
ഏഴു പതിറ്റാണ്ടിലേറെ മലയാളത്തിന്റെ വാക്കും വെളിച്ചവുമായി നിറഞ്ഞ അക്ഷര സുകൃതം എം.ടി വാസുദേവൻ നായർക്ക് കേരളത്തിന്റെ പ്രണാമം. കേരളീയ ജീവിത പരിണാമത്തെ തൂലികയിലേക്ക് ആവാഹിച്ച പ്രതിഭക്ക് യാത്രാമൊഴിയേകാനൊരുങ്ങുകയാണ് കേരളം. കോഴിക്കോട് കൊട്ടാരം റോഡിലെ സ്വന്തം വീട് 'സിത്താര'യിൽ വൈകിട്ട് 4 മണി വരെ അന്തിമോപചാരം അർപ്പിക്കാം. എംടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഇല്ലാതെയാകും അവസാന യാത്ര. സംസ്കാരം 5 മണിക്ക് ഔദ്യോഗിക ബഹുമതികളോടെ മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
91 ആം വയസിൽ വിടവാങ്ങിയ ഭാഷയുടെ കുലപതിക്ക് കേരളം അന്ത്യാഞ്ജലി അർപ്പിക്കുകയാണ്. കോഴിക്കോട് കൊട്ടാരം റോഡിലെ 'സിതാര'യിൽ ഇന്ന് പകൽ മുഴുവൻ അന്ത്യോപചാരം അർപ്പിക്കാം. ഉറ്റ ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക സാംസ്‌കാരിക ചലച്ചിത്ര പ്രവർത്തകരും അടക്കം ആയിരങ്ങളാണ് അവസാനമായി അദ്ദേഹത്തെ ഒരുനോക്ക് കാണാൻ 'സിതാര'യിലേക്ക് എത്തുന്നത്. പുലർച്ചെ 5 മണിയോടെ നടൻ മോഹൻലാൽ 'സിത്താര'യിലെത്തി പ്രിയ എഴുത്തുകാരന് ആദരമർപ്പിച്ചു. ബന്ധുക്കളെ ആശ്വസിപ്പിച്ച മോഹൻലാൽ, ഇരുവരും തമ്മിലുള്ള ഹൃദയബന്ധം ഓർത്തെടുത്തു. എംടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായെന്ന് മോഹൻലാൽ അനുസ്മരിച്ചു. എംടിയുടെ പ്രിയ സംവിധായകൻ ഹരിഹരനും വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു.
ഔദ്യോഗിക ദുഃഖാചരണം
എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റി. കെപിസിസിയും 2 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.
ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് പത്തു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലിരിക്കെയാണ് എംടി വാസുദേവൻ നായരുടെ വിയോഗം. ഈ മാസം 15 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഹൃദയാഘാതമാണ് മരണ കാരണം. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു.