
ഭാര്യയുടെയും ഭാര്യാ വീട്ടുകാരുടേയും പീഡനം ആരോപിച്ച് 34കാരനായ ഐടി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും ബന്ധുക്കളും അറസ്റ്റിൽ. തിങ്കളാഴ്ച ബെംഗളൂരുവിലെ മഞ്ജുനാഥേ ലേ ഔട്ടിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ അതുൽ സുഭാഷിന്റെ ഭാര്യ നികിത സിംഗാനിയ, മാതാവ്, സഹോദരൻ എന്നിവരെയാണ് വ്യത്യസ്ത ഇടങ്ങളിൽ നിന്ന് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റത്തിനാണ് അറസ്റ്റ്. ഹരിയാനയിലെ ഗുർഗ്രാമിൽ നിന്നാണ് നികിതയെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ഭാര്യാമാതാവ് നിഷയേയും ഭാര്യാ സഹോദരൻ അനുരാഗിനേയും ഉത്തർപ്രദേശിലെ അലഹബാദിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടിരിക്കുകയാണ്.