HONESTY NEWS ADS

 HONESTY NEWS ADS


ഇത് ചരിത്ര നിമിഷം, ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നത്; നടി രേവതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി രേവതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ പ്രതികരണവുമായി രേവതി. ഇത് ചരിത്ര നിമിഷമാണെന്ന് നടിയും സംവിധായകയുമായ രേവതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ‘ഞങ്ങളുടെ ജോലി ഇനിയാണ് ആരംഭിക്കുന്നത്.


കമ്മിറ്റി റിപ്പോര്‍ട്ട് വായിച്ച് മനസിലാക്കി നടപ്പിലാക്കാന്‍ ശ്രമിക്കും. റിപ്പോര്‍ട്ടിന്റെ അര്‍ഥം മനസ്സിലാക്കിയ എല്ലാവരോടും ഡബ്ല്യുസിസി അംഗമെന്ന നിലയില്‍ നന്ദിയുണ്ട്. സമൂഹത്തില്‍ ഞങ്ങള്‍ക്ക് ഐഡന്റിറ്റി നല്‍കിയ സിനിമാ വ്യവസായത്തിലെ സുരക്ഷിതത്വത്തിനും ഉന്നതിക്കും വേണ്ടിയുള്ള പരിശ്രമം തുടരും’–രേവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായി പുറത്തുവിടാനല്ല ഡബ്ല്യുസിസി ആവശ്യപ്പെട്ടതെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ രേവതി നേരത്തെ പ്രതികരിച്ചിരുന്നു. മൊഴി കൊടുത്ത സ്ത്രീകളും പുരുഷന്മാരുമായ എല്ലാവരുടേയും സ്വകാര്യത പൂര്‍ണമായി സംരക്ഷിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് രേവതി പറഞ്ഞു. സ്വകാര്യത മാനിക്കപ്പെടുമെന്ന് കരുതി തന്നെയാകും പലരും മൊഴി കൊടുത്തിട്ടുണ്ടാകുക. ആര്‍ക്കെങ്കിലുമെതിരെ ഭീഷണി വരാനോ ഭീഷണിപ്പെടുത്താനോ വേണ്ടിയല്ല റിപ്പോര്‍ട്ടെന്നും രേവതി പറഞ്ഞു.


തുടര്‍ നടപടികളെക്കുറിച്ച് കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കേണ്ടതാണെന്ന് രേവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമാ മേഖലയെക്കുറിച്ച് നടത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ടാണ്. ആ നിലയ്ക്ക് ഇതിനെ കാണണം. ആര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാനാകുമോയെന്ന് അറിയില്ല. ഭാവിയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ആലോചിക്കാന്‍ സഹായിക്കുന്ന പഠന റിപ്പോര്‍ട്ടായി ഇതിനെ പരിഗണിക്കണമെന്നും രേവതി കൂട്ടിച്ചേര്‍ത്തു.


സിനിമാ രംഗത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമം നടക്കുന്നതായി കേട്ടുകേള്‍വി പോലുമില്ലെന്ന് ഡബ്ല്യുസിസിയിലെ ഒരു സ്ഥാപക അംഗം പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ടല്ലോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് പറയാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നായിരുന്നു രേവതിയുടെ മറുപടി. എല്ലാവരുടേയും സ്വകാര്യത മാനിക്കപ്പെടണം. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യുസിസി അംഗം ആവശ്യപ്പെട്ടെന്ന മുന്‍ മന്ത്രി എ കെ ബാലന്റെ പ്രസ്താവനയെക്കുറിച്ച് തനിക്കറിയില്ലെന്നും രേവതി കൂട്ടിച്ചേര്‍ത്തു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS