
വാർഷിക അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇടുക്കി ഡാമിൽ നിർത്തിവെച്ചിരുന്ന ബോട്ട് സർവിസ് വ്യാഴാഴ്ച പുനരാരംഭിക്കും. ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും കാനന കാഴ്ച കളും ആസ്വദിച്ച് വിനോദ സഞ്ചാരികൾക്ക് ബോട്ട് സവാരി നടത്താനാണ് ഇടുക്കി തട്ടേക്കാട് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ കീഴിൽ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കുന്ന തരത്തിലാണ് ബോട്ടിങ് ക്രമീകരിച്ചിരി ക്കുന്നത്. മുതിർന്നവർക്ക് 145 രൂപയും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 85 രൂപയുമാണ് ഫീസ്. അര മണിക്കൂറാണ് യാത്രാസമയം. വെള്ളാപ്പാറ ബോട്ട് ജെട്ടിയിൽ നിന്നാരംഭിക്കുന്ന യാത്രയിൽ ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെയും വൈശാലി ഗുഹയുടെയും കാഴ്‌ചയാണ് പ്രധാനം.
ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള ചരിത്രം സഞ്ചാരികൾക്ക് വിവരിച്ച് കൊടുക്കാൻ ഗൈഡും ഒപ്പമു ണ്ടാകും. 18 പേർക്ക് യാത്രചെയ്യാൻ കഴിയുന്ന ഒരു ബോട്ടാണ് ഇപ്പോൾ നിലവിലുള്ളത്. ഇടുക്കി പാക്കേജി ൽപെടുത്തി അനുവദിച്ച 10 സീറ്റിൻ്റെയും 18 സീറ്റിന്റെയും രണ്ട് ബോട്ടുകൾ ഉടൻ ലഭ്യമാകുമെന്ന് ഇടുക്കി ഫോറസ്റ്റ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. ആദിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായാണ് ഇതിൽനിന്ന് ലഭിക്കുന്ന വരുമാനം വിനിയോഗിക്കുന്നത്. ജീവനക്കാരും ആദിവാസികളാണ്.


