HONESTY NEWS ADS

 HONESTY NEWS ADS


'യുദ്ധത്തിന് തയ്യാറായിരിക്കാൻ നിർദേശം ലഭിച്ചു'; ഏതുനിമിഷവും കൊണ്ടുപോകുമെന്ന് റഷ്യയിൽ അകപെട്ട തൃശൂർ സ്വദേശികൾ

ഏതുനിമിഷവും യുദ്ധമുഖത്തേക്ക് കൊണ്ടുപോകാമെന്നും അറിയിച്ച് കൊണ്ട് റഷ്യയിൽ അകപ്പെട്ട തൃശൂര്‍ സ്വദേശികളുടെ വീഡിയോ

യുദ്ധത്തിന് തയ്യാറായിരിക്കാൻ നിര്‍ദേശം ലഭിച്ചുവെന്നും ഏതുനിമിഷവും യുദ്ധമുഖത്തേക്ക് കൊണ്ടുപോകാമെന്നും അറിയിച്ച് കൊണ്ട് റഷ്യയിൽ അകപ്പെട്ട തൃശൂര്‍ സ്വദേശികളുടെ വീഡിയോ സന്ദേശം. ഏതുനിമിഷവും എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണെന്നാണ് യുവാക്കള്‍ അറിയിച്ചിരിക്കുന്നത്. വാട്സ് ആപ്പ് കോൾ വഴിയാണ് ഇന്ന് ഉച്ചയ്ക്കുശേഷമാണ് തൃശൂര്‍ കുറാഞ്ചേരി സ്വദേശികളായ ബിനിലും ജയിനും കുടുംബത്തിനോട് സംസാരിച്ചത്.


യുദ്ധത്തിന് തയ്യാറായി ഇരിക്കാൻ നിർദേശം ലഭിച്ചുവെന്നാണ് അവര്‍ പറഞ്ഞതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന സംഘത്തിലെ റഷ്യൻ പൗരന്മാരെ യുദ്ധമുഖത്തേക്ക് കൊണ്ടുപോയെന്നും അടുത്ത നാലു പേരിൽ നിങ്ങളും ഉണ്ടാകും എന്നാണ് ലഭിച്ച നിർദേശമെന്നും ബിനിലും ജയിനും വീട്ടുകാരോട് പറഞ്ഞു. തിരിച്ച് വരാൻ കഴിയുമോ എന്നറിയില്ലെന്നും സാധനങ്ങൾ നിങ്ങളെ ഏൽപ്പിക്കുന്നുവെന്നും, യുദ്ധമുഖത്തേക്ക് കൊണ്ടുപോയ റഷ്യൻ പൗരന്മാർ പറയുന്ന വീഡിയോ സന്ദേശവും കുടുംബത്തിന് അയച്ചു. 


ഇരുവരെയും ജോലിക്കെന്ന് പറഞ്ഞ് റഷ്യയിൽ എത്തിച്ച ശേഷം യുദ്ധരംഗത്തേക്ക് അയച്ചെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച സന്ദേശം. വീട്ടുകാരുടെ പരാതിയില്‍ മോചനത്തിനായി എംബസി മുഖാന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. റഷ്യയിൽ കുടുങ്ങിയ തൃശൂർ കുറാഞ്ചേരി സ്വദേശികളായ ജെയിന്‍റെയും ബിനിലിന്‍റെയും മോചനത്തിനായി അധികാരികളുമായി ഇടപെട്ടു. ശനിയാഴ്ച രാത്രിയാണ് ബന്ധുക്കളുടെ അപേക്ഷ ലഭിച്ചത്. ഇന്നലെ തന്നെ എംബസ്സിക്ക് ഇതുസംബന്ധിച്ച് കത്തയച്ചു. ഇതില്‍ അവരുടെ മറുപടി ലഭിക്കണമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. മോചനത്തിനായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി നോർക്ക സിഇഒ അജിത്ത് കോളശേരിയും അറിയിച്ചു.


മനുഷ്യക്കടത്തിന് ഇരയായ ഇവര്‍ റഷ്യയിൽ അകപ്പെട്ടിട്ട് 8 മാസം കഴിഞ്ഞു. കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലേക്ക് പോയത്. ഇലക്ട്രീഷ്യൻ ജോലി എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. പിന്നെയാണ് അവിടെ പെട്ടുകിടക്കുകയാണെന്ന് മനസിലായത്. അവിടുത്തെ മലയാളി ഏജന്‍റ് കബളിപ്പിച്ചാണ് ഇരുവരെയും കൂലിപ്പട്ടാളത്തിനൊപ്പം അകപ്പെടുത്തിയത്. എത്രയും വേഗം ഇവരെ നാട്ടിലെത്തിച്ചില്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കുമോയെന്ന ഭീതിയിലാണ് ഇരുവരുടെയും കുടുംബം.


നാല് മാസമായി മന്ത്രിമാർക്കും എംപിമാർക്കുമെല്ലാം ഇരുവരുടെയും കുടുംബം അപേക്ഷ നൽകുന്നു. നോർക്കയുമായി ബന്ധപ്പെട്ടപ്പോൾ അവർ നിസ്സഹായരാണെന്നാണ് പറയുന്നത്. വരും, വിഷമിക്കരുത് എന്ന ആശ്വാസ വാക്ക് മാത്രമാണ് ലഭിക്കുന്നതെന്ന് ഇരുവരുടെയും ബന്ധുക്കൾ പറയുന്നു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS