HONESTY NEWS ADS

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

ഇടുക്കി ചെറുതോണിയ്ക്ക് സമീപം പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് കവർച്ച; ഒന്നരമാസത്തിനിടെ മോഷണം നടന്നത് അഞ്ച് വീടുകളിൽ, മോഷ്ടിക്കുന്നത് സ്വർണം മാത്രം, യുവതി പിടിയിൽ

ഇടുക്കി: ചെറുതോണിയ്ക്ക് സമീപം പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ യുവതി പിടിയിൽ

ചെറുതോണിയ്ക്ക് സമീപം ഭൂമിയാംകുളം മേഖലയിൽ പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചുനടന്ന മോഷണ പരമ്പരയിലെ പ്രതിയായ യുവതിയെ ഇടുക്കി പോലീസ് അറസ്റ്റു ചെയ്തു. മുളകുവള്ളി സ്വദേശിനി ഏർതടത്തിൽ സുനിത സുനിൽ (44) ആണ് പോലീസൊരുക്കിയ കെണിയിൽ വീണത്. ഒന്നരമാസത്തിനിടയിൽ അഞ്ച് വീടുകളിലാണ് ഇവർ മോഷണം നടത്തിയത്. 


 ഭൂമിയാകുളം ഭാഗത്ത് വീട് പൂട്ടി ജോലിക്കും കൃഷിയിടങ്ങളിൽ പണിക്കും പോയിരുന്ന  വീടുകൾ  കേന്ദ്രീകരിച്ച്  സ്വർണ്ണാഭരണങ്ങൾ കവർച്ച നടത്തുന്നതാണിവരുടെ രീതി. കൂടുതൽ സ്വർണ്ണവും പണവും അലമാരയിൽ ഉണ്ടെങ്കിലും ഒന്നോ, രണ്ടോ സ്വർണ്ണാഭരണങ്ങൾ മാത്രം മോഷ്ടിക്കുന്നതാണ് ഇവരുടെ ശൈലി. സ്വർണം കൂടുതലായി പോകാത്തതിനാൽ ദിവസങ്ങൾക്ക് ശേഷം മാത്രമെ വീട്ടുകാർ മോഷണ വിവരം അറിഞ്ഞിരുന്നത്.


 ഇടുക്കി പോലീസിൽ വ്യാപകമായി പരാതി ലഭിച്ചതോടെ ഇടുക്കി ഡിവൈഎസ്പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.   കുന്നപ്പിള്ളിയിൽ ഷാന്റി ജിൻസിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത്  പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇടുക്കി, ചെറുതോണി, കരിമ്പൻ , തടിയമ്പാട് ഭാഗങ്ങളിലുള്ള ധനകാര്യ സ്ഥാപനങ്ങൾ, സ്വർണ്ണകടകൾ, ബാങ്കുകൾ എന്നിവയിൽ പരിശോധന നടത്തി നഷ്ടപ്പെട്ട സ്വർണങ്ങൾ കണ്ടെത്തി ഉടമകൾ കണ്ട് ഉറപ്പുവരുത്തി.  


സ്ത്രീ ആണ് ഉരുപ്പടികൾ പണയം വച്ചിരിക്കുന്നത് എന്നും സ്വർണാഭരണ ശാലകളിൽ നിന്നും സ്വർണ്ണം മാറ്റി വാങ്ങിയിട്ടുള്ളതായും പോലീസ് മനസ്സിലാക്കി. ഇവരുടെ ചിത്രങ്ങൾ സ്ഥാപനങ്ങളിലെ സി സി ടി വി യിൽ ലഭിച്ചതോടെ  പോലീസ് തന്ത്രപരമായി  സുനിതയെ പിടികൂടുകയായിരുന്നു.  വിവിധ സ്ഥാപനങ്ങളിലായി പണയം വക്കുകയും വിൽക്കുകയും ചെയ്ത ഏഴര പവനോളം സ്വർണ്ണം പോലീസ് വീണ്ടെടുത്തു.  അറസ്റ്റ് ചെയ്ത് പ്രതിയെ മോഷണം നടന്ന വീടുകളിലും സ്വർണം പണയം വച്ച സ്ഥാപനങ്ങളിലും കടകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. പൂട്ടി കിടന്ന വീടുകളിൽ നിന്നും താക്കോൽ കണ്ടെടുത്ത് അകത്തു കയറി സ്വർണം മോഷ്ടിച്ച് താഴക്കാൽ യഥാസ്ഥാനത്ത് തിരികെ വച്ച് രക്ഷപെടുകയായിരുന്നെന്ന് ഇവർ പോലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമന്റ് ചെയ്തു.

HONESTY NEWS


ഇടുക്കി പോലീസിന്റെ  പ്രത്യേക അന്വേഷണ സംഘത്തിൽപെട്ട ഇടുക്കി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സന്തോഷ് സജീവ്, പ്രിൻസിപ്പൽ എസ് ഐ ബൈജു പി. ബാബു, എസ് ഐ മാരായ സാബു തോമസ്, ജോർജുകുട്ടി, എം.ചന്ദ്രൻ, കെ.പി. റെജിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ആർ. അനീഷ്, മനോജ് വർഗീസ്, എം.ഐ. നജീബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS