HONESTY NEWS ADS

ഇന്ധന നികുതി ചുമത്തുന്നതിൽ കേരളം രാജ്യത്ത് രണ്ടാമത്; പെട്രോളിന് 30.08%, ഡീസലിന് 22.76%

രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന സംസ്‌ഥാനങ്ങളിൽ രണ്ടാം സ്‌ഥാനത്ത് കേരളം

രാജ്യത്ത് പെട്രോളിനും ഡീസലിനും ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന സംസ്‌ഥാനങ്ങളിൽ രണ്ടാം സ്‌ഥാനത്ത് കേരളം. ആന്ധ്രാപ്രദേശാണ് ഒന്നാമത്. പെട്രോളിന് 31% മൂല്യവർധിത നികുതി, ലീറ്ററിന് 4 രൂപ വാറ്റ്, ലീറ്ററിന് 1 രൂപ റോഡ് വികസന സെസ് എന്നിങ്ങനെയാണ് ആന്ധ്രയിൽ ചുമത്തുന്നത്. ഡീസലിനാകട്ടെ 22.25 % ആണ് മൂല്യവർധിത നികുതി. ലീറ്ററിന് 4 രൂപ വാറ്റ്, ലീറ്ററിന് 1 രൂപ റോഡ് വികസന സെസ് എന്നിവയും ചുമത്തുന്നുണ്ട്.


കേരളത്തിൽ പെട്രോളിന് 30.08 % വിൽപന നികുതി, ലീറ്ററിന് ഒരു രൂപ അധിക വിൽപന നികുതി, 1 ശതമാനം സെസ്, ലീറ്ററിന് രണ്ടു രൂപ സാമൂഹ്യസുരക്ഷാ സെസ് എന്നിങ്ങനെയാണ് ചുമത്തുന്നത്. ഡീസലിന് 22.76 % ആണ് വിൽപന നികുതി. ലീറ്ററിന് ഒരു രൂപ അധിക വിൽപന നികുതി, 1 ശതമാനം സെസ്, ലീറ്ററിന് രണ്ട് രൂപ സാമൂഹ്യസുരക്ഷാ സെസ് എന്നിവയും ചുമത്തുന്നുണ്ട്. പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്‌ടി പരിധിയിൽ കൊണ്ടുവരുന്നതിനെ കേരളം ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾ എതിർക്കുകയാണ്. ചരക്കുസേവന നികുതിയുടെ കീഴിൽ കൊണ്ടുവന്നാൽ പരമാവധി ചുമത്താവുന്ന നികുതി നിരക്ക് 28 % ആണ്. ആൻഡമാൻ നിക്കോബാൻ ദ്വീപുകളിൽ ഒരു ശതമാനമാണ് പെട്രോളിനും ഡീസലിനും നികുതി.


മദ്യത്തിൽനിന്നും ഇന്ധനത്തിൽനിന്നുമാണ് സംസ്‌ഥാനത്തിന് ഏറ്റവും കൂടുതൽ നികുതി വരുമാനം ലഭിക്കുന്നത്. ഇന്ധന നികുതി വരുമാനത്തിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ വർധനവാണ് ഉണ്ടായത്. 2021-22ൽ 9,424 കോടിയായിരുന്നു ഇന്ധന നികുതി എങ്കിൽ 2022-23ൽ അത് 11534.20 കോടിയായി. 2023-24ൽ സംസ്ഥാനത്തിന് പെട്രോൾ ഡീസൽ ഇനത്തിലെ നികുതി വരുമാനം 12126.12 കോടി രൂപയാണ്. 2022-23ൽ സംസ്‌ഥാത്ത് 24,35,400 കിലോ ലീറ്റർ പെട്രോളും 29,33,000 കിലോ ലീറ്റർ ഡീസലും വിറ്റഴിച്ചു. 2023-24ൽ പെട്രോൾ 24,86,900 കിലോ ലീറ്ററും ഡീസൽ 27,62,600 കിലോ ലീറ്ററും വിറ്റു. 2023 ഏപ്രിൽ 1 മുതൽ പെട്രോളിനും ഡീസലിനും സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയതു വഴി 2023-24ൽ 954.32 കോടി രൂപയും 2024 സെപ്റ്റംബർ 30 വരെ 442.04 കോടി രൂപയുമാണ് സംസ്‌ഥാനത്തിന് ലഭിച്ചത്


കേന്ദ്രസർക്കാർ 2021 നവംബറിൽ 13 രൂപയും 2022 മേയിൽ 16 രൂപയും സെൻട്രൽ എക്സൈസ് ഡ്യൂട്ടി കുറച്ചിരുന്നു. 2024 മാർച്ചിൽ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില ലീറ്ററിനു രണ്ടു രൂപ കുറയ്ക്കുകയും ചെയ്തു‌. എന്നാൽ കേരളം ഉൾപ്പെടെ പല സംസ്‌ഥാനങ്ങളും നികുതി കുറയ്ക്കാൻ തയാറായില്ല.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS