HONESTY NEWS ADS

 HONESTY NEWS ADS


രാഹുല്‍ മാങ്കൂട്ടത്തിലിനായി സന്ദീപ് വാര്യര്‍, പാലക്കാട് യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്തു

രാഹുല്‍ മാങ്കൂട്ടത്തിലിനായി സന്ദീപ് വാര്യര്‍, പാലക്കാട് യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്തു

കോണ്‍ഗ്രസ് പ്രവേശത്തിന് പിന്നാലെ പാലക്കാട് യുഡിഎഫ് പ്രചരണത്തില്‍ സജീവമായി സന്ദീപ് വാര്യര്‍. പാലക്കാട് നടന്ന യുഡിഎഫ് റോഡ് ഷോയില്‍ പങ്കെടുത്താണ് സന്ദീപ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. റോഡ് ഷോയിലേക്ക് എത്തിയ സന്ദീപ് വാര്യരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തോളിലേറ്റി സ്വീകരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിനൊപ്പം തുറന്ന വാഹനത്തില്‍ റോഡ് ഷോയുടെ ആദ്യാവസാനം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സന്ദീപ് വാര്യരും ചേര്‍ന്നു. വരും ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുവന്‍ സമയവും സന്ദീപ് പങ്കെടുക്കും.


ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ ഇന്ന് രാവിലെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്ള വേദിയില്‍വെച്ച് കെ സുധാകരന്‍ സന്ദീപ് വാര്യരെ ഷാള്‍ അണിയിച്ച് സ്വീകരിക്കുകയായിരുന്നു. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നാണ് സന്ദീപ് വാര്യര്‍ വ്യക്തമാക്കിയത്. ബിജെപി ഏകാധിപത്യ പ്രവണതയുള്ള സംഘടനയെന്നും ബിജെപിയില്‍ പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. ബിജെപി വിടാന്‍ കാരണം സുരേന്ദ്രനും സംഘവുമാണ്. ടെലിവിഷന്‍ ചര്‍ച്ചകളില്‍ നിന്നും ബിജെപി വിലക്കി. താന്‍ ബിജെപിയില്‍ നേരിട്ടത് ഒറ്റപ്പെടലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഇനി മുതല്‍ ഞാന്‍ കോണ്‍ഗ്രസിന്റെ സ്‌നേഹത്തിന്റെ കടയില്‍ തുടരും. കോണ്‍ഗ്രസിന്റെ ആശയമെന്നത് ഇന്ത്യയുടെ ആശയമാണെന്നും സന്ദീപ് പറഞ്ഞു.


ഉപതെരഞ്ഞെടുപ്പിന്റെ നിര്‍ണ്ണായകഘട്ടത്തില്‍ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യര്‍ കടുത്ത പ്രതിസന്ധി ബിജെപിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയില്‍ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതല്‍ ചൊടിപ്പിച്ചത്. നേരത്തെ ചില പരാതികളുടെ പേരില്‍ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രന്‍ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാന്‍ മുന്‍കയ്യെടുത്തത്. ഇതിന് ശേഷവും തന്നെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS