
ഡോക്ട്‌ടർ ചമഞ്ഞ് ഏലപ്പാറ സ്വദേശിയുടെ പക്കൽനിന്നു പണം തട്ടിയെടുത്ത കേസിൽ അമ്മയും മകനും അറസ്റ്റിലായി. പാലാ കിടങ്ങൂർ മംഗലത്ത്കുഴിയിൽ ഉഷ അശോകൻ(58), മകൻ വിഷ്ണു(38) എന്നിവരാണ് അറസ്റ്റിലായത്. ഏലപ്പാറ സ്വദേശി പ്രദീഷിന്റെ പക്കൽനിന്നു പലതവണയായി അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.
പ്രദീഷ് ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽവെച്ചാണ് പരിചയപ്പെടുന്നത്. പ്രദീഷ് തൻ്റെ മകൻ്റെ ചികിത്സയ്ക്കായി എത്തിയതായിരുന്നു. ഡോക്‌ടറുടെ വേഷത്തിൽ ആശുപത്രി പരിസരത്ത് കണ്ട വിഷ്ണു, പ്രദീഷിനെ ആശുപത്രി കാര്യങ്ങളിൽ സഹായിച്ചിരുന്നു. മെഡിക്കൽ കോളേജിലെ ഡോക്‌ടറാണെന്നും പരിചയപ്പെടുത്തി.
പിന്നീട് പിതാവിന്റെ ചികിത്സയ്ക്കായി കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴും പ്രദീഷ്, വിഷ്ണുവുമായി ബന്ധപ്പെട്ടിരുന്നു. ചികിത്സയ്ക്ക് 55 ലക്ഷം രൂപ ചെലവായി. ചെലവായ തുകയുടെ 32 ശതമാനം രൂപ ആരോഗ്യവകുപ്പിൽനിന്നു വാങ്ങി നൽകാമെന്ന പേരിലാണ് പല തവണയായി വിഷ്ണുവും അമ്മ ഉഷയും പ്രദീഷിന്റെ പക്കൽനിന്നു പണം കൈപ്പറ്റിയത്.
പ്രദീഷ് നൽകിയ പരാതിയിൽ പീരുമേട് പോലീസാണ് ഇരുവരേയും പിടികൂടിയത്. ഏറ്റുമാനൂരിൽ ഇവർ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള പതിനൊന്ന് കേസുകൾ ഇവരുടെ പേരിലുണ്ട്. നോർത്ത് പറവൂർ സ്റ്റേഷനിൽ രജിസ്റ്റർചെയ്‌ത കേസിൽ റിമാൻഡിലായിരുന്ന ഇവർ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും തട്ടിപ്പ് നടത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.