഉദ്യോഗസ്ഥൻ രഞ്ജിത്തിനെ ഇടിച്ച് തെറിപ്പിച്ച് മൂന്നംഗ സംഘം കടന്നു കളയുകയായിരുന്നു. കാറിൽ വാഹന രജിട്രേഷൻ നമ്പർ ഇല്ലായിരുന്നുവെന്നും റോഡിലെ മറ്റ് വാഹനങ്ങളിൽ ഇടിച്ചാണ് മൂന്നംഗ സംഘം രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു.
രക്ഷപ്പെട്ട് മൂക്കനുർ കാരമറ്റം ഭാഗത്തേക്ക് പോയ സംഘത്തെ കാരമറ്റം ഭാഗത്ത് അയ്യമ്പുഴ പോലീസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പോലീസ് വാഹനത്തിൽ കാർ മനഃപൂർവ്വം ഇടിച്ചുകയറ്റി. തുടർന്ന് മുന്നോട്ടെടുത്ത കാർ മതിലിലിടിച്ച് നിൽക്കുകയും കാറിൽ നിന്ന് പ്രതി റിൻഷാദ് ഇറങ്ങി കാർ മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ പിന്തുടർന്നെത്തിയ പോലീസ് സംഘം റിൻഷാദിനെ പിടികൂടുകയുമായിരുന്നു. തുടർന്ന് അജലും വാഹനത്തിലുണ്ടായ മറ്റൊരു പ്രതിയും ചേർന്ന് കാർ പെരുമ്പാവൂർ ഭാഗത്തേക്കും അവിടുന്ന് വല്ലം, ചേലാമറ്റം ഭാഗത്തേക്കും തുടർന്ന് ഒക്കലെക്കും എത്തി.
വെളിച്ചമില്ലാത്ത ഭാഗത്ത് വാഹനം നിർത്തിയിട്ട് ഇരുവരും രക്ഷപ്പെടുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ പ്രതി അജൽ സുബൈറിനെയും പിടികൂടുകയായിരുന്നു. രക്ഷപ്പെട്ട മൂന്നാം പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.