കുവൈത്തിൽ അഞ്ച് ദിവസത്തിനിടെ 505 നിയമലംഘകരെ നാടുകടത്തി. ജനുവരി 19 മുതൽ 23 വരെ നീണ്ട 24 സുരക്ഷാ പരിശോധനകളിൽ 461 നിയമലംഘകരെ അറസ്റ്റ് ചെയ്യുകയും 505 പേരെ നാടുകടത്തുകയും ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്റെ നിർദേശപ്രകാരം രാജ്യവ്യാപകമായി സുരക്ഷ നിലനിർത്തുന്നതിനും നിയമലംഘകരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ക്യാമ്പയിനുകൾ തുടരുന്നത്.
അതേസമയം കുവൈത്തില്‍ മദ്യനിര്‍മ്മാണവും വില്‍പ്പനയും നടത്തിയ പ്രവാസിയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. സബാഹ് അൽ അഹ്മദ് റെസിഡൻഷ്യൽ ഏരിയയിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. മദ്യം, മദ്യ നിർമാണ ഉപകരണങ്ങൾ, പണമുൾപ്പെടെയുള്ള തെളിവുകൾ എന്നിവ പിടിച്ചെടുത്തു. പ്രതിയെ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടാനായി അന്വേഷണം തുടരുകയാണ്. പിടിച്ചെടുത്ത മദ്യവും മറ്റ് തെളിവുകളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.