
സംസ്ഥാനത്ത് സ്വര്‍ണവില അതിൻ്റെ ഏറ്റവും ഉയർന്ന തോതിലെത്തി. ഇതുവരെയുള്ള റെക്കോർഡുകളെല്ലാം തകർക്കുന്നതാണ് ഇന്നത്തെ സ്വർണവില. ഉടന്‍ തന്നെ പവൻ്റെ വില 57,000 തൊടുമെന്ന് സൂചന നല്‍കിയാണ് സ്വര്‍ണവില ഇന്നും ഉയര്‍ന്നിരിക്കുന്നത്. 80 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,880 രൂപയായി ഉയര്‍ന്നാണ് പുതിയ ഉയരം കുറിച്ചിരിക്കുന്നത്. ഗ്രാമിന് പത്തുരൂപയാണ് ഉയര്‍ന്നത്. 7110 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം 56,800 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള മൂന്ന് ദിവസം കൊണ്ട് 400 രൂപ ഇടിഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ മുതല്‍ സ്വര്‍ണവില വീണ്ടും ഉയരുന്നതാണ് ദൃശ്യമാകുന്നത്. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തി കഴിഞ്ഞ ആഴ്ച മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറുകയാണ്.
സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ റെക്കോര്‍ഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ ഈ വർഷം 29 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്വര്‍ണത്തിന് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ഡിസംബറോടെ സ്വര്‍ണവില ഗ്രാമിന് 7550 രൂപയിലേക്കെത്തുമെന്നാണ് ആഗോള ഏജന്‍സിയായ ഫിച്ച് സൊലൂഷന്‍ വിലയിരുത്തുന്നത്.
നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. യുക്രൈന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത്. യുഎസ് തെരഞ്ഞെടുപ്പ് ഫലവും സ്വര്‍ണവിലയെ ബാധിച്ചേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ യുഎസ് ഡോളര്‍ നേട്ടം കൈവരിക്കുമെന്നും ഇത് സ്വര്‍ണവിലയെയും ബാധിക്കുമെന്നുമാണ് വിലയിരുത്തല്‍.
സ്വര്‍ണത്തിന്റെ വില വരും വര്‍ഷങ്ങളില്‍ കൂടുതൽ ഉയരത്തിലേയ്ക്ക് എത്തിയേക്കുമെന്നാണ് ഇക്ര റേറ്റിങ്സ് വിശകലനം ചെയ്യുന്നത്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങള്‍ സ്വര്‍ണത്തില്‍ കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ക്കിടയാക്കുമെന്നും, പലിശ നിരക്കുകള്‍ കുറയാന്‍ ഇടയാക്കുമെന്നുമാണ് വിലയിരുത്തല്‍. ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ സെന്‍ട്രല്‍ ബാങ്കില്‍ നിന്ന് കൂടുതല്‍ പര്‍ച്ചേസിങ് നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.





