HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


തമിഴ്നാട്ടിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 3 വയസുകാരൻ അടക്കം 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

തമിഴ്നാട്ടിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 3 വയസുകാരൻ അടക്കം 7 പേർ മരിച്ചു

തമിഴ്നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തിൽ ഏഴു പേര്‍ മരിച്ചു. ഇന്ന് രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ദിണ്ടിഗൽ-തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ച ഏഴു പേരിൽ മൂന്നു വയസുള്ള ആണ്‍കുട്ടിയും ഉണ്ട്. ആറ് രോഗികള്‍ ലിഫ്റ്റിൽ കുടുങ്ങി.

മരിച്ച ഏഴു പേരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. തേനി സ്വദേശി സുരുളി (50), ഇദ്ദേഹത്തിന്‍റെ  ഭാര്യ സുബ്ബലക്ഷ്മി (45), മാരിയമ്മാൾ (50) , മാരിയമ്മാളിന്‍റെ മകൻ മണി മുരുഗൻ (28), രാജശേഖർ (35) എന്നിവരാണ് മരിച്ച അഞ്ചുപേര്‍. മൂന്നു വയസുകാരനടക്കം മറ്റു മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തെ തുടര്‍ന്ന് മന്ത്രി ഐ പെരിയസാമി സ്ഥലത്തെത്തി. അതേസമയം, ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ലിഫ്റ്റിൽ കുടുങ്ങിയ ആറുപേരെയും പുറത്തെത്തിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.


സ്ഥലത്തേക്ക് കൂടുതൽ ഫയര്‍ഫോഴ്സും ആംബുലന്‍സുകളും എത്തിച്ചിട്ടുണ്ട്. 100ലധികം രോഗികള്‍ക്ക് കിടത്തി ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയിലാണ് സംഭവം. തീപിടിത്തമുണ്ടായപ്പോള്‍ നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ആശുപത്രിയിലുണ്ടായിരുന്നവരെ രോഗികളെ മുഴുവൻ രാത്രി 11.30ഓടെ പുറത്തെത്തിച്ചു. 50ലധികം ആംബുലന്‍സുകളാണ് ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സുകളിലായി രോഗികളെ മുഴുവൻ രാത്രി വൈകി മറ്റു ആശുപത്രികളിലേക്ക് മാറ്റി.


നാലു നിലകളിലുള്ള ആശുപത്രിയിലെ താഴത്തെ നിലയിലാണ് ആദ്യം തീ പിടിച്ചത്. തീ പടരാനുള്ള കാരണം വ്യക്തമല്ല. താഴത്തെ നിലയിൽ നിന്ന് തീയും പുകയും മുകളിലേക്ക് ഉയരുകയായിരുന്നു.  മരിച്ച ഏഴുപേരിൽ മൂന്നു പേര്‍ സ്ത്രീകളാണ്. രാത്രി 11.30ഓടെ ആശുപത്രിയിൽ കുടുങ്ങിയ എല്ലാ രോഗികളെയും പുറത്തെത്തിച്ചെന്ന് എസ്‍പി മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ പൊള്ളലേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്.. 28 പേര്‍ക്കാണ് പൊള്ളലേറ്റത്. ഇവര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടരാനുണ്ടായ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.