കഞ്ചാവ് കടത്തി കൊണ്ടുവന്ന് വില്‍പ്പന നടത്തുന്ന രണ്ടുപേരെ ഇടുക്കി ജില്ലയിൽ നിന്നും പുറത്താക്കി. ഇടുക്കി രാജാക്കാട്, ചെരുപുറം സ്വദേശി രുക്‌മണി നിവാസ് വീട് അഭിജിത്ത് (31), ചെറുതോണി ഗാന്ധിനഗർ കോളനി സ്വദേശി, കാരക്കാട്ട് പുത്തൻ വീട്, അനീഷ് പൊന്നു (36) എന്നിവരെ 2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പാ) പ്രകാരം ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഒരു വർഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
14 -ഉം, 10.5 ഉം കിലോ ഗ്രാം ഉണക്ക കഞ്ചാവ് കൊണ്ടുപോകുകയും, വീട്ടില്‍ സൂക്ഷിക്കുകയും ചെയ്ത കുറ്റത്തിന് ഇടുക്കി എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ്. ഇവർ ഇടുക്കി ജില്ലയിൽ നിരന്തരം കഞ്ചാവ് കടത്തി കൊണ്ടുവന്ന് വില്‍പ്പന നടത്തി യുവതലമുറയുടെ ഭാവിയ്ക്ക് ഭീഷണിയായി പ്രവര്‍ത്തിച്ചതുകൊണ്ട് തുടർന്നും ഇടുക്കി ജില്ലയില്‍ കുറ്റകൃത്യങ്ങളിൽ നിന്നും ഇവരെ തടയുന്നതിനായി ആണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജില്ലയില്‍ പതിവായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പോലീസ് നിരീക്ഷിച്ചു വരുകയാണ്. ഇത്തരക്കാര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.