ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിൽ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ഡിസംബർ പതിനൊന്നോടെ ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറൻ ഉൾക്കടലിൽ ശ്രീലങ്ക - തമിഴ്നാട് തീരത്തിന് സമീപം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് തമിഴ്നാട്ടിൽ വീണ്ടുമൊരു ശക്തമായ മഴയ്ക്ക് കാരണമായേക്കാം.
ഡിസംബർ 11 ന് മയിലാടുംതുറൈ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, രാമനാഥപുരം ജില്ലകളിലാണ് കനത്ത മഴ മുന്നറിയിപ്പുള്ളത്. ഡിസംബർ 12ന് ചെങ്കൽപേട്ട്, വില്ലുപുരം, കടലൂർ, പുതുച്ചേരി തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഫിൻജാൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിലും പുതുച്ചേരിയിലും വലിയ നാശം വിതച്ചിരുന്നു. പിന്നാലെയാണ് ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടത്. തമിഴ്നാടിന് പുറമെ ആന്ധ്രാ പ്രദേശ്, ദക്ഷിണ കർണാടക, കേരളം, മാഹി എന്നിവിടങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡിസംബർ 13 വരെയാണ് നിലവിലെ മുന്നറിയിപ്പ്. കേരളത്തിൽ ഡിസംബർ 12ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.