HONESTY NEWS ADS

രാത്രി കഴിഞ്ഞത് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ, പുലർച്ചെയും വൈദ്യപരിശോധന; ന്യായീകരണം തുടർ‍ന്ന് ബോബി ചെമ്മണ്ണൂർ

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ 11 മണിയോടെ എറണാകുളം സിജെഎം കോടതിയിലാണ് ഇദ്ദേഹത്തെ ഹാജരാക്കുക. ഇന്നലെ രാത്രി 11.45 ഓടെ വൈദ്യ പരിശോധന പൂർത്തിയാക്കിയ ശേഷം ബോബി ചെമ്മണ്ണൂർ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് രാത്രി ചിലവഴിച്ചത്. ഇദ്ദേഹത്തെ പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. 


രാത്രിയിൽ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെങ്കിലും ബോബി ചെമ്മണ്ണൂ‍ർ സ്വയം ന്യായീകരിക്കുകയായിരുന്നു. തനിക്ക് കുറ്റബോധമില്ലെന്നും മോശമായൊന്നും പറഞ്ഞില്ലെന്നുമാണ് അദ്ദേഹത്തിൻ്റെ നിലപാട്. കുന്തി പരാമർശം നടിയെ അവഹേളിക്കാനല്ലെന്നും വേദിയിൽ പെട്ടെന്ന് പറഞ്ഞതാണെന്നും ബോബി പൊലീസിനോട് പറഞ്ഞു. അതേസമയം ബോബി ചെമ്മണ്ണൂർ നടത്തിയ സമാന പരാമർശങ്ങളുടെ ദൃശ്യങ്ങൾ ഡിജിറ്റൽ തെളിവുകളായി കോടതിയിൽ ഹാജരാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.


ബോബി ചെമ്മണ്ണൂരിന്റെ ഫോൺ അടക്കം പിടിച്ചെടുത്ത അന്വേഷണസംഘം ഇദ്ദേഹത്തെ വിശദമായി ചോദ്യം ചെയ്തു. സ്ഥിരമായി ഉപയോഗിച്ചിരുന്ന ഐഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് പോലീസിന്റെ തീരുമാനം. ഇന്നലെ രാവിലെ പത്തരയോടെയാണ് വയനാട് മേപ്പാടിയിലെ റിസോർട്ട് വളപ്പിൽ വെച്ച് ബോബി ചെമ്മണ്ണൂരിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. വൈകിട്ട് 7 മണിയോടെ എറണാകുളത്ത് എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.              

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS